പോലീസിനെ തോട്ടം തൊഴിലാളികള്‍ ആക്രമിച്ചു; ഡി വൈ എസ് പി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്ക്

Posted on: December 12, 2013 12:53 am | Last updated: December 11, 2013 at 11:53 pm

തൊടുപുഴ: പീരുമേട് ടീ കമ്പനിയില്‍ പോലീസ് സംഘത്തെ തൊഴിലാളികള്‍ ആക്രമിച്ചു. സംഭവത്തില്‍ ഡി വൈ എസ് പി ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്ക് പരുക്കേറ്റു. മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പീരുമേട് ടീകമ്പനിയിലെ തൊഴിലാളികള്‍ ശേഖരിച്ച 4000 കിലോ കൊളുന്ത് സി ഐ ടി യു പ്രവര്‍ത്തകര്‍ നശിപ്പിച്ച സംഭവമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെ കേസെടുത്തു. കട്ടപ്പന ഡിവൈ എസ് പി എം എന്‍ രമേശ്, ഉപ്പതുറ എ എസ് ഐ പി. എ ജോസഫ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി ശെല്‍വന്‍, സജീവ് ആന്റണി, പി എ അഷ്‌റഫ്, ജോര്‍ജ് മാത്യു, ഡി വൈ എസ് പിയുടെ ഗണ്‍മാന്‍ മജ്‌നു എന്നിവര്‍ക്കാണു പരുക്ക്. ജോസഫും ശെല്‍വനും ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ കട്ടപ്പനയിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച രാത്രി 12 ഓടെയാണ് സംഭവം. തോട്ടത്തിലെ സംഘര്‍ഷാവസ്ഥ അറിഞ്ഞെത്തിയപ്പോള്‍ തൊഴിലാളികള്‍ ബന്ദിയാക്കിയ എ എസ് ഐ യെയും സി ഐ എയും മോചിപ്പിക്കാനെത്തിയതായിരുന്നു ഡി വൈ എസ് പി.
കൊളുന്തു കൊണ്ടുപോകാന്‍ അനുവദിക്കാത്ത സി ഐ ടി യു നിലപാടിനെ തുടര്‍ന്ന് ചീന്തലാര്‍ തോട്ടം മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. അടഞ്ഞുകിടന്ന പീരുമേട് ടീ കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാര്‍ അംഗീകരിക്കാതെ സി ഐ ടി യു പ്രതിഷേധത്തിലാണ്. ഇവര്‍ക്ക് അനുകൂലമായി പോലീസ് നിലപാട് സ്വീകരിക്കുന്നെന്നാണ് മറ്റ് തൊഴിലാളി സംഘടനകളുടെ ആരോപണം. ഇന്നലെ വൈകിട്ട് ചീന്തലാര്‍ എസ്റ്റേറ്റില്‍ എത്തിയ എ.എസ്.ഐയെയും സംഘത്തെയും വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതറിഞ്ഞ് രാത്രി ഏഴോടെ സി ഐ പ്രമോദ് കുമാര്‍ എത്തി. ഇദ്ദേഹത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഡി വൈ എസ് പി പോലിസുകാരെ മോചിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കത്തിക്കാനുപയോഗിച്ച മരക്കമ്പുമായി തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പീരുമേട് ടീ കമ്പനിയില്‍ തൊഴിലാളികള്‍ ശേഖരിച്ച 4000 കിലോ തേയിലക്കൊളുന്ത് സംസ്‌കരിക്കാന്‍ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച രാത്രി വാഹനം തടഞ്ഞ് ലോറിതൊഴിലാളികളെ മര്‍ദിക്കുകയും 4000 കിലോ കൊളുന്ത് മണ്ണെണ്ണയൊഴിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയും തൊഴിലാളികള്‍ ശേഖരിച്ച 4000 കിലോ കൊളുന്ത് വാഹനത്തില്‍ കയറ്റാന്‍ തുടങ്ങുന്നതിനിടെ സി ഐ ടി യു തൊഴിലാളികള്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചു. ശേഖരിച്ച കൊളുന്ത് സംസ്‌കരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും രണ്ടുദിവസമായി മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ച 8000 കിലോ പച്ചക്കൊളുന്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കൊളുന്ത് നശിപ്പിക്കുകയും ലോറിതൊഴിലാളികളെ മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പോലിസിനെ തടഞ്ഞുവെച്ചത്.
തിങ്കളാഴ്ച രാത്രിയുണ്ടായ അക്രമ സംഭവത്തിന്റെ പേരില്‍ പീരുമേട് ടീ കമ്പനിയിലെ സി ഐ ടി യു തൊഴിലാളികളായ രവികുമാര്‍, അരുള്‍രാജ്, വിന്‍സന്റ്, ജോസഫ് എന്നിവരുള്‍പ്പടെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ശിവന്‍ (45), സഹായി നോബിള്‍ (34), എസ്‌റ്റേറ്റ് ഫീല്‍ഡ് ഓഫിസര്‍ ലൂയിസ് പുന്നന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.