Connect with us

Malappuram

പരപ്പനങ്ങാടിയിലും പരിസരങ്ങളിലും ഭൂചലനം

Published

|

Last Updated

പരപ്പനങ്ങാടി/മലപ്പുറം: ജില്ലയില്‍ ചിലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ പത്തിനാണ് തീര പ്രദേശങ്ങളിലടക്കം ഭൂചലനം അനുഭവപ്പെട്ടത്. പരപ്പനങ്ങാടിയിലും പരിസരങ്ങളിലുമാണ് വ്യാപകമായി ഭൂമി കുലുക്കമുണ്ടായത്.
ഭൂചലനത്തെ തുടര്‍ന്ന് വീടുകള്‍ക്ക് വിള്ളലുണ്ടായി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ സദ്ദാം ബീച്ച്, പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍ സൗത്ത്, ഒട്ടുമ്മല്‍ ചാപ്പപ്പടി, അങ്ങാടിപ്പുറം, ആലുങ്ങല്‍ ബീച്ച് തുടങ്ങിയ കടലോര പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ 10.04 ഓടെ വളരെ ശക്തിയേറിയ നിലയില്‍ ഭീതിപ്പെടുത്തുന്ന ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഭൂമി കുലുക്കം നീണ്ടു നിന്നിട്ടുള്ളുവെങ്കിലും ജനത്തെ ഏറെ ഭീതിയിലും പരിഭ്രാന്തിയിലുമാക്കി.
പള്ളി ദര്‍സില്‍ സബ്ഹിന്റെ സമയം ഉണ്ടായ ഭൂമി കുലുക്കം ഏറെ ഭയപ്പെടുത്തിയെന്ന് തഅ്‌ലീം ജൂനിയര്‍ ദഅ്‌വ കോളജ് സദര്‍ മുദരിസ്സ് മൂജീബ് റഹ്മാന്‍ മിസ്ബാഹി സാക്ഷ്യപ്പെടുത്തി. ഭൂമി കുലുക്കം സ്ത്രീകള്‍ അടക്കമുള്ളവരെ പരിഭ്രാന്തിയിലാക്കിയെന്ന് ഒട്ടുമ്മല്‍ സൗത്തിലെ പി പി ഹംസ പറയുന്നു.
കട്ടിലില്‍ കിടന്നവര്‍ ഉരുണ്ട് താഴെ വീഴാന്‍ പോയതായും പറയുന്നു. സദ്ദാം ബീച്ചിലെ സി നാസര്‍, കുന്നുമ്മല്‍ കുഞ്ഞി മുഹമ്മദ്, എം ബീപാത്തു, ഇ നിസാര്‍, പുത്തന്‍ കടപ്പുറത്തെ എം പി റസാക് എന്നിവരുടെ വീടുകളുടെ ചുമരുകള്‍ക്കാണ് വിള്ളലേറ്റത്. ശാന്തി നഗറിലെ ഒരു വീടിന്റെ ജനല്‍ വാതിലുകള്‍ കുലുങ്ങി. കൂടാതെ പരപ്പനങ്ങാടിയില്‍ മത്സ്യബന്ധനത്തിന് പോയി ആഴക്കടലില്‍ വിശ്രമിക്കുകയായിരുന്ന മത്സ്യബന്ധന വലിയ വള്ളങ്ങളിലുള്ളവര്‍ക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഭൂമി കുലുക്കം വള്ളങ്ങളില്‍ ഉണ്ടായിരുന്ന തൊഴിലാളികളെ പേടിപ്പെടുത്തി. മിന്നല്‍കെടി, അല്‍മിസ്‌ക്ക്, ബറക സൂന്നി മര്‍ക് തുടങ്ങിയ വള്ളങ്ങളിലുള്ളവര്‍ക്കാണ് ശക്തമായ ശബ്ദത്തോടെ ഭൂമി കുലുക്കം അനുഭവപ്പെട്ടത്. സദ്ദാംബീച്ചിലെ വിലാസിനിയുടെയും അങ്ങാടിപ്പുറത്തെ കുഞ്ഞിമ്മയുടെയും വീടിന് വിള്ളല്‍ വീണിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് ഇത്തരം ഭൂമി കുലുക്കങ്ങള്‍ പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്. തീരദേശം കേന്ദ്രീകരിച്ചാണ് ഭൂമി കുലുക്കം ഉണ്ടായതെന്നും പ്രഭവ കേന്ദ്രം കടലിലായിരിക്കാമെന്നുമാണ് അനുമാനിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാലിയം ബേപ്പൂരിലെ വള്ളിക്കുന്ന് പഞ്ചായത്തിന്റെ തീരത്തും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ശക്തി കുറഞ്ഞാണ് ഉണ്ടായത്. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തിരൂരങ്ങാടി, ചന്തപ്പടി, മാര്‍ക്കറ്റ് റോഡ്, കക്കാട്, ചെറുമുക്ക്, കൊടിഞ്ഞി, മൂന്നിയൂര്‍ ആലിന്‍ചുവട്, പുകയൂര്‍, കുന്നത്ത്, പൊറ്റാണി, മമ്പുറം, വി കെപടി തുടങ്ങിയ ഭാഗങ്ങളിലാണ് രാവിലെ 10നും 10.5നും ഇടയില്‍ ഇടിമുഴക്കവും വിറയലും ഉണ്ടായത്.
മൂന്നിയൂര്‍ ആലിന്‍ചുവട് അങ്ങാടിയിലെ ഒരു കെട്ടിടത്തിന്റെ ചുമരിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വീടിനുള്ളിലുണ്ടായിരുന്ന പലരും പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. പറപ്പൂര്‍ പുഴച്ചാലിലും ഭൂചലനം അനുഭവപ്പെട്ടു. എടകണ്ടന്‍ നിസാറിന്റെ വീട്ടിലാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്. ആദ്യം ഭൂചലനമാണെന്ന് മനസ്സിലായില്ലെങ്കിലും പരപ്പനങ്ങാടി ഉള്‍പ്പെട്ട ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായ വാര്‍ത്ത അറിഞ്ഞതോടെയാണ് ഭൂചലനമാണെന്ന് തിരിച്ചറിഞ്ഞത്.

Latest