Connect with us

Ongoing News

വിമോചന സൂര്യന്‍ അസ്തമിച്ചു

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാളിയും വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തില്‍ ലോകത്തിന്റെ തന്നെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മണ്ടേലയുടെ വിയോഗ വാര്‍ത്ത പ്രസിഡന്റ് ജേക്കബ് സുമ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചതോടെ രാജ്യത്തിനൊപ്പം ലോക രാഷ്ട്രങ്ങളും മൂകമായി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം പ്രിട്ടോറിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മണ്ടേല. കഴിഞ്ഞ സെപ്തംബറില്‍ വസതിയിലേക്ക് മാറ്റിയ മണ്ടേലയെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം പരിശോധനകള്‍ നടത്തിവരികയായിരുന്നു. “നമ്മുളേവരുടെയും പ്രിയപ്പെട്ട നെല്‍സണ്‍ മണ്ടേല വിട പറഞ്ഞിരിക്കുന്നു. മഹാനായ പുത്രനെ നമ്മുടെ രാഷ്ട്രത്തിന് നഷ്ടമായിരിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു.”- മണ്ടേലയുടെ വിയോഗ വാര്‍ത്ത ചാനലിലൂടെ അറിയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.
പതിനഞ്ചിന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ജന്മഗ്രാമത്തില്‍ തന്നെയാകും മൃതദേഹം സംസ്‌കരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെ മണ്ടേലയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മരണ വാര്‍ത്ത അറിഞ്ഞതോടെ ഇന്നലെ അതിരാവിലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മണ്ടേലയുടെ വസതിയിലേക്ക് ഒഴുകിയെത്തി.
ദക്ഷിണാഫ്രിക്കയുടെ തെക്കു കിഴക്കന്‍ പ്രവിശ്യയായ ഉംടാറ്റാ ജില്ലയില്‍ 1918 ജൂലൈ പതിനെട്ടിനാണ് മണ്ടേലയുടെ ജനനം. ഇരുപത്തിയേഴ് വര്‍ഷം നീണ്ടുനിന്ന ജയില്‍വാസത്തിനു ശേഷമാണ് അഭിഭാഷകനും മുന്‍ ബോക്‌സിംഗ് താരവുമായിരുന്ന മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. ജയില്‍വാസത്തിന്റെ ഭൂരിഭാഗവും റോബന്‍ ദ്വീപിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വിജയിച്ച് 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി. ഫ്രഡറിക് ക്ലാര്‍ക്കിനൊപ്പം 1993ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടു. “ലോംഗ് വാക് ടു ഫ്രീഡം” ആണ് ആത്മകഥ.
മണ്ടേലയുടെ വംശത്തില്‍പ്പെട്ട മുതിര്‍ന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ് ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ വിളിക്കുന്നത്. 1957ല്‍ ഈവ്‌ലിന്‍ മാസേ, 1992ല്‍ വിന്നി എന്നിവരുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ഗ്രേസ മകേലിനെ 1998ല്‍ മണ്ടേല ജീവിതസഖിയാക്കി. മൂന്ന് ഭാര്യമാരിലായി ആറ് മക്കളാണ് അദ്ദേഹത്തിനുള്ളത്.
ആഫ്രിക്കന്‍ ഗാന്ധിയെന്നാണ് നെല്‍സണ്‍ മണ്ടേല അറിയപ്പെടുന്നത്. തന്റെ പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ സായുധ വഴി സ്വീകരിച്ച മണ്ടേലയെ അഹിംസയുടെയും സഹന സമരത്തിന്റെയും വഴിയിലേക്ക് എത്തിച്ചത് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഇന്ത്യ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നക്കും മണ്ടേല അര്‍ഹനായിട്ടുണ്ട്. 1990ലാണ് മണ്ടേലക്ക് ഭാരതരത്‌ന നല്‍കി ഇന്ത്യ ആദരിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു മണ്ടേല.
അഞ്ച് ദിവസത്തെ ദുഃഖാചരണത്തിന് ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. യഥാര്‍ഥ ഗാന്ധിയനായ മണ്ടേല, മരണശേഷവും ഭാവി തലമുറക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Latest