ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

Posted on: December 12, 2013 8:16 am | Last updated: December 13, 2013 at 7:57 am

sreesanthകൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാനിലെ ജയ്പൂര്‍ രാജകുടുംബാംഗമായ ഭുവനേശ്വരി കുമാരിയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ച്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കും.
ജ്വല്ലറി ഡിസൈനറാണ് ഭുവനേശ്വരി കുമാരി. 2006 മുതല്‍ ശ്രീശാന്തും ഭുവനേശ്വരിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ശ്രീശാന്തിന്റെ കൈയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ നയനുമായുള്ള ശ്രീശാന്തിന്റെ അടുപ്പം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. വാതുവെപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ഘട്ടത്തില്‍ ഇവരുടെ ബന്ധം വെല്ലുവിൡനേരിട്ടെങ്കിലും ഭുവനേശ്വരി കുമാരി ശ്രീശാന്തിനൊപ്പം ഉറച്ചു നിന്നു. ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട് ശ്രീശാന്ത് ജയിലില്‍ ആയിരുന്നപ്പോഴും പിന്തുണയുമായി നയന്റെ കുടുംബം രംഗത്തെത്തിയിരുന്നു. നയന്റെ പിതാവ് ശ്രീയെ ജയിലില്‍ ചെന്ന് കണ്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ജയില്‍ മോചിതനായ ശേഷമാണ് വീട്ടുകാര്‍ പരസ്പരം ആലോചിച്ച് വിവാഹനിശ്ചയം നടത്തിയത്.
1983 ഫെബ്രുവരി 6ന് എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ശ്രീശാന്ത് ജനിച്ചത്. ശാന്തകുമാരന്‍ നായര്‍ പിതാവും സാവിത്രി ദേവി മാതാവുമാണ്. ഇന്ത്യന്‍ ടീമിലെത്തിയ ശേഷം താമസം കൊച്ചിയിലേക്ക് മാറ്റി.