Connect with us

Malappuram

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published

|

Last Updated

മലപ്പുറം: ആരോഗ്യ മേഖലയില്‍ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നാല് മാസത്തോളമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്‍മാര്‍ ഈമാസം 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും.
ഇതിന്റെ മുന്നോടിയായി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അധിക ഡ്യൂട്ടിയായി ചെയ്ത് പോരുന്ന അത്യാഹിത വിഭാഗം ഇന്ന് മുതല്‍ നിര്‍ത്തി വെക്കും.
ഇന്ന് മുതല്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെക്കും. 16 മുതല്‍ ജില്ലാ,താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും 18 മുതല്‍ മുഴുവന്‍ ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിവെക്കും ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കൂടുതല്‍ ആശുപത്രികള്‍ അനുവദിക്കുക, മലപ്പുറം താലൂക്കാശുപത്രിയില്‍ ക്യാഷ്വാലിറ്റി യൂണിറ്റ് അനുവദിക്കുക, അപ്‌ഗ്രേഡ് ചെയ്ത കമ്മ്യൂണിറ്റി, താലൂക്ക്, ജില്ലാ ആശുപത്രകള്‍ ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുക, ഭൗതിക സൗകര്യം ഒരുക്കുക, ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കുക, മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തുമെന്ന സര്‍ക്കാര്‍ ഉറപ്പു പാലിക്കുക, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ജില്ലയിലെ സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ കാഡറിലെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുകയും പുനക്രമീകരിക്കുകയും ഒഴിവുകള്‍ നികത്തുകയും ചെയ്യുക, ജില്ലയിലെ അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ അനുപാതം 1:1 ആക്കുക, ആശുപത്രികള്‍ക്കും ജിവനക്കാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളില്‍ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുക, അച്ചടക്ക നടപടികളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായും സമയബന്ധിതമായും തീരുമാനമെടുക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ നാലു മാസമായി പ്രക്ഷോഭത്തിലാണ്. കഴിഞ്ഞമാസം 29 മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല കൂട്ട അവധി ജില്ലാ കളക്ടര്‍ ഇടപട്ടതിനെ തടര്‍ന്ന് തത്കാലം നീട്ടി വെച്ചതായിരുന്നു. എന്നാല്‍ പിന്നീട് അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടാവാത്തതിനാല്‍ സമരം ശക്തമാക്കാന് തീരുമാനിക്കുകയായിരുന്നു.
ഈ മാസം 19നകം അനുകൂല തീരുമാനം ഉണ്ടായില്ലങ്കില്‍ 20-ാം തിയതി മുതല്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല കൂടട അവധി എടുക്കുമെന്ന് കെ ജി എം ഒ എ ഭാരവാഹികള്‍ അറിയിച്ചു.