വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന്

Posted on: December 14, 2013 10:35 am | Last updated: January 31, 2014 at 11:59 pm

മഞ്ചേരി: വഖ്ഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 15ന് പുറപ്പെടുവിക്കും.
അടുത്താഴ്ച മഞ്ചേരി ഡിവിഷനല്‍ ഓഫീസില്‍ വോട്ടര്‍ പട്ടിക ലഭ്യമാകും. ഞായറാഴ്ചയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 16ന് കൊച്ചിയിലെ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസിലും മഞ്ചേരി, കോഴിക്കോട് റീജ്യനല്‍ ഓഫീസുകളിലും വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. ജനുവരി 22നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം.
ഫെബ്രുവരി 15ന് വോട്ടെടുപ്പും 17ന് വോട്ടെണ്ണലും നടക്കും. അഡ്വ. ടി കെ സൈതാലിക്കുട്ടി ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി ഒക്‌ടോബറില്‍ അവസാനിച്ചിരുന്നു. കഴിഞ്ഞ ബോര്‍ഡില്‍ ആറ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും അഞ്ച് പേര്‍ നോമിനികളുമായിരുന്നു.
മുസ്‌ലിംകളായ എം പി, എം എല്‍ എ, ബാര്‍ കൗണ്‍സില്‍ അംഗം, സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ മുതവല്ലിമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍, മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.