Connect with us

Ongoing News

ഒടുവില്‍ ഐ ഒ എ മുട്ടുമടക്കി; തിരഞ്ഞെടുപ്പിന് കളമൊരുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മോശംപ്രതിച്ഛായയുള്ളവര്‍ ഭാരവാഹികളായി തുടരാനാവില്ലെന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.)യുടെ നിലപാടിനുമുന്നില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) മുട്ടുമടക്കിയിരിക്കുന്നു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരെയും കുറ്റാരോപിതരെയും പുറത്താക്കി പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് ഫെബ്രുവരി ഒമ്പതിന് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക ഐ ഒ എ. യോഗം തീരുമാനിച്ചു.
കേസിലുള്‍പ്പെട്ടവര്‍ക്ക് മത്സരിക്കാനാവില്ലെന്ന ചട്ടമുള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമായി. ഇതോടെ ഒളിമ്പിക് വിലക്ക് നേരിടുന്ന ഇന്ത്യയുടെ മടങ്ങിവരവിന് വഴിയൊരുങ്ങും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചുമുതല്‍ ഇന്ത്യയുടെ അംഗീകാരം ഐ ഒ സി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
നിലവിലെ ഐ ഒ എ പ്രസിഡന്റ് അഭയ് സിങ് ചൗട്ടാലയും സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടും പുറത്താകും. ഇരുവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. ജോലിതട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് ചൗട്ടാലയ്‌ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ഭാനോട്ടിന് ജയിലിലായിരുന്നു.
പ്രതിച്ഛായ കളങ്കപ്പെട്ടവരെ പുറത്താക്കി ഭരണഘടന ഭേദഗതി ചെയ്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ഐ ഒ സി. കഴിഞ്ഞമാസം ഐ ഒ എ ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഡിസംബര്‍ പത്തിനകം ഇത് പാലിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഒളിമ്പിക് അംഗീകാരം പിന്‍വലിക്കുന്ന കാര്യം എക്‌സിക്യുട്ടീവ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്ന് ഐ ഒ സി വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ഭേദഗതിയും പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഐ.ഒ.സി.യെ തൃപ്തരാക്കുമെന്നും ഒളിമ്പിക് പ്രസ്ഥാനത്തില്‍നിന്ന് ഇന്ത്യയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കാരണമാകുമെന്നും രഘുനാഥന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചൗട്ടാലയും ഭാനോട്ടും യോഗത്തില്‍ പ്രഖ്യാപിച്ചു. ഭരണഘടനാ ഭേദഗതിയുടെ നിര്‍ദേശം ചൗട്ടാലയാണ് നിര്‍ദേശിച്ചത്. ഭാനോട്ട് അതിനെ പിന്താങ്ങുകയും ചെയ്തു. ഭരണഘടനാ ഭേദഗതി ഐ.ഒ.സി. അംഗീകരിക്കേണ്ടതുണ്ട്. അതിനുശേഷമാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുക. ചൗട്ടാലയും ഭാനോട്ടും അതിനുശേഷമാകും രാജിവെക്കുക.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഐ.ഒ.എ.യെ സസ്‌പെന്‍ഡ് ചെയ്തശേഷം പലവട്ടം ഐ.ഒ.സി.യുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണഘടനാ ഭേദഗതി നിര്‍ദേശത്തില്‍ ഐ.ഒ.സി. ശാഠ്യം പിടിച്ചു നിന്നു.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഐ.ഒ.എ.യോട് കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.
എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കാതെ ഒളിമ്പിക് വിലക്കില്‍ നിന്ന് രക്ഷയുണ്ടാകില്ലെന്ന്് ഉറപ്പായതോടെ ഐ ഒ എ പിടിവാശി ഒഴിവാക്കുകയായിരുന്നു.

Latest