ഉടഞ്ഞ കണ്ണാടിയിലെ വികൃത മുഖങ്ങള്‍

Posted on: December 13, 2013 6:59 am | Last updated: December 13, 2013 at 6:59 am

tharun thejpalതെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവം, ഇന്ത്യയിലെ സ്ത്രീ ജീവിതത്തിന്റെ ഉത്കണ്ഠാകുലമായ അരക്ഷിതാവസ്ഥ മാത്രമല്ല വെളിപ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്ര മാധ്യമങ്ങള്‍ ക്രൂരവും നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ അധികാരത്തിന്റെ മറ്റൊരു മര്‍ദനോപാധിയായി മാറുന്നതിന്റെ തെളിവു കൂടിയാണത്. ജനങ്ങളുടെ പത്രം(പീപ്പിള്‍സ് പേപ്പര്‍) എന്നാണ് ഒരു കാലത്ത് തെഹല്‍ക്ക വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ആത്മാവും ചൈതന്യവുമുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന്, കോര്‍പ്പറേറ്റുകള്‍ ചെലവിനു കൊടുക്കുന്നതും സ്വയം പൊക്കിപ്പറയുന്നതും പൊങ്ങച്ചം നിറഞ്ഞ വാര്‍ത്തകള്‍ കുത്തി നിറച്ചതുമായ ഒരു തരം താണ രീതിയിലേക്ക് തെഹല്‍ക്ക ഇതിനു മുമ്പ് തന്നെ നിലംപതിച്ചിരുന്നുവെന്നാണ്, മുന്‍ തെഹല്‍ക്ക ലേഖകന്‍ അമിത് സെന്‍ഗുപ്ത വിശദീകരിക്കുന്നത്. ആ കണ്ണാടി കൂടി ഉടഞ്ഞിരിക്കുന്നു. ആ ഉടഞ്ഞ കണ്ണാടിയില്‍ നോക്കി ആത്മാരാധാകരായ തെഹല്‍ക്ക എഡിറ്റര്‍മാരും ഉടമകളും, തങ്ങളാണ് ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുപോരുകയുമായിരുന്നു. അപ്പോഴും അവര്‍ കണ്ണാടി ഉടഞ്ഞതാണെന്നേ വിചാരിക്കുന്നുള്ളൂ. തങ്ങളുടെ മുഖം വികൃതമായിക്കഴിഞ്ഞു എന്നവര്‍ തിരിച്ചറിയുന്നില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനവും അഴിമതി പുറത്തു കൊണ്ടുവരലും എല്ലാമായി തിളങ്ങി നിന്നിരുന്ന തെഹല്‍ക്കയെ ഖനി മാഫിയകളടക്കമുള്ള കുത്തകകള്‍ ഇതിനകം തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു.—
സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ നഷ്ടമാകുന്ന അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വഴിവാണിഭക്കാരെക്കുറിച്ചും ഭോപാല്‍ ദുരന്തബാധിതരെക്കുറിച്ചും നര്‍മദാ നദിക്കരയില്‍ നിന്ന് നാടുകടത്തപ്പെട്ടവരെക്കുറിച്ചും എഴുതാന്‍ അധികം മാധ്യമങ്ങളില്ലാതിരുന്ന കാലത്താണ് തെഹല്‍ക്ക തിളങ്ങി നിന്നത്. ദളിത് അനുഭവങ്ങള്‍ ആത്മകഥകളായി അതില്‍ പ്രത്യക്ഷപ്പെട്ടു. ഒളിവിലിരുന്നു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായുള്ള അഭിമുഖങ്ങള്‍ തെഹല്‍ക്കയില്‍ സധൈര്യം പ്രസിദ്ധീകരിച്ചു. സഹീറാ ഷെയ്ഖിനെ വില കൊടുത്തുവാങ്ങാന്‍ ശ്രമിച്ച മോഡി ഭരണകൂടത്തെ തെഹല്‍ക്ക തുറന്നു കാട്ടി. സെക്കുലറിസത്തിനും വൈവിധ്യത്തിനും വേണ്ടിയാണ് മാധ്യമങ്ങള്‍ നിലക്കൊള്ളേണ്ടതെന്ന കാലിക യാഥാര്‍ഥ്യത്തെ തെഹല്‍ക്ക ഉയര്‍ത്തിപ്പിടിച്ചിരുന്നു. ചെറുത് മനോഹരമാണെന്നു മാത്രമല്ല, ചെറുതിന് ചിലപ്പോള്‍ ലോകത്തെ മാറ്റിമറിക്കാനും സാധിക്കുമെന്ന് തെഹല്‍ക്ക തെളിയിച്ചു. നിരവധി ലേഖകരുടെയും മറ്റും കണ്ണീരും രക്തവും വിയര്‍പ്പും ചൊരിഞ്ഞാണ് ആ ആദര്‍ശകാലം നേടിയെടുത്തത്. ആ നിശാനടത്തങ്ങളും സ്വപ്‌നങ്ങളും തരുണ്‍ തേജ്പാലിന്റേത് മാത്രമായിരുന്നില്ല; നിരവധി സഹപ്രവര്‍ത്തകരുടേതുമായിരുന്നുവെന്ന് അമിത് സെന്‍ഗുപ്ത ഓര്‍ത്തെടുക്കുന്നു. ആ സ്വപ്‌നങ്ങളെല്ലാം ഇപ്പോള്‍ തകര്‍ന്നു ചിതറിയിരിക്കുന്നു. എല്ലാറ്റിനും ഒരു സമയമുണ്ടെന്നും ഒരവസാനമുണ്ടെന്നും പറയാറുള്ളത് തെഹല്‍ക്കയുടെ കാര്യത്തിലും ശരിയായിരിക്കുന്നു.
ആരൊക്കെയാണ് ഉറക്കെ ചിരിച്ചത്? ആരൊക്കെയാണ് സ്ത്രീകള്‍ക്കെതിരായ പീഡനത്തിനെ തുറന്നു കാട്ടുകയും പീഡകരെ കടുത്ത ശിക്ഷക്ക് വിധേയരാക്കണമെന്ന് ഉറക്കെ വാദിക്കുകയും ചെയ്തുകൊണ്ട് ചാടി വീണത്? ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16ന് കൂട്ടബലാത്സംഗത്തിന് വിധേയയായി മരണത്തോട് മല്ലടിക്കുമ്പോഴും സ്ഥൈര്യം വിടാതിരുന്ന ആ പെണ്‍കുട്ടിയെക്കുറിച്ച്, അവളെ മരിച്ചതായും ജീവിച്ചിരിക്കുന്നതായും കണക്കാക്കാനാകില്ല എന്ന് വിശേഷിപ്പിച്ച ലോകസഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ തരുണ്‍ തേജ്പാലിനെ ഇന്ത്യ കണ്ട, ലോകം കണ്ട ഏറ്റവും വലിയ സ്ത്രീ വേട്ടക്കാരനാക്കി മുദ്ര കുത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. ഡല്‍ഹിയിലെ ആ പെണ്‍കുട്ടി അഥവാ ജീവിച്ചാല്‍ തന്നെ അവളെ മരിച്ചുകൊണ്ട് ജീവിക്കുന്ന ആളായിട്ടേ കണക്കു കൂട്ടാനാകൂ എന്നാണ് സുഷമാ സ്വരാജ് കടന്നു പറഞ്ഞത്. അന്ന് ജീവിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ ആശുപത്രിയില്‍ കഴിയുകയായിരുന്നു ആ പെണ്‍കുട്ടി. തനിക്കെതിരെ പരാതി കൊടുത്ത ജൂനിയര്‍ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ചെയ്തി; വലതുപക്ഷ – ഭൂരിപക്ഷ വര്‍ഗീയ വാദികളുടെ കളിയാണെന്ന തരുണ്‍ തേജ്പാലിന്റെ വിതണ്ഡവാദം, ബി ജെ പിയുടെ കല്ലേറിന് മൂര്‍ച്ച കൂട്ടിക്കൊടുത്തു. സെക്കുലറെന്നു നടിക്കുന്നവരും സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരും ഫാസിസ്റ്റ്‌വിരുദ്ധരും എല്ലാം തരുണ്‍ തേജ്പാലിന്റെ ഗണത്തില്‍ പെടുന്ന ആത്മവഞ്ചകരാണെന്നാണ് സംഘപരിവാര്‍ സ്ഥാപിച്ചെടുക്കുന്നത്. സമാനമായൊരു കേസ് ഉണ്ടായപ്പോള്‍, അത് തന്റെ വിശ്വാസത്തിനും മതബോധത്തിനുമെതിരെയെന്നു മാത്രമല്ല തന്റെ മതത്തിനു തന്നെയെതിരായ കല്ലേറാണെന്ന് പണ്ടൊരാള്‍ പറഞ്ഞതാണ് തേജ്പാലിന്റെ ഉപായം കാണുമ്പോള്‍ ഓര്‍ത്തു പോകുന്നത്.
ലൈംഗികാക്രമണങ്ങള്‍ മൃഗവേട്ടകള്‍ക്ക് സമാനമായിട്ടാണ് നമ്മുടെ മാധ്യമങ്ങളില്‍ വിവരിക്കപ്പെടാറുള്ളത്. രണ്ടുമാകട്ടെ കായികവിനോദമെന്ന നിലക്കാണ് ആസൂത്രണം ചെയ്യപ്പെടുന്നതും വിശദീകരിക്കപ്പെടുന്നതും. ആസൂത്രണം, തന്ത്രം, അടവ്, മുന്നൊരുക്കങ്ങള്‍, സൂത്രവിദ്യകള്‍, കെണിയില്‍ പെടുത്താനുള്ള മികവ്, വിജയിക്കല്‍, വേട്ട/കൊല നിര്‍വഹിക്കുകയും ട്രോഫി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നീ നീക്കങ്ങള്‍ ഒരു കായികവിനോദമെന്നതു പോലെ പെണ്‍/മൃഗ വേട്ടയില്‍ അനിവാര്യമാണെന്ന നിലക്കാണ് വാര്‍ത്തകളും വിവരണങ്ങളും നിയമനടപടികളും കോടതി പോലും ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. വേട്ടക്കാരന്റെ ബുദ്ധിവൈഭവവും ഇരയുടെ രക്ഷപ്പെടാനുള്ള നെട്ടോട്ടവും തമ്മിലുള്ള മത്സരമായിട്ടാണ് ഇത് വിഭാവനം ചെയ്യപ്പെടുന്നത്. അവളൊളിച്ചാലും അവന്‍ കണ്ടെത്തും. അവള്‍ സമര്‍ഥമായി സമയം മാറ്റിയോ ക്രമീകരിച്ചോ രക്ഷപ്പെടാന്‍ നോക്കും; അവന്‍ പിന്തുടര്‍ന്ന് അത് മറികടക്കും. അവള്‍ ഒരാള്‍ക്കൂട്ടത്തില്‍ കയറി രക്ഷപ്പെടാന്‍ നോക്കും; അവന്റെ കണ്ണുകളാകട്ടെ അവളില്‍ മാത്രം തറഞ്ഞു പോകുന്നതു കൊണ്ട് ആള്‍ക്കൂട്ടം അവള്‍ക്ക് ഒരു കവചമാകുന്നില്ല. അവള്‍ ചെറുത്തുനില്‍ക്കും; അവന്‍ മേധാവിത്തത്തോടെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്യും. അവള്‍ യാചിക്കും; ഇതു വെറും തമാശയാണെന്ന് അവന്‍ സമാശ്വസിപ്പിക്കും. അവള്‍ പ്രതിഷേധിക്കും; അവന്‍ അവളെ’ഭീഷണിപ്പെടുത്തും. അവള്‍ സഹായത്തിനായി കേഴും; അവന്‍ പൊട്ടിച്ചിരിക്കും. എത്ര തവണയായി ഇത്തരം കഥകള്‍ നാം കേള്‍ക്കുന്നു. ഇരകള്‍ മാറും, വേട്ടക്കാര്‍ മാറും. കഥകള്‍ പക്ഷേ ഒന്നു തന്നെ!
എന്തുകൊണ്ടാണ് ആണുങ്ങള്‍ പിന്നെയും പിന്നെയും ഈ കളി കളിക്കുന്നത്? അത് കാമോത്തേജനത്തിന്റെയോ ലൈംഗികത്വരയുടെയോ മാത്രം ഒരു ശാരീരിക പ്രശ്‌നമല്ല. കീഴ്‌പ്പെടുത്തലിന്റെയും മേധാവിത്തം സ്ഥാപിക്കലിന്റെയും ആത്യന്തിക ചരിത്രമാണ്. പെണ്ണിനു മേല്‍ ആണിന്റെ സര്‍വകാല അധീശത്വം സ്ഥാപിക്കലാണ് ലക്ഷ്യവും മാര്‍ഗവും. പെണ്ണിനു മേല്‍ എന്നു വെച്ചാല്‍ എല്ലാ പെണ്ണുങ്ങള്‍ക്കും മേല്‍. പെണ്ണിനു മേല്‍ മാത്രമല്ല, മറ്റു ആണുങ്ങള്‍ക്കു മേലുമുള്ള ഒരധീശത്വമാണിത്. നിങ്ങള്‍ക്കൊന്നും കഴിയാത്തത് എനിക്ക് കഴിയും എന്നാണ് വീരവാദം. ആണായിപ്പിറന്നവന്‍ എന്ന രീതിയിലുള്ള നാടന്‍ സംസാരങ്ങള്‍ കവലയിലും സിനിമയിലും സീരിയലിലും കച്ചവട നാടകത്തിലും ഉയരുന്നത് നിസ്സാരമല്ലെന്നര്‍ഥം.
വീണ്ടുമൊരു ഡിസംബര്‍ 16 വന്നെത്തിയിരിക്കുന്നു. എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉദാര ജനാധിപത്യവാദിയും സ്ത്രീ പക്ഷക്കാരനും സെക്കുലറിസ്റ്റും ഫാസിസ്റ്റ് വിരുദ്ധനുമായ പത്രാധിപര്‍, മുഖ്യമന്ത്രി, ഉയര്‍ന്ന ന്യായാധിപന്‍, സന്യാസി എന്നിവരെല്ലാമാണ് സ്ത്രീ പീഡനക്കേസുകളില്‍ പ്രതിഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ജീര്‍ണിച്ചിരിക്കുന്നു എന്നു ചുരുക്കം. കടുത്ത നിയമങ്ങളും കണക്കില്ലാത്ത കമ്മിറ്റികളുമുണ്ടായിട്ടും സ്ത്രീ പീഡനം അവസാനമില്ലാത്ത കഥയായി തുടരുക തന്നെ ചെയ്യുമെന്നാണിതൊക്കെ കാണിക്കുന്നത്. ആണത്തവും അധികാരവും തമ്മിലുള്ള കൂട്ടുകെട്ടാണ് കാര്യങ്ങളെ നിര്‍ണയിക്കുന്നതും തീരുമാനിക്കുന്നതും എന്നതാണ് അടിസ്ഥാന പ്രശ്‌നം.
ലിംഗ അസമത്വങ്ങള്‍, സ്ത്രീ പീഡനം, വിവേചനം എന്നീ ആശയങ്ങളിലൂടെയാണ് അധികാരം പ്രവര്‍ത്തിക്കുന്നതു തന്നെ. സവര്‍ണ ജാതിക്കാരുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും പണിയെടുക്കുന്ന ദളിത് സ്ത്രീകള്‍ അനുവിക്കുന്നതും നൂറ്റാണ്ടുകളായി തുടരുന്നതുമായ, തീരാത്ത പീഡനങ്ങളെ ചരിത്രം പോലും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. സ്ത്രീകളെ ലൈംഗിക ശരീരങ്ങളെന്ന നിലക്കു മാത്രമാണ് ആണുങ്ങളും സമൂഹവും പരിഗണിക്കുന്നതെന്നതാണ് അടിസ്ഥാന പ്രശ്‌നം. തങ്ങളുടെ മേലധികാരികളായ സ്ത്രീകളെ ലൈംഗികമായി കടന്നാക്രമിക്കാന്‍ കീഴ്ജീവനക്കാരായ പുരുഷന്മാര്‍ തയ്യാറാവാറില്ല എന്ന യാഥാര്‍ഥ്യവും ഇതോടൊപ്പം നോക്കിക്കാണണം. അതായത്, അധികാരം നല്‍കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്യുകയാണിവിടെ സംഭവിക്കുന്നത്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടി, നിയമം പഠിക്കുന്ന വിദ്യാര്‍ഥിനി, ആര്‍ക്കിടെക്റ്റായ യുവതി, ഇരുപത് വയസ്സോ കുറച്ചധികമോ പ്രായമുള്ള പത്രപ്രവര്‍ത്തക എന്നിവരാണ് സമീപകാല കേസുകളില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. വേട്ടക്കാരാകട്ടെ, അതാത് സ്ഥാപനങ്ങളുടെ അല്ലെങ്കില്‍ വിഭാഗങ്ങളുടെ ഏറ്റവും വലിയ മേലധികാരികളും. എല്ലാ ആണ്‍ മേലധികാരികളും പക്വത എന്ന സാമാന്യാര്‍ഥത്തിലുള്ള പ്രായം കടന്നവരും അതിരില്ലാത്തതും ചോദ്യം ചെയ്യാനാവാത്തതുമായ അധികാരം രുചിച്ചിരിക്കുന്നവരുമാണെന്നു കാണാം. അതായത്, ഇവര്‍ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ആദ്യമായി നടത്തുന്ന പീഡനപ്രവൃത്തിയായിരിക്കില്ല ഇതെന്നര്‍ഥം. സ്ത്രീ പീഡനമെന്നത് ഏതൊക്കെയോ ഹോര്‍മോണിന്റെ പ്രശ്‌നമാണെന്ന ന്യായവാദമാണിവിടെ പൊളിഞ്ഞു വീഴുന്നത്. പെണ്‍ മേലധികാരിയുടെ ശരീരത്തെ നോക്കുമ്പോള്‍ പ്രവര്‍ത്തിക്കാത്ത ഈ ഹോര്‍മോണിനെയൊന്ന് കണ്ടുപിടിച്ചാല്‍ നോബല്‍ സമ്മാനം കൊടുക്കാമായിരുന്നു.
—Reference:
1. Tehelka Is Dead. Long Live Tehelka by Ami-t Senguptha(Notes from the Underground November 27, 2013)
2. A hunt, the aftermath, angry Indian men and a tragedy: by RahulRoy(kafila.org/Dec 4, 2013)
3. Doublespeak on women’s rights by V-idya Subrahmaniam (The Hindu Dec11,2013)