പെന്റാവാലന്റ് കുത്തിവെപ്പ് ഉടന്‍ നിര്‍ത്തിവെക്കണം: വി എസ്‌

Posted on: December 11, 2013 6:01 am | Last updated: December 11, 2013 at 7:10 am

pentavalent vaccinതിരുവനന്തപുരം: കുഞ്ഞുങ്ങളെ കൂട്ട മരണത്തിലേക്ക് തള്ളിവിടുന്ന പെന്റാവാലന്റ് കുത്തിവെപ്പ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പെന്റാവാലന്റ് കുത്തിവെപ്പ് എടുത്ത പതിനെട്ട് കുഞ്ഞുങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫീലസ് ഇന്‍ഫഌവന്‍സ് ടൈപ്പ് ബി, വില്ലന്‍ ചുമ, തൊണ്ടപ്പുണ്ണ്, ടെറ്റനസ് എന്നീ രോഗങ്ങള്‍ക്ക് സുരക്ഷിതമായ പരിരക്ഷ നല്‍കുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് പ്രചരിപ്പിച്ചാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുഞ്ഞുങ്ങള്‍ക്ക് പെന്റാവാലന്റ് കുത്തിവെപ്പ് എടുത്തുകൊണ്ടിരിക്കുന്നത്.
ഈ കുത്തിവെപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ 2011 ഡിസംബര്‍ 14ന് തിരുവനന്തപുരത്തെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആദ്യ കുത്തിവെപ്പ് എടുത്ത ആര്‍ദ്ര എന്ന കുഞ്ഞ് 20 മണിക്കൂറിനുള്ളില്‍ മരിച്ചു. പിന്നീട് പലയിടങ്ങളിലായി മരിച്ച കുട്ടികളുടെ എണ്ണം പതിനെട്ടായി. തീരെ പാവപ്പെട്ടവരും ആദിവാസികളും അടക്കമുള്ളവരുടെ കുഞ്ഞുങ്ങളാണ് ആഗോള പദ്ധതിയുടെ ഭാഗമായുള്ള ഈ കുത്തിവെപ്പിന് ഇരകളായി ജീവന്‍ വെടിയേണ്ടി വന്നത്.
പെന്റാവാലന്റ് കുത്തിവെപ്പ് പദ്ധതിയുടെ പിന്നില്‍ ആഗോളതലത്തില്‍ തന്നെ പല ഗൂഢ താത്പര്യങ്ങളുമുളളതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹാനികരമായ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഇടയായതിനെപ്പറ്റി സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണം. ഇതിന്റെ പിന്നിലെ ഗൂഢതാത്പര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കുത്തിവെപ്പിന്റെ ഫലമായി മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും അടിയന്തര നടപടിയെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.