തായിലാന്‍ഡില്‍ പ്രതിപക്ഷ എം പിമാര്‍ കൂട്ടത്തോടെ രാജിവെച്ചു; തെരെഞ്ഞെടുപ്പിന് തയ്യാറെന്ന് പ്രധാനമന്ത്രി

Posted on: December 9, 2013 9:02 am | Last updated: December 9, 2013 at 9:03 am

Yingluck-Shinawatraബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ, പ്രതിപക്ഷ എം പിമാര്‍ രാജിവെച്ചു. ഷിനാവത്രയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമാനുസൃതമല്ലാത്ത ഭരണമാണ് നടത്തുന്നതെന്നും സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികളില്‍ പങ്കാളിയാകാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എം പിമാര്‍ രാജി കത്ത് നല്‍കിയത്.
പാര്‍ലിമെന്റില്‍ ഷിനാവത്രയുടെ സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നും ജനങ്ങളെ അംഗീകരിക്കാത്ത നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കന്നതെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവ് ചവനോന്ദ് ഇന്ററാകോമല്‍യാസുത് വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എം പിമാര്‍ രാജിവെച്ചതോടെ തായ്‌ലാന്‍ഡില്‍ ആഴ്ചകളോളമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 153 എം പിമാരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടിയുടെ തീരുമാനത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു. ജനാധിപത്യ സംവിധാനത്തെ പരിപാലിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും വിജയിച്ചിരുന്നില്ല.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്നും ജനങ്ങളുടെ അവകാശം ഉറപ്പിക്കാന്‍ പ്യൂപ്പിള്‍ കൗണ്‍സില്‍ രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ പ്രക്ഷോഭം അക്രമാസക്തമാകുകയാരുന്നു. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ എം പിമാര്‍ രാജി കത്ത് നല്‍കിയതോടെ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പ്രക്ഷോഭകര്‍ നടത്തുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് തലസ്ഥാനമായ ബാങ്കോക്കിലെ സര്‍ക്കാര്‍ മന്ദിരത്തേക്ക് കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ സമര നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്ര. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാതിരുന്ന ഷിനാവത്ര ഇതാദ്യമായാണ് സര്‍ക്കാര്‍ പിരിച്ചു വിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എം പിമാര്‍ കൂട്ടത്തോടെ രാജി വെച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ഷിനാവത്ര രംഗത്തെത്തുന്നത്. ഭരണം അവസാനിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാര്‍ലിമെന്റ് അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമുണ്ടെങ്കില്‍ രാജിവെച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ സന്നദ്ധയാണെന്ന് ഷിനാവത്ര വ്യക്തമാക്കി.