Connect with us

Editorial

വര്‍ണവെറി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകം

Published

|

Last Updated

വര്‍ണവിവേചനത്തിനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ തേരാളിയെയാണ നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തോടെ ലോകത്തിന് നഷ്ടമായത്. ദക്ഷിണാഫ്രിക്കയിലെ മവേസോ ഗ്രാമത്തില്‍ തെംബു വംശത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലെ 18ന് പിറന്ന മണ്ടേല രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും നിറത്തിന്റെ പേരില്‍ കറുത്തവര്‍ഗക്കാരെ വേട്ടയാടിയ അപ്പാര്‍ത്തീഡ് നിയമ സംവിധാനങ്ങള്‍ക്കുമെതിരെയുമുളള പോരാട്ടത്തിലൂടെയാണ് ആഗോള ശ്രദ്ധേയനാകുന്നത്. പൊതു ഇടങ്ങളില്‍ കറുത്തവരും വെളുത്തവരും തമ്മില്‍ ഇടപഴകുന്നതും വംശസങ്കലന വിവാഹങ്ങളും വിലക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയില്‍ അധീശത്വം സ്ഥാപിച്ച വര്‍ണവെറിയന്‍ ഭരണകൂടം തദ്ദേശീയ ജനതക്കു മേല്‍ അടിച്ചേല്‍പ്പിച്ച അപ്പാര്‍ത്തീഡ് നിയമം. വെള്ളക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കറുത്തവര്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. കറുത്തവര്‍ക്ക് അവിടെ തൊഴില്‍ ചെയ്യുന്നതിനും വ്യവസായങ്ങള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്ത കറുത്തവരെ എവിടെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. വെള്ളക്കാരുടെ മേഖലകളില്‍ മെച്ചപ്പെട്ട ആശുപത്രികളും, വിദ്യാലയങ്ങളും നിരത്തുകളും കെട്ടിടങ്ങളും നിര്‍മിച്ചപ്പോള്‍ കറുത്തവര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ക്ഷേമസംവിധാനങ്ങളെ സര്‍ക്കാര്‍ പാടേ അവഗണിച്ചു. കറുത്തവരെ വന്‍തോതില്‍ ക്രിസ്തുമത പരിവര്‍ത്തനം ചെയ്തുവെങ്കിലും വെള്ളക്കാരുടെ പള്ളികളില്‍ അവര്‍ക്ക് പ്രവേശനമില്ലായിരുന്നു. ലക്ഷക്കണക്കിന് കറുത്തവരെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് ബലമായി കുടിയിറക്കി “കറുത്ത മേഖലാപ്രദേശ”ങ്ങളിലേക്ക് ആട്ടിപ്പായിച്ചു. കറുത്തവര്‍ക്ക് വോട്ടവകാശവും നിഷേധിച്ചിരുന്നു.
1950 കളില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ എന്‍ സി) അപാര്‍ത്തീഡിനെതിരെ ആരംഭിച്ച പ്രക്ഷോഭം 1952 ല്‍ മണ്ടേല നേതൃസ്ഥാനത്ത് വന്നതോടെയാണ് കരുത്താര്‍ജിച്ചത്. 1952 ഏപ്രില്‍ 6ന് ജൊഹന്നാസ്ബര്‍ഗിലെ ഫ്രീഡം സ്‌ക്വയറില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് പ്രക്ഷോഭം കൂടുതല്‍ ശക്തയാര്‍ജിക്കാനും ലോക ശ്രദ്ധയാകര്‍ഷിക്കാനുമിടയാക്കിയത്. മഹാത്മാ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ ആകൃഷ്ടനായി അക്രമരഹിത സമരമുറകളായിരുന്നു തുടക്കത്തില്‍ സ്വീകരിച്ചതെങ്കിലും 1959ല്‍ ഷാര്‍പ്പില്ലെയില്‍ സമാധാനപരമായ പ്രകടനത്തിന് നേരെ വര്‍ണവെറിയന്‍ ഭരണകൂടം നടത്തിയ വെടിവെപ്പ് അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരുത്തി. 69 പേര്‍ തല്‍ക്ഷണം മരിക്കുകയും 186 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഈ സംഭവത്തോടെ സഹനസമരത്തില്‍ നിന്ന് സായുധ സമരത്തിലേക്ക് മാറിയ മണ്ടേല ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന് ഒരു സായുധ വിഭാഗം രൂപവത്കരിച്ചു. ഈ സംഘടനക്കെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോയെങ്കിലും അധികം വൈകാതെ അറസ്റ്റിലായി. അട്ടിമറിക്കുറ്റം ആരോപിച്ചു റിവോദിയ കോടതിയില്‍ ഹാജരാക്കിയ നെല്‍സണ്‍ മണ്ടേല അവിടെ നടത്തിയ നാല് മണിക്കൂര്‍ നീണ്ട പ്രസംഗം ചരിത്രപ്രസിദ്ധമാണ്. കോടതിമുറിക്കകത്തും പുറത്തും ആ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചു. പ്രസ്തുത കേസില്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അദ്ദേഹം മോചിതനാകുന്നത് നീണ്ട 27 വര്‍ഷത്തിന് ശേഷമാണ്.
വിമോചനാനന്തരം ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മണ്ടേല 1994ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വന്‍വിജയത്തോടെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993ലെ സമാധാനത്തിനുളള നൊബേല്‍ സമ്മാനം അടക്കം 250ലേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടത് പോലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സംഭാവനകളര്‍പ്പിച്ച മണ്ടേല ഇന്ത്യയുടെ മഹാനായ സുഹൃത്തായിരുന്നു. ഇത് പരിഗണിച്ചാണ് 1990ല്‍ ഭാരതരത്‌നം പുരസ്‌കാരം നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചത്. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണദ്ദേഹം.
രാജ്യത്തെ വംശീയപ്രശ്‌നങ്ങള്‍ക്ക് കുറേയൊക്കെ പരിഹാരം കാണാന്‍ തന്റെ ഭരണ കാലത്ത് മണ്ടേലക്കായെങ്കിലും ദക്ഷിണാഫ്രിക്കയിലടക്കം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വര്‍ണവെറി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും 26 കോടി പേര്‍ ഇതിന്റെ കെടുതികള്‍ അനുഭവിക്കുന്നതായും ഇതേക്കുറിച്ചു പഠനം നടത്തിയ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനും അക്രമത്തിനും ഇടയാക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ പോരാടാന്‍ പുതിയ നെല്‍സന്‍ മണ്ടേലമാര്‍ ഉദയം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. വര്‍ണ വിവേചനത്തിനെതിരായ നെല്‍സന്‍ മണ്ടേലയുടെ ആയുഷ്‌കാല പോരാട്ടവും നയങ്ങളും ഇതിന് പ്രചോദനമാകേണ്ടതാണ്.