Connect with us

Gulf

ദുബൈയെ പൂന്തോട്ട നഗരമാക്കാന്‍ നഗരസഭ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായി ദുബൈയെ പൂന്തോട്ട നഗരമാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. ഹരിത മേഖല കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചുകൊണ്ടാവും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

2020 ആവുമ്പോഴേക്കും മരുനഗരമായ ദുബൈയെ പൂന്തോട്ട നഗരമായി മാറ്റിയെടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിനാണ് ദുബൈ നഗരസഭയെന്ന് പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോട്ടികള്‍ച്ചര്‍ ഡിപാര്‍ട്ടമെന്റ് ഡയറക്ടര്‍ താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ വ്യക്തമാക്കി. അയല്‍ രാജ്യങ്ങളില്‍ നിന്നും സമീപ എമിറേറ്റുകളില്‍ നിന്നും ദുബൈയിലേക്ക് നയിക്കുന്ന റോഡുകളുടെ അരികുകളെല്ലാം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കും. ഇതിനായി വിവിധ ഇനം പൂക്കളുടെ വിത്തുകളും ചെടികളും നഗരത്തില്‍ വ്യാപകമായി നടും.
നഗരത്തിന്റെ കലാവസ്ഥയോട് യോജിക്കുന്ന ചെടികള്‍ക്കാവും മുന്‍ഗണന നല്‍കുക.
ഈ വര്‍ഷം നഗരത്തില്‍ മൂന്നു കോടി പൂമരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചതായി കഴിഞ്ഞ മാസം നഗരസഭ വ്യക്തമാക്കിയത്് ഡയറക്ടര്‍ അനുസ്മരിച്ചു. നഗരത്തില്‍ പരമാവധി ഉദ്യാനങ്ങള്‍ സ്ഥാപിക്കാന്‍ പരിശ്രമിക്കും. ഇവ നഗരത്തിലേക്ക് സന്ദര്‍ശകരായി എത്തുന്നവര്‍ക്കും നഗരവാസികള്‍ക്കും ഒരേപോലെ ആനന്ദത്തിനും വിശ്രമത്തിനും സഹായകമായിരിക്കും. നിലവിലെ ഉദ്യാനങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഉദ്യാനങ്ങളിലേക്ക് ആളുകളെ ആഘര്‍ഷിക്കാന്‍ വര്‍ണാഭമായ പരിപാടികള്‍ ആവിഷ്‌ക്കരിക്കും. വിനോദങ്ങള്‍ക്കായി എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഈ നടപടി.
നഗരത്തിന്റെ പ്രധാന മേഖലകളെ മനോഹരമായ പൂക്കളാല്‍ അലംകൃതമാക്കും. ഇത് എക്‌സ്‌പോക്കായി നഗരത്തിലേക്ക് ഒഴുകിയെത്തുന്ന സന്ദര്‍ശകര്‍ക്ക് നയനാന്ദകരമായ കാഴ്ചയായി മാറും. പൊതുജനങ്ങളുമായി സംവദിക്കുന്ന ഫോണ്‍ ഇന്‍ പരിപാടിക്കും തുടക്കംകുറിച്ചിട്ടുണ്ട്. ലീഡേഴ്‌സ് ഓണ്‍ എയര്‍ എന്ന പേരിലുള്ള പരിപാടിയില്‍ ഭരണാധികരികള്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തും. പൊതുജനങ്ങള്‍ക്ക് നഗരവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെക്കുറിച്ച് അറിയാനും ഇത് സഹായിക്കും.
ഫോണ്‍ ഇന്‍ പരിപാടിയില്‍ നഗരസഭയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരപാടികളിലൂടെ നഗരത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിയാന്‍ പൊതുജനത്തിന് സാധിക്കും. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതിന് ആനുപാതികമായി ഉദ്യനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മെച്ചെപ്പെടുത്താനാണ് പരിശ്രമിക്കുന്നത്. അടുത്ത വര്‍ഷം ഒമ്പത് പുതിയ ഉദ്യനങ്ങള്‍ നഗരത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest