നാരായണ്‍ സായ് പീഡനക്കുറ്റം സമ്മതിച്ചു

Posted on: December 12, 2013 12:10 am | Last updated: December 12, 2013 at 12:10 am

സൂറത്ത്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായ് ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതായി പോലീസ്. 41 കാരനായ സായ് മാസങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. പിതാവിന്റെ ആശ്രമത്തില്‍ വെച്ചാണ് സായ് പെണ്‍കുട്ടിയെ പിഡിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് സ്ത്രീകളെയും താന്‍ പിഡിപ്പിച്ചിട്ടുണ്ടെന്ന് സായ് മൊഴി നല്‍കിയതായി സൂറത്ത് പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. ഇവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ പിഡിപ്പിച്ചതിനും സായിക്കെതിരെ കേസെടുക്കും. ചോദ്യം ചെയ്യലിനിടെയാണ് സായ് കുറ്റം സമ്മതിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തയ്യാറായില്ല. ഒരാഴ്ച മുമ്പ് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ വെച്ചാണ് സായ് അറസ്റ്റിലായത്. സൂറത്ത് ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.
രണ്ട് സഹോദരിമാരെ ഗുജറാത്തിലെ വ്യത്യസ്ത ആശ്രമങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് സായിക്കെതിരെയുള്ള കേസ്. 1997 നും 2006 നും ഇടയിലിയിരുന്നു ഇത്. ഇവരില്‍ ഇളയ പെണ്‍കുട്ടിയെ 2002 നും 2005 നും ഇടയില്‍ പലപ്പോഴായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസാറാം ബാപ്പു കഴിഞ്ഞ സെപ്തംബര്‍ മുതല്‍ രാജസ്ഥാനിലെ ജയിലിലാണ്. ജോധ്പൂരിലെ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് 72 കാരനായ അസാറാമിനെതിരെയുള്ള കേസ്.