അനിശ്ചിതത്വത്തില്‍ ഡല്‍ഹി; രാഷ്ട്രപതി ഭരണം വന്നേക്കും

Posted on: December 9, 2013 6:51 am | Last updated: December 9, 2013 at 11:16 am
SHARE

delhi mapന്യൂഡല്‍ഹി: ഒരു കക്ഷിയും കേവല ഭൂരിപക്ഷം നേടാനാവാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിന് രണ്ടക്കം പോലും കടക്കാന്‍ കഴിയാത്ത തെരെഞ്ഞെടുപ്പില്‍ ബി ജെ പിയും അരങ്ങേറ്റക്കാരായ ആം ആദ്മി പാര്‍ട്ടി (എ എ പി)യുമാണ് നേട്ടമുണ്ടാക്കിയത്. 31 സീറ്റ് ലഭിച്ച ബി ജെ പിയാണ് വലിയ ഒറ്റക്കക്ഷി. 28 സീറ്റുള്ള എ എ പി രണ്ടാം സ്ഥാനത്തുണ്ട്. 43 സീറ്റുകള്‍ നേടി ഭരിച്ചിരുന്ന കോണ്‍ഗ്രസിന് 8 സീറ്റേ ലഭിച്ചുള്ളൂ.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുമായും ചേരില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ തോല്‍വി അറിയാത്ത ഷീലാ ദീക്ഷിതിനെ 25,000 ന് മുകളില്‍ വോട്ടിനാണ് കെജ്‌രിവാള്‍ തോല്‍പ്പിച്ചത്. എ എ പി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രഖ്യാപിച്ചപ്പോള്‍ ആം ആദ്മി എന്താണ്, അവരുടെ നയമെന്താണ് എന്നൊക്കെ പരിഹസിച്ച ആളാണ് ഷീലാ ദീക്ഷിത്. ഷീലാ ദീക്ഷിത് എവിടെ മത്സരിച്ചാലും താന്‍ എതിരായി മത്സരിക്കുമെന്ന് കെജ്രിവാള്‍ തെരെഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധനെയും കെജ്‌രിവാള്‍ മത്സരത്തിന് ക്ഷണിച്ചിരുന്നു. കൃഷ്ണനഗറില്‍ മത്സരിച്ച ഹര്‍ഷവര്‍ധന്‍ 30,000 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്.

എ എ പിയോട് ചേരില്ലെന്ന് ബി ജെ പിയും പ്രഖ്യാപിച്ചതോടെയാണ് ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാധ്യതയും മങ്ങിയത്. 1998ലാണ് ബി ജെ പി അവസാനമായി ഡല്‍ഹിയില്‍ അധികാരത്തിലിരുന്നത്. സുഷമാ സ്വരാജായിരുന്നു അന്ന് മുഖ്യമന്ത്രി. പിന്നീടിങ്ങോട്ട് മൃഗീയമായ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ചിരുന്നത്. തുടച്ചയായി കൂടുതല്‍ കാലം ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന പേരും ഷീലാ ദീക്ഷിതിന് ലഭിച്ചിരുന്നു. 1956 മുതല്‍ 1993 വരെ ഡല്‍ഹിയില്‍ രാഷട്രപതി ഭരണമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here