പ്രപഞ്ചം തകര്‍ച്ചയുടെ വക്കിലെന്ന് ശാസ്ത്രജ്ഞര്‍

Posted on: December 16, 2013 5:55 am | Last updated: December 16, 2013 at 1:00 am

universeലണ്ടന്‍: പ്രപഞ്ചം തകര്‍ച്ചയുടെ വക്കിലാണെന്നും ആ തകര്‍ച്ചക്കു ശേഷം ഭൂമി അടക്കമുള്ള ഗ്രഹങ്ങള്‍ ചുരുങ്ങി പന്തിന്റെ വലിപ്പമുള്ള തീ ഗോളമായി മാറുമെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പ്രപഞ്ചത്തിന്റെ തകര്‍ച്ച ലോകത്തിന്റെ ഏതോ ഒരു കോണില്‍ ആരംഭിച്ചു കഴിഞ്ഞതായും ദക്ഷിണ ഡെന്‍മാര്‍ക്ക് സര്‍വകലാശാലയിലെ ശാസത്രജ്ഞര്‍ വ്യക്തമാക്കുന്നു.
പ്രപഞ്ചം ഒരു നാള്‍ തകരുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണെന്നും എന്നാല്‍ തകര്‍ച്ചയുടെ തോത് ഇത്രയേറെ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നേരത്തേ കണക്കു കൂട്ടിയതിലും പതിന്മടങ്ങ് വലുതായിരിക്കും പ്രപഞ്ചത്തിന്റെ തകര്‍ച്ചയെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന.
പ്രപഞ്ചത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ പെട്ടെന്നോ ക്രമേണയോ ഉണ്ടാകുന്ന മാറ്റങ്ങള്‍ സൗരയൂഥത്തെയും ഗ്യാലക്‌സിയെയും ഇപ്പോഴുള്ളതിന്റെ കോടിക്കണക്കിന് ഭാരമുള്ളവയാക്കി മാറ്റും. അപ്രതീക്ഷിതമായ ഈ മാറ്റം ഗ്രഹങ്ങള്‍ അടക്കമുള്ളവയെ ഞെക്കിഞെരുക്കി തീഗോളത്തിന് സമാനമാക്കി മാറ്റുമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഈ പ്രതിഭാസത്തെ ഫേസ് ട്രാന്‍സിഷന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.