Connect with us

Malappuram

ഋഷിരാജ് സിംഗ് ഇഫക്ട്: വാഹന അപകടങ്ങള്‍ കുറഞ്ഞു

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് വാഹനാപകടങ്ങളും മരണ നിരക്കും കുറക്കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇഫക്ട് ദൃശ്യമായിത്തുടങ്ങി. മോട്ടോര്‍ വാഹനവകുപ്പിന് കീഴില്‍ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും വാഹന പരിശോധനയും കര്‍ശന നടപടികളുമാണ് ഇതിന് സഹായകമായത്.
സംസ്ഥാനത്ത് വാഹന അപകടവും ഇതേ തുടര്‍ന്നുള്ള മരണ നിരക്കും മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ മാസം വരെ 32,109 അപകടങ്ങള്‍ സംഭവിക്കുകയും 3748 പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 32,980 അപകടങ്ങളും 3867 അപകട മരണങ്ങളുമാണുണ്ടായത്. ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ ഇത് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആകെ നടന്ന അപകടങ്ങളുടെ എണ്ണം എല്ലാ മാസവും മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്.
മരണ സംഖ്യയിലും നവംബറില്‍ ഒഴികെ എല്ലാ മാസത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2011ല്‍ സംസ്ഥാനത്ത് 4145 പേര്‍ അപകടത്തില്‍ മരണപ്പെട്ടപ്പോള്‍ 2012ല്‍ 4286 ആയി വര്‍ധിച്ചു. എന്നാല്‍ ഈ വര്‍ഷം കാര്യമായ കുറവാണുണ്ടായിട്ടുള്ളത്. 2009ന് ശേഷം ഇതാദ്യമായാണ് മരണസംഖ്യ മുന്‍ വര്‍ഷത്തേക്കാള്‍ കുറയുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അപകടം നടന്നത് ജനുവരിയിലാണ്. 3251 അപകടങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മാര്‍ച്ച് മാസത്തിലാണ്. 419 ജീവനുകളാണ് റോഡുകളില്‍ പൊലിഞ്ഞത്. ജനുവരി-380, ഫെബ്രുവരി 348, ഏപ്രില്‍-363, മെയ്-405, ജൂണ്‍-295, ജൂലൈ- 295, ആഗസ്റ്റ്-293, സെപ്റ്റംബര്‍-317, ഒക്‌ടോബര്‍-321, നവംബര്‍-270, ഡിസംബര്‍-337 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിലെ അപകട മരണ നിരക്ക്. അപകട മരണങ്ങള്‍ കൂടുതലുണ്ടാക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. മൊത്തം വാഹനങ്ങളുടെ അറുപത് ശതമാനത്തിലധികം ഇരുചക്ര വാഹനങ്ങള്‍ സംസ്ഥാനത്തെ റോഡുകളിലുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്.
ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയത് അപകട മരണങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഒഴിവ് ദിവസങ്ങളിലടക്കം സംസ്ഥാനത്തൊട്ടാകെ വാഹന പരിശോധന കര്‍ശനമാക്കിയത് അപകടം കുറയാന്‍ കാരണമായിട്ടുണ്ട്. ഈവര്‍ഷം വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ക്ക് മാത്രം 50 കോടി രൂപയാണ് വാഹന വകുപ്പ് പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപ ഇത്തവണ കൂടുതലാണ്.