മുങ്ങിയ ചിട്ടി ഉടമയെ ഇനിയും കണ്ടെത്തിയില്ല

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:12 am

ചിറ്റൂര്‍: ചിറ്റ്‌സ് ഫണ്ട് ഉടമ ആന്റണി കോശിയെ രണ്ടുമാസം കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. തട്ടിപ്പിനിരയായ നൂറുകണക്കിന് ഇടപാടുകാര്‍ മുട്ടാത്ത വാതിലുകളില്ല. കുറിയില്‍ ചേര്‍ന്ന് പണം നഷ്ടപ്പെട്ടവരുടെ ആയിരത്തിലേറെ പരാതികള്‍ പോലീസ് സ്‌റ്റേഷനില്‍ സുരക്ഷിതമാണ്. കേസിന്റെ അവസ്ഥയെക്കുറിച്ച് അറിയാന്‍ പോലീസ് സ്‌റ്റേഷനിലെത്തുന്ന ഇടപാടുകാര്‍ക്ക്,അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നമറുപടിമാത്രമാണ് പോലീസില്‍നിന്ന് കിട്ടുന്നത്.
കൊല്ലങ്കോട്, ആലത്തൂര്‍, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സമാനമായ രീതിയിലാണ് തട്ടിപ്പ് നടന്നത്
. എല്ലാ ഓഫീസുകളും ഒരേസമയത്ത് പൂട്ടി മുങ്ങുകയായിരുന്നു. ആന്റണി കോശിക്ക് പുറമേ, റീജണല്‍ മാനേജര്‍, മാനേജര്‍ എന്നിവരും ഒളിവിലാണ്.
ആന്റണി കോശി വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. ആന്റണി കോശിയുടെ ബേങ്ക് ബാലന്‍സ്, സ്വത്തുക്കള്‍ എന്നിവ കൈമാറ്റം ചെയ്യാതിരിക്കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്നും അയാളുടെ ഒളിത്താവളങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പുതുതായി ചാര്‍ജ്ജെടുത്ത സി ഐ എ എം സിദ്ധിഖ് പറഞ്ഞു.