Connect with us

Gulf

യു എ ഇയുടെ ഐശ്വര്യം നമ്മുടേത് കൂടിയെന്ന് പി ടി എ റഹീം എം എല്‍ എ

Published

|

Last Updated

റാസല്‍ഖൈമ: യു എ ഇയുടെ ഇന്ന് കാണുന്ന ഐശ്വര്യം നമ്മുടെയും ഐശ്വര്യമാണെന്ന് കുന്ദമംഗലം എം എല്‍ എ. പി ടി എ റഹീം അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ സ്‌കോളേര്‍സ് സ്‌കൂളില്‍ നടന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ അഞ്ചാമത് യു എ ഇ നാഷനല്‍ സാഹിത്യോത്സവില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുവാന്‍ സാഹചര്യം ഒരുക്കിത്തന്ന സ്വദേശികളെ നമ്മുടെ ഉയര്‍ച്ചയില്‍ വിസ്മരിക്കുവാന്‍ കഴിയില്ല. യു എ ഇ 42-ാം ദേശീയ ദിനമാഘോഷിക്കുമ്പോള്‍ സന്തോഷത്തില്‍ പ്രവാസി ഇന്ത്യക്കാരായ നമ്മളും പങ്കുകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇയിലെ എട്ട് സോണുകളില്‍ നിന്ന് 479 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ 20 മത്സരങ്ങളുടെ ഫലം അറിവായപ്പോള്‍ ദുബൈ 120, അല്‍ഐന്‍ 100, അബുദാബി 98, ഷാര്‍ജ 96, റാസല്‍ഖൈമ 53, ഫുജൈറ 36, ദൈദ് 36, അജ്മാന്‍ 32 എന്നിങ്ങനെയാണ് പോയിന്റ് നില. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ദഫ്മുട്ട്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, കഥ-കവിത രചന, ക്വിസ് തുടങ്ങി 37 ഇനങ്ങളിലാണ് നാഷനല്‍ തല മത്സരം.
രാവിലെ എട്ടിന് ആരംഭിച്ച് അഞ്ച് വേദികളിലായി നടന്ന സാഹിത്യോത്സവിന്റെ വിവിധ സെഷനുകളില്‍ സി എം എ കബീര്‍ മാസ്റ്റര്‍, ജി അബൂബക്കര്‍, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹകീം, അശ്‌റഫ് പാലക്കോട്, കാസിം പുറത്തീല്‍, അബ്ദുര്‍റസാഖ് മാറഞ്ചേരി, അശ്‌റഫ് ഉമരി, സമീര്‍ അവേലം തുടങ്ങിയവര്‍ സംബന്ധിച്ചു.
പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഫണ്‍ ആന്‍ഡ് വിന്‍ മത്സരത്തില്‍ വിജയിച്ച 200 കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

Latest