Connect with us

Ongoing News

മഅ്ദിനില്‍ 'ഫിയസ്ത അറബിയ്യ' നാളെ തുടങ്ങും

Published

|

Last Updated

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന “ഫിയസ്ത അറബിയ്യ” ക്യാമ്പയിന്‍ നാളെ സ്വലാത്ത് നഗറില്‍ തുടങ്ങും. ഈ മാസം 18 വരെ നീളുന്ന വ്യത്യസ്ത പരിപാടികളില്‍ മത്സരാര്‍ഥികളും പ്രഭാഷകരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 8.30ന് അഖിലേന്ത്യാ അറബിക് പ്രസംഗ മത്സരം നടക്കും. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് യൂനിവേഴ്‌സിറ്റികളില്‍ നിന്നുമായി തിരഞ്ഞെടുത്ത 40 പേരാണ് മത്സരത്തിനുണ്ടാകുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ഒരു പവന്‍, അര പവന്‍, കാല്‍ പവന്‍ സ്വര്‍ണ നാണയങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മികവ് തെളിയിച്ച പത്ത് പേര്‍ക്ക് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും നല്‍കും. മത്സരം കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ പി നസീര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പ്രൊഫ. മുഹമ്മദ് ആലുങ്ങല്‍, പ്രൊഫ. അബൂബക്കര്‍ മണ്ടാളില്‍ സംബന്ധിക്കും. 18ന് നടക്കുന്ന ദേശീയ സെമിനാര്‍ ഹൈദരാബാദിലെ ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റി അറബിക് പഠന വിഭാഗം തലവന്‍ ഡോ. മുഹമ്മദ് മുസ്തഫ ശരീഫ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അറബിക് ദിന സന്ദേശം നല്‍കും. പ്രൊഫ. കെ വി വീരാന്‍ മൊയ്തീന്‍, ഡോ. എന്‍ അബ്ദുല്‍ജബ്ബാര്‍, ഡോ. പി അഹ്മദ് സഈദ്, പ്രൊഫ. പി പി അബദുല്‍ ലത്വീഫ് ഫൈസി അറബി ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മോഡറേറ്ററായിരിക്കും. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് മഅ്ദിന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ 16ന് പ്രഖ്യാപിക്കും. പുരസ്‌കാരം 18ന് സമ്മാനിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ടി എ അബ്ദുല്‍ വഹാബ്, ഡോ. ഹാമിദ് ഹുസൈന്‍ സംബന്ധിച്ചു.

 

Latest