ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; മാനന്തവാടി- പനമരം- കല്‍പ്പറ്റ റൂട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഓടിയില്ല

Posted on: December 16, 2013 12:26 pm | Last updated: December 16, 2013 at 12:26 pm

കമ്പളക്കാട് :’ടൗണിലെ ബസ് സ്‌റ്റോപ്പുകളെ സംബന്ധിച്ചുള്ള വിവാദങ്ങളുടെ തുടര്‍ച്ചയായി ഒരു സംഘം ആളുകള്‍ ഇന്നലെ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചമുതല്‍ മാനന്തവാടി- പനമരം- കല്‍പ്പറ്റ റൂട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഓടിയില്ല. പോലീസ് നടപടി സ്വീകരിക്കാന്‍ മടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്കു പുറപ്പെട്ട ടൗണ്‍ ടു ടൗണ്‍ ബസിന്റെ ഡ്രൈവര്‍ മാനന്തവാടി സ്വദേശി സനീഷി (34)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബസ് സ്റ്റാന്റ് വളരെ ഇടുങ്ങിയതായതിനാല്‍ ഇവിടെ ബസുകള്‍ കയറിയിരുന്നില്ല. വളരെ നാളുകളായി കമ്പളക്കാട് ടൗണില്‍ നിറുത്തിയാണ് ബസുകള്‍ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഇതിനിടയില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്ന പേരില്‍ ബസ് സ്റ്റാന്റിനു മുമ്പില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറ്റണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയിലെ ചില ആളുകളുടെയും മറ്റ് ചില രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദഫലമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് പറയപ്പെടുന്നു. ബസ് സ്റ്റാന്റില്‍ മാത്രം ബസുകള്‍ നിറുത്തിയാല്‍ മതിയെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനൗദ്യോഗികമായി മുകളില്‍ നിന്നു ലഭിച്ച നിര്‍ദേശമെന്ന് അറിയുന്നു. ഇതേ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ബസ് സ്റ്റാന്റില്‍ മാത്രം നിറുത്തുകയും ടൗണില്‍ നിന്ന് ആളെ കയറ്റുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ജനകീയ സമരസമിതി രംഗത്തെത്തിയതോടെയാണ് കയ്യാങ്കളിയുണ്ടായത്.
കമ്പളക്കാട് ടൗണിലെ ബസ് സ്‌റ്റോപ്പുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം പഞ്ചായത്തോ പോലീസോ നല്‍കിയിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബസ് സ്റ്റാന്റ് ടൗണില്‍ നിന്നും ഏറെ അകലെയായതിനാല്‍ ഇവിടെ യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ടൗണില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ബസുകള്‍ നിറുത്തണമെന്നാണ് ഭൂരിഭാഗം യാത്രക്കാരുടെയും അഭിപ്രായം. ബസ് സ്റ്റാന്റ് പരിസരത്ത് കച്ചവട സ്ഥാപനങ്ങളുണ്ട്. ഈ ഭാഗത്തെ വികസനം മുന്നില്‍ കണ്ടാണ് ബസ് സ്റ്റാന്റില്‍ ബസുകള്‍ പ്രവേശിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നത്. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ദീര്‍ഘവീക്ഷണമില്ലാതെ ബസ് സ്റ്റാന്റ് നിര്‍മിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതിയാണെന്നാണ് നിഷ്പക്ഷമതികളായ നാട്ടുകാരുടെ വിലയിരുത്തല്‍. രണ്ടു ബസുകള്‍ക്ക് ഒരുമിച്ച് പ്രവേശിക്കാന്‍ പറ്റാത്ത വിധം ഇടുങ്ങിയതാണ് ബസ് സ്റ്റാന്റ്. ഇത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബസ് സ്റ്റാന്റ് നിര്‍മിച്ചത്. ഏറെ നാള്‍ ബസ് സ്റ്റാന്റ് കാടുപിടിച്ചു കിടന്നിരുന്നു. ഇതിനിടയില്‍ ഒന്നര വര്‍ഷം മുമ്പ് ബസ് സ്റ്റാന്റില്‍ ബസുകള്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. അന്നും ബസ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടിരുന്നു. സ്ഥല സൗകര്യമില്ലാതെ ബസ് സ്റ്റാന്റ് നിര്‍മിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ച ചിലരാണ് ഇപ്പോള്‍ ബാലിശമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. ജില്ലയിലെ മറ്റു സ്ഥലങ്ങളിലുളള യാത്രക്കാര്‍ക്കും ടൗണില്‍ ബസുകള്‍ നിറുത്തുന്നതിനോടാണ് താല്‍പര്യം. കാരണം ബസ് സ്റ്റാന്റില്‍ ഇറങ്ങിയാല്‍ അവിടെ നിന്ന് ടൗണിലേക്ക് ഏറെദൂരം നടക്കണം. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലിയില്‍ വലയുന്നത് യാത്രക്കാരാണ്. സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത്, നിക്ഷിപ്ത താല്‍പര്യങ്ങള്‍ മാറ്റി നിറുത്തി പകരം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ബസ് സ്‌റ്റോപ്പുകള്‍ ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇതിനിടയില്‍, ബസ് ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് കമ്പളക്കാട് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ടൗണില്‍ ബസുകള്‍ നിറുത്താത്തതിനെതിരേ സമരം നടത്തിവരുന്ന ജനകീയ സമിതിക്കാരെ ഡ്രൈവര്‍ വാഹനമോടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഇവര്‍ ആരോപിച്ചു. യോഗത്തില്‍ കടവന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.