Connect with us

Wayanad

ലാമിനേഷന്‍ പൗച്ചുകളുടെ കുറവ്: വാഹനങ്ങളുടെ ആര്‍ സി വിതരണം വൈകുന്നു

Published

|

Last Updated

മാനന്തവാടി: ലാമിനേഷന്‍ പൗച്ചുകള്‍ ലഭിക്കാതായതോടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും മന്ദഗതിയിലാകുന്നു. 2006ല്‍ലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ചത്.
ഇതോടുകൂടിയാണ് ആര്‍ സി ബുക്കുകള്‍ക്ക് പകരം ഹോളോഗ്രാം പതിച്ച കാര്‍ഡുകള്‍ നല്‍കി തുടങ്ങിയത്. കാര്‍ഡുകള്‍ ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലാമിനേഷന്‍ ചെയ്ത് നല്‍കിയിരുന്നത്. സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ ഇതനുള്ള തുക മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുകയും ചെയ്തിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിലേക്കാവശ്യമായ മുഴുവന്‍ സാമഗ്രികളും വര്‍ഷങ്ങളായി വിതരണം ചെയ്യുന്നത് സിഡ്‌കോ വഴിയാണ്. എന്നാല്‍ ഒരു മാസത്തിലധികമായി സിഡ്‌കോ ലാമിനേഷന്‍ പൗച്ചുകള്‍ വിതരണം ചെയ്യാത്തതാണ് വാഹന ഉടമകളെ വലക്കുന്നത്.
ആര്‍ സി ട്രാന്‍സ്ഫര്‍, വാഹന വായ്പ രേഖപ്പെടുത്തല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍ സി പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രതിദിനം നൂറിനടുത്ത അപേക്ഷകളാണ് ജില്ലയിലെ ഒരോ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നത്. എന്നാല്‍ ലാമിനേഷന്‍ പൗച്ചുകളില്ലാത്തതിനാല്‍ ഇവയുടെ വിതരണം വൈകുകയാണ്. അത്യവശ്യക്കാര്‍ക്ക് ഏജന്റുമാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആര്‍ സി ലാമിനേറ്റ് ചെയ്ത് നല്‍കുകയാണ്.
ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ വകുപ്പ് തല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പേരിന് മാത്രമായി സിഡ്‌കോ പൗച്ചുകള്‍ നല്‍കുന്നതിനാല്‍ ഈ നീക്കവും തടസ്സപ്പെടുകയാണ്. പൗച്ചുകള്‍ ലഭ്യമാക്കി ആര്‍ സി വിതരണം സുഗമമാക്കണമെന്ന ആവശ്യത്തിലാണ് വാഹന ഉടമകള്‍..

Latest