സ്വവര്‍ഗരതി കുറ്റകരം തന്നെ

Posted on: December 13, 2013 6:56 am | Last updated: December 13, 2013 at 6:56 am

പത്ത് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന സ്വാഗതാര്‍ഹവും നിര്‍ണായകവുമായി വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ഭരണഘടനയില്‍ സ്വവര്‍ഗരതിക്ക് ജീവപര്യന്തം വരെ തടവ് അനുശാസിക്കുന്ന 377-ാം വകുപ്പ് ശരിയാണെന്നും ഭരണഘടനാ വിരുദ്ധമായ ഒരു കാര്യവും ഈ വകുപ്പിലില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009ലെ വിവാദമായ ഡല്‍ഹി ഹൈക്കോടതി വിധി, ജസ്റ്റീസുമാരായ ജി എസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യായും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ വകുപ്പ് ഭരണഘടനയില്‍ നിന്ന് റദ്ദാക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ലിമെന്റാണെന്നും അതുവരെ വകുപ്പ് നിലനില്‍ക്കുമെന്നും കോടതി അഭിപ്രായപ്പെടുന്നു.
സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ മത, സാമൂഹിക, സംസ്‌കാരിക രംഗത്തുള്ളവരും സദാചാരനിഷ്ഠമായ ജീവിതം നയിക്കുന്നവരും ആശ്വസിക്കുകയാണ്. ജസ്റ്റീസ് സിംഗ്‌വി വിരമിക്കുന്ന ദിവസം തന്നെ നടത്തിയ സുപ്രധാനമായ ഈ വിധി പല വിധത്തിലും ക്രിയാത്മകമാണെന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും ആധുനികതയും ന്യൂജനറേഷനും കൊണ്ടാടുന്ന പൊയ്മുഖങ്ങളെ പിച്ചിച്ചീന്തുന്നതാണ് നീതിന്യായ പീഠത്തില്‍ നിന്നുള്ള ഈ തിരിച്ചറിവ്. കുടുംബങ്ങളുടെ ഭദ്രതയും സാമൂഹിക കെട്ടുറപ്പും കാത്തുസൂക്ഷിക്കാന്‍ ഉതകുന്നതാണ് പരമോന്നത നീതിന്യായ പീഠത്തിന്റെ ഈ ഇടപെടലെന്ന് തിരിച്ചറിഞ്ഞേ മതിയാകൂ.
പ്രായപൂര്‍ത്തിയും ഒരേ ലിംഗത്തില്‍പെട്ടവരുമായ രണ്ട് പേര്‍ക്ക് ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റീസ് കെ പി ഷാ ഉള്‍പ്പെട്ട ബഞ്ച് 2009ല്‍ വിധി പറഞ്ഞത്. സ്വവര്‍ഗരതിക്ക് ജീവപര്യന്തം വരെ തടവ് അനുശാസിക്കുന്ന 377-ാം വകുപ്പ് അന്ന് ഹൈക്കോടതി റദ്ദ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഈ വിധിക്കെതിരെ മത, സാമൂഹിക സംഘടനകള്‍, സ്വവര്‍ഗരതി മതവിരുദ്ധവും സാമൂഹികവിരുദ്ധവുമെന്ന് കാണിച്ച് 16 ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. സ്വന്തം ലിംഗത്തില്‍പെട്ട വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അവകാശമോ പ്രകൃതിപരമോ അല്ലെന്നും മറിച്ച് പ്രകൃതിവിരുദ്ധമാണെന്നും കാണിച്ചാണ് ഹരജികള്‍ ഫയല്‍ ചെയ്തിരുന്നത്. ഈ ഹരജികള്‍ പരിഗണിക്കവെയാണ് പ്രകൃതിവിരുദ്ധ ലൈംഗികതയെ അറപ്പോടെ നോക്കിക്കാണുന്ന പൊതുസമൂഹത്തിന് ആശ്വാസമായി സുപ്രീം കോടതി ആശാവഹമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വവര്‍ഗലൈംഗികത പോലൂള്ള കാര്യങ്ങളെ നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും ലൈംഗികതിയിലേര്‍പ്പെടുന്നവരുടെ പ്രായം, സമ്മതം എന്നിവ ചൂണ്ടിക്കാട്ടിയാലും സ്വവര്‍ഗ ലൈംഗികതയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. സാധാരണ നിലയിലുള്ള ലൈംഗിക ബന്ധവും പ്രകൃതി വിരുദ്ധ ലൈംഗികതയും രണ്ടും രണ്ടാണെന്നും ഒരു വിഭാഗത്തെയല്ല, മറിച്ച് ഈ നടപടിയാണ് തെറ്റാണെന്ന് പറയുന്നതെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.
വിധി പുറത്തുവന്നതോടെ മനുഷ്യാവകാശ ധ്വംസനമെന്നൊക്കെ പേരുപറഞ്ഞ് തെരുവില്‍ സംഘടിക്കാനും ആളുകളുണ്ടായി എന്നതാണ് കൗതുകം. അവകാശങ്ങളാണെന്ന് ഭരണഘടന രേഖപ്പെടുത്തിയിട്ടില്ല, പുറമെ നിയമവിരുദ്ധമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം അവിതര്‍ക്കിതമായി പ്രഖ്യാപിക്കുയും ചെയ്തു. എന്നിട്ടും വിധിക്കെതിരെ ഹരജി നല്‍കുമെന്നും അവകാശങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും വിവിധ സംഘടനകള്‍ നയം വ്യക്തമാക്കിയിട്ടുമുണ്ട്. നിലവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിയമവിധേയമാണ് സ്വവര്‍ഗരതിയെന്ന് തെളിവുകള്‍ നിരത്തി ന്യായം പറയുന്നവര്‍ എന്തുകൊണ്ട് അത്തരം രാജ്യങ്ങളില്‍ അരങ്ങേറുന്ന കുത്തഴിഞ്ഞ ലൈംഗികതയെ കുറിച്ചും മാരകമായ ലൈംഗിക രോഗങ്ങളിലെ വര്‍ധനവിനെ കുറിച്ചും നിശ്ശബ്ദരാകുന്നു എന്നതാണ് പ്രശ്‌നം. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ പ്രകൃതി വിരുദ്ധമെന്നാണ് സ്വവര്‍ഗരതിയെ പരിചയപ്പെടുത്തുന്നത് തന്നെ. പ്രവാചകനായ ലൂത്വ് നബിയെ ധിക്കരിച്ച് സ്വവര്‍ഗരതിയിലേര്‍പ്പെട്ട സമൂഹത്തെ നശിപ്പിച്ചതടക്കം വിവിധ മത വിശ്വാസങ്ങളിലും ഇത് വെറുക്കപ്പെട്ട പ്രവര്‍ത്തനമായാണ് വിലയിരുത്തുന്നത്. സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പും ധാര്‍മികതയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വവര്‍ഗരതിക്ക് വേണ്ടി നിയമ നിര്‍മാണം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കണം. ചെറിയൊരു വിഭാഗത്തിന്റെ താത്കാലികമായ ആശ്വാസത്തിന് വേണ്ടി സദാചാര ജീവിതം നയിക്കുന്ന ഭൂരിപക്ഷത്തിന്റെ കുടുംബഭദ്രതയും സാമൂഹിക കെട്ടുറപ്പും തകര്‍ക്കുന്ന നടപടികളിലേക്ക് ആരും ചുവട് മാറ്റാതിരിക്കലാണ് കൂടുതല്‍ അഭികാമ്യം. സ്വന്തം ലിംഗത്തില്‍പെട്ടവര്‍, ജന്മം തന്ന മാതാപിതാക്കള്‍, സ്വന്തം സഹോദരീ സഹോദന്‍മാര്‍ ഇവരെയൊന്നും കാമപൂര്‍ത്തീകരണത്തിന് വേണ്ടി സമീപിക്കരുതെന്ന് തന്നെയാണ് എല്ലാ മതവിശ്വാസികളും സദാചാരത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്നവരും ഇതുവരെ ഉറച്ചുപറയുന്നത്. മതത്തിനെ പുറംതിരിഞ്ഞു നില്‍ക്കുന്നവരാണെങ്കിലും മതങ്ങള്‍ മുന്നോട്ടുവെക്കുന്ന നന്മയെ കണ്ണടച്ച് ഇരുട്ടാക്കരുത്.