ഉത്തര കൊറിയയില്‍ അനിശ്ചിതത്വം രൂക്ഷം: പാര്‍ക്ക്‌

Posted on: December 11, 2013 12:32 am | Last updated: December 11, 2013 at 12:32 am

സിയൂള്‍: പ്രധാന അധികാരകേന്ദ്രമായ വ്യക്തിയെ അഴിമതിയാരോപണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതോടെ ഉത്തര കൊറിയയില്‍ അനിശ്ചിതത്വം രൂക്ഷമായതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. ഉത്തര കൊറിയ തീവ്രവാദ മേഖലയായി മാറിയതായും അവര്‍ പറഞ്ഞു. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ അമ്മാവന്‍ ചാംഗ് സോംഗ് തീക്കിനെ പുറത്താക്കിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെയ് രൂക്ഷമായ ഭാഷയില്‍ ഉത്തരകൊറിയക്കെതിരെ രംഗത്ത് വന്നത്. ചാംഗിനെ ഔദ്യോഗിക പദവികളില്‍നിന്നെല്ലാം പുറത്താക്കിയതായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ സ്ഥിരീകരിച്ചിരുന്നു.
2011 ഡിസംബറില്‍ നേതാവായ കിം ജോംഗ് ഇല്‍ അന്തരിച്ച ശേഷം ഉത്തര കൊറിയയെ പിടിച്ചു കുലുക്കിയ സംഭവമാണ് ചാംഗിന്റെ പുറത്താകല്‍. കിം ജോംഗ് ഉന്നിന്റെ അധികാരം ശക്തമാക്കാനായി വന്‍ തോതിലുള്ള പുറത്താക്കലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനിടെ പാര്‍ക് പറഞ്ഞു. ഇതോടെ ഉത്തര -ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അനശ്ചിതത്വത്തിലായിരിക്കുകയാണ്. സ്ത്രീലമ്പടനും മയക്കുമരുന്നിന് അടിമയുമായ ചാംഗ് അഴിമതി നടത്തുകയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പുറത്താക്കിയിരിക്കുന്നത്.