ഫേസ്ബുക്ക് വിവാദവും ജയില്‍ പരിഷ്‌കരണവും

Posted on: December 8, 2013 6:00 am | Last updated: December 8, 2013 at 6:41 am

kodi suniഅബ്ദുന്നാസിര്‍ മഅ്ദനി കര്‍ണാടക പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ്. മുസ്‌ലിം മതവിശ്വാസിയായ മഅ്ദനിക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം നിര്‍ബന്ധിത ബാധ്യതയുമാണ്. എന്നാല്‍, തടവിലാക്കപ്പെട്ടതിനു ശേഷം ഒരൊറ്റ ജുമുഅ നിസ്‌കാരം നിര്‍വഹിക്കാന്‍ പോലും അബ്ദുന്നാസിര്‍ മഅ്ദനി എന്ന മതവിശ്വാസിയും മലയാളിയുമായ ഇന്ത്യന്‍ പൗരന് കര്‍ണാടകയിലെ ജയിലധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. മാത്രമല്ല, വികലാംഗനും രോഗിയുമായ മഅ്ദനിക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നതിനു പോലും സുപ്രീം കോടതിയുടെ കര്‍ക്കശമായ ഇടപെടലുകള്‍ വേണ്ടി വന്നു. ഇവ്വിധം ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് വാഗ്ദാനം ചെയ്തിട്ടുള്ള മൗലികാവകാശങ്ങളെ പോലും നിഷേധിക്കുന്ന തരത്തില്‍ ക്രൂരവും കര്‍ക്കശവുമായ സമീപനങ്ങള്‍ക്ക് ഇന്ത്യന്‍ ജയിലുകളില്‍ അബ്ദുന്നാസിര്‍ മഅ്ദനിമാര്‍ ഇരകളായിക്കൊണ്ടിരിക്കുന്നു എന്ന വാസ്തവം നിലനില്‍ക്കേ തന്നെയാണ്, ആര്‍ ബാലകൃഷ്ണ പിള്ളയെപ്പോലുള്ള ശിക്ഷിക്കപ്പെട്ട ജയില്‍വാസികളായിരുന്ന പ്രതികള്‍ക്ക് ചികിത്സാര്‍ഥം യഥേഷ്ടം പരോളുകളും ആശുപത്രിയില്‍ സുഖവാസവും ജയിലില്‍ ടെലിഫോണ്‍ ഉപയോഗിക്കാനുള്ള ഒത്താശയും ഒക്കെ ചെയ്തുകൊടുക്കുന്ന സമീപനങ്ങളും പോലീസില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സര്‍ക്കാറും പോലീസും തടവുപുള്ളി എന്ന നിലയില്‍ മഅ്ദനിയോടും ബാലകൃഷ്ണ പിള്ളയോടും സ്വീകരിച്ച രണ്ട് വിധത്തിലുള്ള സമീപനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ ജയിലുകളും പോലീസും പോലും ഗോഡ്‌സേവത്കൃതമായിട്ടുണ്ടെന്നു കൂടിയാണ്. എന്നു വെച്ചാല്‍ ഏതെങ്കിലും കുറ്റത്തിന് തടവില്‍ അടക്കപ്പെടുന്നത് മുസ്‌ലിം ആണെങ്കില്‍ അയാള്‍ക്ക് കഠിന തടവും മറിച്ച് പ്രതി ഹിന്ദുവും രാഷ്ട്രീയ സ്വാധീനമുള്ള നേതാവും ആണെങ്കില്‍ അയാള്‍ക്ക് അയഞ്ഞ തടവും ആണ് ലഭിക്കുക എന്നു ചുരുക്കം. ഇങ്ങനെ പൗരന്‍ ഹിന്ദുവാണെങ്കില്‍ അയാള്‍ ദേശസ്‌നേഹിയും മുസ്‌ലിം ആണെങ്കില്‍ അയാള്‍ ദേശദ്രോഹിയും ആണെന്ന മുന്‍വിധിയോടെ പെരുമാറാന്‍ ഇന്ത്യന്‍ പോലീസ് സേന തയ്യാറായി പോകുംവിധം ഗോഡ്‌സേവത്കരണം സര്‍വത്ര നടന്നുകൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ വെച്ച് വേണം ഈയിടെ കേരളത്തില്‍ ഉയര്‍ന്നുവന്ന ഫേസ്ബുക്ക് വിവാദത്തെ പരിശോധിക്കാന്‍.
ആര്‍ ബാലകൃഷ്ണ പിള്ളക്ക് ജയില്‍വാസക്കാലത്തും ഫോണ്‍ ഉപയോഗിക്കാമെന്നും കൊടി സുനിക്കും അണ്ണന്‍ സിജിത്തിനും മുഹമ്മദ് ഷാഫിക്കും അതു ചെയ്യാന്‍ പാടില്ലെന്നും പറയുന്നത് എന്തു ന്യായത്തിലാണ് ? ഉമ്മന്‍ ചാണ്ടിയുടെ കാതില്‍ കുശലം പറയുന്ന സരിത എസ് നായറുടെ ഫോട്ടോ മോര്‍ഫിംഗ് ചെയ്തുണ്ടാക്കിയതാണെന്ന് ഉശിരോടെ വാദിച്ച കോണ്‍ഗ്രസുകാര്‍ക്ക് ടി പി വധക്കേസിലെ പ്രതികളായി ജയിലില്‍ കഴിയുന്നവരുടെതായി ഫേയ്‌സ്ബുക്കില്‍ വന്ന ചിത്രങ്ങള്‍ മോര്‍ഫിംഗിലൂടെ ക്രിത്രിമമായി പടച്ചുണ്ടാക്കിയതാണെന്നു എന്തുകൊണ്ട് തോന്നുന്നില്ല? ഉമ്മന്‍ ചാണ്ടിയുടെയും സരിത എസ് നായരുടെയും ചിത്രങ്ങള്‍ മാത്രമേ മോര്‍ഫിംഗിന് വിധേയമാക്കാനാകൂ എന്നുണ്ടോ? ടി പി വധക്കസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതും ഫേയ്‌സ് ബുക്ക് ഉപയോഗിച്ചതും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ആയതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിപദം ഒഴിയണമെന്നുമാണ് കെ സുധാകരനും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഉച്ചൈസ്തരം വാദിക്കുന്നത്. എന്നാല്‍, ഇതേ ന്യായപ്രകാരം ചിന്തിച്ചാല്‍ ആദ്യം രാജിവെക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണ്. കാരണം ജിക്കുമോന്‍, ടെന്നി ജോപ്പന്‍, സലീം രാജ് എന്നിങ്ങനെയുള്ള, താന്‍ തിരഞ്ഞെടുത്ത തന്റെ സ്റ്റാഫംഗങ്ങള്‍ നാട്ടുകാരെ പറ്റിച്ചു കോടികള്‍ സമ്പാദിച്ചു സുഖജീവിതം നയിച്ചിരുന്ന സരിത എസ് നായരുമായി അവിഹിത ബാന്ധവങ്ങള്‍ നിരന്തരം നടത്തിവന്നിരുന്നത് അറിയാതെ പോയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ ഓഫീസും സരിത എസ് നായരും തമ്മിലുണ്ടായ അവിഹിത ബാന്ധവത്താല്‍ ഉണ്ടായിടത്തോളം പ്രതിച്ഛായാ നഷ്ടം മറ്റൊന്നു കൊണ്ടും ഈ സര്‍ക്കാറിനുണ്ടായിട്ടില്ല. അതിനാല്‍ പിടിപ്പുകേട് കാരണമായി തിരുവഞ്ചൂര്‍ രാജിവെക്കണമെന്ന ന്യായത്തോടെ ചിന്തിച്ചാല്‍ ഉമ്മന്‍ ചാണ്ടിയാണ് ആദ്യം രാജി വെക്കേണ്ടയാള്‍. ഇത് ഉമ്മന്‍ ചാണ്ടിക്കു തന്നെ നല്ല ബോധ്യമുണ്ട്. അതിനാല്‍ തന്നെ ആരൊക്കെ അലറിപ്പറഞ്ഞാലും പിടിപ്പുകേട് കാരണമായി ആഭ്യന്തരം ഒഴിയാന്‍ തിരുവഞ്ചൂരിനോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്ന സ്ഥിതി ഉണ്ടാകുകയില്ല. അതുകൊണ്ട് തന്നെയാണ് “’തീയില്‍ കുരുത്ത ഞാന്‍ ഈ വെയിലത്തൊന്നും വാടില്ല’ എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തറപ്പിച്ചു പറഞ്ഞത്.
ടി പി വധക്കേസ് പ്രതികളുടെതെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ കാണിച്ച ഫേസ്ബുക്ക് പേജുകളിലെല്ലാം സി പി എമ്മിനേയും പിണറായി വിജയനെയും സ്തുതിക്കുന്ന പോസ്റ്റുകളാണുള്ളത് എന്നതിനാല്‍ കൊടും ക്രിമിനലുകളും സി പി എമ്മും പിണറായി വിജയനും തമ്മിലുള്ള സുദൃഢ ബാന്ധവത്തിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ല എന്ന മട്ടിലാണ് പലരും ചര്‍ച്ച കൊഴിപ്പിച്ചു വരുന്നത്. എന്നാല്‍ സരിത എസ് നായരുടെ ഫേസ്ബുക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ എസ് യു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പോഷക സംഘടനകള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്ന പോസ്റ്റുകള്‍ ഉണ്ടായിരുന്നു. അതിനര്‍ഥം ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും സരിത എസ് നായരും തമ്മില്‍ സുദൃഢ ബന്ധമുണ്ടെന്നാക്കണമെന്ന് ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ കണ്ടെത്തിയിട്ടില്ല. ഇതേ ന്യായം ടി പി വധക്കേസ് പ്രതികളും സി പി എമ്മും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിലും പ്രയോഗിച്ചു കൂടേ? അതിന് ചാനലുകള്‍ക്കും അതില്‍ ‘ചര്‍ച്ചിക്കാന്‍’ എത്തുന്നവര്‍ക്കും കഴിയാത പോകുന്നതു ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന മനോഗതിയാലാണ്. ചുരുക്കത്തില്‍, ഫെസ്ബുക്ക് വിവാദത്തിലൂടെ സി പി എമ്മിനെ താറടിക്കുക എന്നതിനൊപ്പം കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വൈരത്തിന് പ്രകാശനമുണ്ടാക്കുക തുടങ്ങിയ നാറിയ രാഷ്ട്രീയ പേക്കൂത്തുകള്‍ മാത്രമാണ് കേരള ജനതക്ക് ആകെ ലഭിച്ചിട്ടുള്ളത്. ഇതിനെ മുതലെടുക്കുന്നത് നരേന്ദ്ര മോഡിക്ക് സിന്ദാബാദ് വിളിക്കുന്നവരാണ്.
എന്തായാലും കുറ്റവാളികളും കുറ്റാരോപിതരും ഒക്കെ മനുഷ്യരാണ് എന്നും ഇന്ത്യന്‍ പൗരന്മാരാണെന്നും അവര്‍ക്കും മതവിശ്വാസവും രാഷ്ട്രീയ അഭിപ്രായങ്ങളും പാടാനും എഴുതാനും വരക്കാനും ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളില്‍ അഭിരമിക്കാനും കഴിവുണ്ടാകാം എന്നും മറ്റുമുള്ള സര്‍ഗാത്മക മനോഭാവത്തോടെ ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. നാട്ടില്‍ വൈദ്യുതി വന്നപ്പോള്‍ ജയിലിലും വൈദ്യുതി വന്നു. നാട്ടില്‍ ടെലിവിഷന്‍ വന്നപ്പോള്‍ ജയിലിലും ടെലിവിഷന്‍ വന്നു. നാട്ടിലെല്ലാം മൊബൈലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റുകളും വന്നപ്പോള്‍ നാട്ടില്‍ ജീവിച്ചിരുന്നവരാണ് ജയില്‍പ്പുള്ളികള്‍ എന്നതിനാല്‍ അവരും അതൊക്കെ ഉപയോഗിച്ചു ശീലിച്ചു. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടും പരിഷ്‌കൃത രാജ്യങ്ങളിലെ ജയില്‍ സമ്പ്രദായങ്ങളെ പരിഗണിച്ചും കാലോചിതമായ ജയില്‍ സമ്പ്രദായങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാക്കാവുന്നതാണ്. ജയില്‍ പുള്ളികളാണെങ്കിലും അവരും രാജ്യത്തെ പൗരന്മാരും ചെറിയ പരിഗണന അര്‍ഹിക്കുന്നവരുമാണ്്.