Connect with us

Gulf

സ്വര്‍ണക്കടത്ത്: അന്വേഷണം മസ്‌കത്തിലേക്കും

Published

|

Last Updated

മസ്‌കത്ത്: ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്രക്കാരനില്‍നിന്നും ഒരു കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം മസ്‌കത്തിലേക്കും നീളുന്നു. മസ്‌കത്തില്‍ നിന്നും മുംബൈ വഴി പോയ യാത്രക്കാരനാണ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 30 ലക്ഷം രൂപ വിലയുള്ളതായിരുന്നു പിടികൂടിയ സ്വര്‍ണം.
മസ്‌കത്തില്‍ നിന്നും മുംബൈ വഴി പോയ ശൈഖ് അല്‍താഫ് മഹിന്‍ എന്നയാളില്‍നിന്നുമാണ് പൊടി രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തതെന്ന് ഹൈദരബാദ് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് കവര്‍ കൊണ്ടും അലുമിനിയം ഫോയില്‍ കൊണ്ടും പൊതിഞ്ഞ് ബേഗില്‍ വ്യത്യസ്ത ഭാഗങ്ങളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ആദ്യ പരിശോധയില്‍ കാപ്പിപ്പൊടിയാണെന്നാണ് പ്രതി നല്‍കിയ വിശദീകരണം. എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സ്വര്‍ണമാണെന്നു കണ്ടെത്തിയത്.
അടുത്ത കാലത്തായി ഗള്‍ഫ് നാടുകളില്‍നിന്നുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അവയിലേറെയും ദുബൈയില്‍നിന്നാണ് കൊണ്ടു പോയിരുന്നത്. ദുബൈയില്‍നിന്നുള്ള സ്വര്‍ണക്കടത്ത് കേരളത്തില്‍ പ്രമാദമായ കേസായി നിലനില്‍ക്കുന്നതിനിടെ വീണ്ടും കൊച്ചി, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. എന്നാല്‍, മസ്‌കത്തില്‍നിന്നുള്ള സ്വര്‍ണ കടത്ത് അപൂര്‍വമാണ്. ആഭരണമോ നാണയമോ അല്ലാതെ പൊടി രൂപത്തില്‍ കൊണ്ടുപോയത് ആസൂത്രിതമായ കള്ളക്കടത്തിന്റെ സൂചനയായാണ് പോലീസ് കരുതുന്നത്. ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം പോലീസ് ആരംഭിച്ചതായി വാര്‍ത്തകള്‍ പറയുന്നു.
ഇന്ത്യയില്‍ സ്വര്‍ണ ലഭ്യത കുറഞ്ഞതും വില വര്‍ധിച്ചതുമാണ് കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണമായതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. നികുതിയടച്ച് കൊണ്ടു പോയാല്‍ പോലും പലപ്പോഴും നഷ്ടം വരാത്ത രീതിയിലാണ് ഇന്ത്യയിലെ സ്വര്‍ണ വിലയിലെ ഉയര്‍ച്ചയും ലഭ്യതക്കുറവും. സ്വര്‍ണക്കടത്ത് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പേ ഗള്‍ഫില്‍ നിന്നും പോകുന്നവര്‍ അണിയുന്ന സ്വര്‍ണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. പ്രവാസികളുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്ന കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഇളവു വരുത്തിയത്.
സ്വര്‍ണക്കടത്തു സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ എയര്‍പോര്‍ട്ടില്‍ വീണ്ടും പരിശോധന ശക്തമാക്കിയിട്ടുണ്ട്.