വ്യാജ വികലാംഗ നിയമനം: ജോയിന്റ് ഡയരക്ടര്‍ പരിശോധന നടത്തി

Posted on: December 12, 2013 8:04 am | Last updated: December 12, 2013 at 8:04 am

മാനന്തവാടി: വ്യാജവികലാംഗ നിയമനം സംബന്ധിച്ച് ജോയിന്റ് ഡയരക്ടര്‍ ജില്ലയില്‍ പരിശോധന നടത്തി. വികലാംഗ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് ജോയിന്റ് ഡയരക്ടറുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ജില്ലയിലെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
കല്‍പറ്റയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, അഞ്ചാംമൈല്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, എടവക പഞ്ചായത്തിലെ പൈങ്ങാട്ടിരി ഗവ. എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജോയിന്റ് ഡയരക്ടര്‍ എല്‍ സി പി സെബാസ്റ്റ്യന്‍, ജൂനിയര്‍ സൂപ്രണ്ട് ബാബുലേയന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ആരോപണ വിധേയരായവരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം കെ മുനീറിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡയരക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.