മുഖ്യമന്ത്രിയെയും തിരുവഞ്ചൂരിനെയും പരിഹസിച്ച് ജോര്‍ജിന്റെ ബ്ലോഗെഴുത്ത്

Posted on: December 8, 2013 7:45 am | Last updated: December 8, 2013 at 7:45 am

pc georgeകോട്ടയം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ബ്‌ളോഗിലൂടെ ആക്രമണം. തിരുവഞ്ചൂരിനെ ഒറ്റുകാരനായ നവീന വേതാളമായി വിശേഷിപ്പിച്ചാണ് ബ്‌ളോഗ് എഴുത്ത്. എമര്‍ജിംഗ് ഫൈറ്റ് എന്ന പോസ്റ്റില്‍ ‘ഭോജരാജനും നവീന വേതാളവും’ എന്ന തലക്കെട്ടില്‍ ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത ആക്ഷേപഹാസ്യത്തില്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരുമാണ് പ്രധാന കഥാപാത്രങ്ങള്‍.

പള്ളിയറയിലെ തൂവല്‍കിടക്കയില്‍ കിടക്കുമ്പോള്‍ ഭോജരാജന്‍ കണ്ട സ്വപ്‌നമാണ് കഥയുടെ ഇതിവൃത്തം. ടി പി വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും സോളാര്‍ തട്ടിപ്പുകാരി സരിതയുടെ മോചനസാധ്യതയും ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂരിനെതിരെയുള്ള ഒളിയമ്പ്. സരിതയെ സര്‍പ്പസുന്ദരിയായി വിശേഷിപ്പിച്ചിരിക്കുന്നു.
എവിടെയും പ്രതിഷേധവും കരിങ്കൊടി പ്രകടനവും എതിര്‍പ്പും മൂലം അസ്വസ്ഥനാണ് ഭോജരാജന്‍. ദീനാനുകമ്പ മുഖമുദ്രയാക്കി പ്രജാസമ്പര്‍ക്ക പരിപാടിയിലൂടെ കൃത്യതയാര്‍ന്ന ഭരണം കാഴ്ച വെക്കുന്ന ‘ഭോജരാജാവി’നെ മുഖം നിറയെ വെളുത്തചിരിയുമായി ഒറ്റാന്‍ വെമ്പുന്ന ആളാണത്രേ ഈ ‘വേതാളം’.
പ്രജാ സമ്പര്‍ക്ക പരിപാടി എവിടെയും ഏശുന്നില്ല. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ പ്രജാനായകനായ ‘ചന്ദ്രസേന’നെ കൊന്നതിന് പിടിയലായ പ്രതികള്‍ കാരാഗൃഹത്തില്‍ ബര്‍മുഡയും കൂളിംഗ് ഗ്ലാസുമായി സുഖവാസം നടത്തുന്നു. കാരാഗൃഹ മേധാവി അവര്‍ക്ക് വേണ്ടി സംസാരിക്കുന്നു. ‘ചന്ദ്രസേന’ന്റെ കൊലയാളികളെ അടച്ച കാരാഗ്രഹത്തിന്റെ മേധാവിയെയും അന്വേഷണ പ്രമാണിമാരെയും ‘വേതാളം’ വിലക്കെടുത്തുവെന്ന വാര്‍ത്ത കേട്ട് ഇതിനിടെ ഭോജരാജന്‍ ഞെട്ടുന്നുണ്ട്. കൊലയാളികള്‍ക്ക് ജയിലിന് അകത്തേക്കും പുറത്തേക്കും പോകാനുള്ള സര്‍വസ്വാതന്ത്ര്യവുമുണ്ട്. ഇത് ഭോജരാജാവ് അറിയുന്നില്ല. ഇനി അധികം താമസിക്കാതെ രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ജയിലില്‍ കിടക്കുന്ന ‘സര്‍പ്പസുന്ദരി’യും പുറത്തുവരുമെന്ന മുന്നറിയിപ്പും ബ്ലോഗിലുണ്ട്.
പ്രജകളുടെ മുഴുവന്‍ രോഷവും തനിക്ക് നേരെ മാത്രമാണെന്നു ഭോജരാജാവ് വിലപിക്കുന്നു. താന്‍ പുറത്തിറങ്ങിയാലുടന്‍ കറുത്ത തുണി… ആക്രോശം, ചതി.. സാമ്രാജ്യത്തില്‍ ബാക്കിയുള്ള ആരുടെ നേര്‍ക്കും ഈ കറുത്ത തുണി പോലും പാറുന്നില്ല. സ്വപ്‌നത്തിനൊടുവില്‍ ഞെട്ടിയുണര്‍ന്ന രാജാവ് സിംഹാസനത്തിലേക്ക് നോക്കുമ്പോള്‍ കാണുന്നത് മുഖം നിറയെ വെളുത്ത ചിരിയുള്ള ചതിയുടെ വാരിക്കുഴി തീര്‍ത്ത് ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കാന്‍ വെമ്പുന്ന വേതാളത്തെയാണ്്.
വിക്രമാദിത്യ ചക്രവര്‍ത്തിയുടെ തോളില്‍ അമര്‍ന്നിരുന്ന വേതാളത്തിന്റെ നവീന രൂപമായാണ് അതിനെ ജോര്‍ജ് വിശേഷപ്പിക്കുന്നത്. ഒത്തുതീര്‍പ്പിന്റെയും രാജനീതിയുടെയും ഉടമയുമാണ്് ഈ നവീന വേതാളമെന്നും ബ്‌ളോഗില്‍ പറയുന്നു.
ഒപ്പമുള്ളവരെ ഒറ്റാന്‍ വെമ്പുന്ന പുതിയ വേതാളത്തെ കണ്ട്, സര്‍പ്പസുന്ദരിയുടെയും ചന്ദ്രസേനന്റെ ഘാതകരുടെയും അട്ടഹാസങ്ങള്‍ നിറഞ്ഞ സഭാതലത്തില്‍ ഭോജരാജാവ് നടുങ്ങിത്തരിച്ചുനിന്നു എന്ന പ്രയോഗത്തോടെയാണ് ബ്ലോഗ് അവസാനിക്കുന്നത്.