Connect with us

Kerala

കാറ്റിന്റെ ഗതി മാറുന്നു; കേരളത്തില്‍ ഇനി കുളിരു കൂടും

Published

|

Last Updated

കണ്ണൂര്‍: വടക്കുനിന്നുള്ള ശൈത്യക്കാറ്റിന്റെ ഗതി മാറി വരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ കേരളത്തില്‍ ഇക്കുറി കുളിരു കൂടിയേക്കുമെന്ന് കാലാവസ്ഥാ ഗവേഷകര്‍. ഏതാനും ദിവസങ്ങള്‍ക്കകം മേഘാവൃതമായ അന്തരീക്ഷം പൂര്‍ണമായി മാറുന്നതോടെ ശൈത്യക്കാറ്റ് വടക്കുനിന്ന് തടസ്സങ്ങളില്ലാതെയെത്തുന്നതാണ് സംസ്ഥാനത്ത് തണുത്ത കാലാവസ്ഥക്കിടയാക്കുക. വടക്കേ ഇന്ത്യയില്‍ ശൈത്യകാലാവസ്ഥയുടെ കാഠിന്യം കൂടി വരുന്നുണ്ട്. മൈനസ് 97 ഡിഗ്രി സെല്‍ഷ്യസുള്ള അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ശീതക്കാറ്റിന്റെ ദിശ മാറിവരുന്നതാണ് വടക്കേ ഇന്ത്യയിലെ അതിശൈത്യത്തിനിടയാക്കുന്ന ഒരു ഘടകം. വടക്കന്‍ പ്രദേശത്ത് ശൈത്യകാലാവസ്ഥ കഠിനമാകുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള ദിക്കുകളില്‍ ഇതിന്റെ നേരിയ പ്രതിഫലനമുണ്ടാകാമെന്നും കാലാവസ്ഥാ ഗവേഷകര്‍ അനുമാനിക്കുന്നു.
സഊദി അറേബ്യന്‍ മരുഭൂമിയില്‍ നിന്നുള്ള തണുത്ത കാറ്റും ഗതിമാറി തെക്കേ ഇന്ത്യയിലേക്ക് വരാനിടയുണ്ട്. ഇത് കേരളത്തില്‍ കുളിരു കൂടാനുള്ള സാഹചര്യത്തിനിടയാക്കിയേക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എം കെ സതീഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴോട്ട് തണുപ്പിന്റെ നില താഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാന ആഴ്ചകളില്‍ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടിരുന്നു. മൂന്നാറിന് സമീപം മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. കേരള തീരത്തിനടുത്ത് ന്യൂന മര്‍ദം രൂപപ്പെട്ടതാണ് മഴക്കിടയാക്കുക. ലക്ഷദ്വീപിലാണ് മഴ ശക്തമാകുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

Latest