ജയചന്ദ്രന്‍ ജീവിതം തത്വശാസ്ത്രമാക്കിയ പത്രപ്രവര്‍ത്തകന്‍: ജോയി മാത്യു

Posted on: December 15, 2013 7:00 am | Last updated: December 15, 2013 at 7:00 am

കല്‍പറ്റ: സ്വന്തം ജീവിതം തന്നെ തത്വശാസ്ത്രമാക്കുകയും പത്രപ്രവര്‍ത്തനം എന്നാല്‍ സാമൂഹികമായ ഇടപെടലാണെന്നും തെളിയിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു കെ ജയചന്ദ്രനെന്ന് സംവിധായകനും നടനുമായ ജോയി മാത്യു പറഞ്ഞു.
കല്‍പറ്റയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫോര്‍ത്ത് ഫ്രെയിമും ജയചന്ദ്രന്‍ സുഹൃത് സംഘവും സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതു മനുഷ്യനെയും മനുഷ്യനായി കാണാന്‍ ജയചന്ദ്രന് സാധിച്ചു.
അതുകൊണ്ടാണ് ഇന്നും ജയചന്ദ്രന്റെ സ്മരണ സജീവമാകുന്നത്. മരിച്ചിട്ടും ജീവിക്കുന്നതുപോലെ -ജോയി മാത്യു പറഞ്ഞു.
പത്രപ്രവര്‍ത്തകന്റെ പ്രതിബദ്ധത എന്ന വിഷയം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ അവതരിപ്പിച്ചു. പത്രപ്രവര്‍ത്തനം എന്തായിരിക്കണമെന്ന ചരിത്രപരമായ ദൗത്യമാണ് ജയചന്ദ്രന്‍ ജീവിതാവസാനം വരെ നിര്‍വഹിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി സുരേഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ സുരേന്ദ്രന്‍ സംസാരിച്ചു. എം കെ രാമദാസ് സ്വാഗതവും സന്ദീപ് തോമസ് നന്ദിയും പറഞ്ഞു.