ആസ്‌ത്രേലിയയില്‍ സ്വവര്‍ഗ വിവാഹ നിയമം ഹൈക്കോടതി റദ്ദാക്കി

Posted on: December 13, 2013 7:09 am | Last updated: December 13, 2013 at 7:09 am

കാന്‍ബറ: ആസ്‌ത്രേലിയന്‍ തലസ്ഥാനമായ കാന്‍ബറ ഉള്‍ക്കൊള്ളുന്ന പ്രവിശ്യ പാസാക്കിയ സ്വവര്‍ഗ വിവാഹ നിയമം ആസ്‌ത്രേലിയന്‍ ഹൈക്കോടതി റദ്ദാക്കി.
ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ പാടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. ആസ്‌ത്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി (എ സി ടി) ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കിയതിനെത്തുടര്‍ന്ന് 27 വിവാഹങ്ങള്‍ നടക്കുകയും ചെയ്തു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതെല്ലാം നിയമവിരുദ്ധമാകും. ഫെഡറല്‍ നിയമമനുസരിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ആസ്‌ത്രേലിയയില്‍ അനുമതിയില്ല.
ആസ്‌ത്രേലിയന്‍ ഫെഡറല്‍ സര്‍ക്കാറും പ്രധാനമന്ത്രി ടോണി ആബട്ടും ഈ വിവാഹങ്ങള്‍ക്കെതിരായതിനാല്‍ ഹൈക്കോടതി വിധി മറികടക്കാനുള്ള നടപടികളുണ്ടാകാന്‍ സാധ്യതയില്ല.
പതിനെട്ട് രാജ്യങ്ങളും അമേരിക്കയിലെ 16 സംസ്ഥാനങ്ങളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സുപ്രീംകോടതിയും സ്വവര്‍ഗ രതി കുറ്റകരമാണെന്ന് വിധിച്ചിരുന്നു.
ആസ്‌ത്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററി നിയമത്തിനെതിരെ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കടുത്ത എതിര്‍പ്പുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ഒക്‌ടോബറില്‍ പാസാക്കിയ നിയമം ഫെഡറല്‍ നിയമത്തിന് എതിരാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പാര്‍ലിമെന്റ് പാസാക്കത്ത നിയമത്തിന് സാധുതയില്ലെന്നാണ് കോടതി വിധിച്ചത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ വിവാഹ നിയമങ്ങളോടുള്ള വെല്ലുവിളിയാണ് പ്രവിശ്യാ സര്‍ക്കാറിന്റേതെന്ന് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് പറഞ്ഞിരുന്നു. ഇത് നിയമ പോരാട്ടങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.