ലോട്ടറി ലൈസന്‍സ്: ബി ജെ പി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു

Posted on: December 12, 2013 12:42 am | Last updated: December 12, 2013 at 12:42 am

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭ്യമാക്കാന്‍ സഹായിച്ചതായി ആരോപണവിധേയനായ ബി ജെ പി കൗണ്‍സിലര്‍ വി നടേശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മാര്‍ട്ടിന്റെ കമ്പനിക്ക് ലൈസന്‍സ് നല്‍കിയത് നടേശന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ബന്ധപ്പെട്ട നഗരസഭാ ജീവനക്കാരാണ് ആദ്യം ആരോപണം ഉന്നയിച്ചത്.
ഇതിനു തുടര്‍ച്ചയായി വിഷയത്തില്‍ ഇടപെട്ടിരുന്നതായി നടേശന്‍ തന്നെ മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 19 ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ നടേശന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിന് നടേശന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. അന്വേഷണ വിധേയമായാണ് നടേശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.