Connect with us

Gulf

വിദ്യാലയങ്ങള്‍ അടച്ചു; പ്രവാസികുടുംബങ്ങള്‍ നാട്ടിലേക്ക്‌

Published

|

Last Updated

ഷാര്‍ജ: മൂന്നാഴ്ചയിലേറെയുള്ള ശൈത്യകാല അവധിക്കായി വിദ്യാലയങ്ങള്‍ അടച്ചതോടെ പ്രവാസികള്‍ കുടുംബത്തോടെ നാട്ടിലേക്കുള്ള ഒരുക്കത്തില്‍. കഴിഞ്ഞ ദിവസമാണ് എമിറേറ്റിലെ വിദ്യാലയങ്ങള്‍ അടച്ചത്.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് ജനുവരി അഞ്ചിനാണ് ഇനി സ്‌കൂള്‍ തുറക്കുക. 25 ദിവസത്തോളമാണ് ഇത്തവണത്തെ ശൈത്യകാല അവധി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച കൂടുതല്‍ അവധി ലഭിക്കും.
കഴിഞ്ഞ വര്‍ഷം ഡിസം. 19നായിരുന്നു സ്‌കൂളുകള്‍ അടച്ചത്. അവധിദിനങ്ങള്‍ കൂടുതല്‍ ലഭിച്ചതോടെ അത് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടുമെന്ന് തീര്‍ച്ച. അതേസമയം വിമാന ടിക്കറ്റ് ദൗര്‍ലഭ്യവും വര്‍ധിച്ച നിരക്കും പല കുടുംബങ്ങളെയും വിഷമത്തിലാക്കിയിരിക്കയാണ്. നിലവിലുണ്ടായിരുന്ന നിരക്കിന്റെ രണ്ടിരട്ടി കൊടുത്താലും സീറ്റ് കിട്ടുന്ന കാര്യം പ്രയാസമാണ്.
ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്കും മംഗലാപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. വണ്‍ വേ ടിക്കറ്റിനും വര്‍ധിച്ച നിരക്കാണ് ഈടാക്കുന്നത്.

Latest