Connect with us

Articles

നമ്മുടെ സ്വന്തം മാഡിബ

Published

|

Last Updated

ജയില്‍ മോചിതനായ മണ്ടേല ഭാര്യയോടൊപ്പം പുറത്തേക്ക് വന്നപ്പോള്‍

 

1990 ഫെബ്രുവരി പതിനൊന്നിന് ലോകജനത ദക്ഷിണാഫ്രിക്കയിലെ പാളിലെ വിക്ടര്‍ വെര്‍സ്റ്റര്‍ ജയിലിന്റെ വാതിലുകള്‍ തുറക്കുന്നതും കാത്തിരുന്നു. ആഫ്രിക്ക ലോകത്തിന് നല്‍കിയ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ഡേലയെന്ന പോരാളി ജയില്‍ മോചിതനാകുന്ന സുദിനമായിരുന്നു അത്. ഇരുപത്തിയേഴ് വര്‍ഷത്തെ ജീവപര്യന്തം തടവ് ശിക്ഷക്ക് ശേഷം നിറചിരിയുമായി അതിലുപരി നിശ്ചയദാര്‍ഢ്യത്തിന്റെ നെഞ്ചൂക്കുമായി മണ്ഡേല ജയില്‍ കവാടം തുറന്ന് പുറത്തേക്ക്. ആ കാഴ്ച തത്സമയം ഒപ്പിയെടുക്കാന്‍ ആഗോള ടെലിവിഷന്‍ ചാനലുകളുടെ ക്യാമറക്കണ്ണുകള്‍ പരസ്പരം മത്സരിച്ചു. കറുത്തവന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അതിലുപരി വെളുത്തവന്റെ വര്‍ണവെറിക്കെതിരായി ഉജ്വല പോരാട്ടം നയിച്ച ആ ജനനായകന് മുന്നില്‍ സായിപ്പിന്റെ ധാര്‍ഷ്ട്യം മുട്ടുമടക്കി.

*** *** ***
കറുപ്പിന്റെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുത്ത നേതാവായിരുന്നു നെല്‍സണ്‍ റോലിഹ്‌ലാഹ്‌ല മണ്ഡേല. മഴവില്‍ദേശമെന്ന വിളിപ്പേരില്‍ അറിയപ്പെട്ടുന്ന ദക്ഷിണാഫ്രിക്കയിലെ വെളുത്തവന്റെ തൊട്ടുകൂടായ്മക്കെതിരെ സമരം നയിച്ച് കറുത്തവന്റെ നായകനായി മാറുകയായിരുന്നു മണ്ഡേലയെന്ന മാനവസ്‌നേഹി. ആഫ്രിക്കക്കാര്‍ ബഹുമാനപൂര്‍വം അദ്ദേഹത്തെ “മാഡിബ”യെന്നാണ് വിളിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലെ വിവിധ ഗോത്രക്കാര്‍ തലമുതിര്‍ന്നവരെ ആദരപൂര്‍വം വിളിക്കുന്ന പേരാണ് മാഡിബ. വെള്ളക്കാരന്റെ കാല്‍ക്കീഴില്‍ പിടഞ്ഞ കറുത്തവര്‍ഗക്കാരന് സ്വാതന്ത്ര്യത്തിന്റെ ദാഹജലം നല്‍കുകയെന്നതായിരുന്നു മണ്ഡേലയുടെ ജീവിത നിയോഗം. 1918 ജൂലൈ പതിനെട്ടിന് ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്‌കി പ്രവിശ്യയിലെ ഉംതാട്ടയിലാണ് നെല്‍സണ്‍ റോലിഹ്‌ലാഹ്‌ല മണ്ഡേലയുടെ ജനനം. അവിടുത്തെ പ്രമുഖ ഗോത്ര വിഭാഗമായ തിമ്പുവിന്റെ ഗോത്രത്തലവനായിരുന്നു മണ്ഡേലയുടെ പിതാവായ നോംഖാഫി നോസ്‌കെനി. ഇദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ ഹെന്റി എംഗദ്‌ല മണ്ഡേലയിലുണ്ടായ മകനാണ് നെല്‍സണ്‍ മണ്ഡേല.

mandela-release_vert-9efe35bef8d3da1caa51bf1ad227c6e01b16f2d3-s6-c30കുടുംബത്തില്‍ നിന്ന് സ്‌കൂളിന്റെ പടികാണുന്ന ആദ്യ വിദ്യാര്‍ഥിയായിരുന്നു ബാലനായ മണ്ഡേല. സ്‌കൂളില്‍ വെച്ച് അധ്യാപികമാരിലൊരാളാണ് മണ്ഡേലയുടെ പേര് നെല്‍സണ്‍ മണ്ഡേലയെന്നാക്കി മാറ്റിയത്. രാജ്യത്ത് വിവിധ ഗോത്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ സമരങ്ങളെക്കുറിച്ചുള്ള ധീരോദാത്ത കഥകള്‍ കുഞ്ഞുനാളിലെ നെല്‍സണിനെ ആകര്‍ഷിച്ചിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും 1927-ല്‍ പിതാവിന്റെ മരണശേഷം മണ്ഡേലക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ പാടുപെടേണ്ടിവന്നു. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ക്ലാര്‍ക്കെബറി ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന കൗമാരക്കാരനായ നെല്‍സണ്‍ മെട്രിക്കുലേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനായി വെസ്‌ലെയ്ന്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് 1942-ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. കോളജ് പഠനകാലത്ത് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന യുവാവായ നെല്‍സണ്‍, കോളജിന്റെ സ്റ്റുഡന്റ് റപ്രസന്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കോളജധികൃതര്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഫോര്‍ട്ട് ഹാരെയിലെ യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന കാലത്തായിരുന്നു ഇത്. ഈ സംഭവമാണ് യുവാവായ നെല്‍സണില്‍ കൂടുതല്‍ രാഷ്ട്രബോധം ഉണര്‍ത്താന്‍ ഹേതുവായതെന്നത് ചരിത്രസത്യം.

ഓറഞ്ച് നദി തീര്‍ത്ത അതിര്‍ത്തിക്കകത്ത് സാംസ്‌കാരികവും വംശീയവും ഗോത്രപരവുമായ ഒട്ടേറെ വിഭാഗീയതകള്‍ അലയടിച്ചിരുന്ന നാടായിരുന്നു ദക്ഷിണാഫ്രിക്ക. ഈ സാഹചര്യത്തെക്കുറിച്ചുള്ള ഗാഢമായ ചിന്തകള്‍ നെല്‍സണ്‍ മണ്ഡേലയെ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. നിയമപഠനത്തിന് ശേഷം 1944-ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസി (എ എന്‍ സി)ല്‍ ചേര്‍ന്ന ആ ഇരുപത്തിയാറുകാരനില്‍ രാജ്യത്തെ യുവാക്കളെ മുഴുവന്‍ എ എന്‍ സിയുടെ കീഴില്‍ അണിനിരത്തണമെന്ന ചിന്തയുദിച്ചു. എ എന്‍ സിയുടെ യുവജനവിഭാഗമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലാണ് ആ ചിന്ത ചെന്നെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ദിശാമാറ്റത്തിന് കാരണമാകുന്ന സംഭവമായി ഇത് മാറുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഭീതി ലോകം മുഴുവന്‍ നിഴലിച്ചുനിന്ന കാലഘട്ടമായിരുന്നു അത്.

ബ്രിട്ടന്റെ കോളനിയായിരുന്ന ദക്ഷിണാഫ്രിക്കക്ക് 1906-ല്‍ സ്വയംഭരണാവകാശം ലഭിച്ചതുമുതല്‍ വെള്ളക്കാരുടെ തന്നെ നേതൃത്വത്തിലായിരുന്നു ഭരണം നടത്തിയിരുന്നത്. രാജ്യത്തെ കറുത്ത വര്‍ഗക്കാരന് വോട്ടവകാശം പോലും നിഷേധിച്ച ഭരണകൂടമായിരുന്നു അത്. 1948-ല്‍ അധികാരത്തിലെത്തിയ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി നടപ്പിലാക്കിയ വര്‍ണവിവേചന നയം ദക്ഷിണാഫ്രിക്കയിലെ കറുത്തവന്റെ സ്വപ്നങ്ങളെ തല്ലിയുടച്ചു. അവനെ അടിമയായി ചിത്രീകരിക്കാനുതകുന്നതായിരുന്നു ആ കിരാത നയം. ജനതയെ ശരീരത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കാര്‍, കറുത്ത വര്‍ഗക്കാര്‍, സങ്കര വര്‍ഗക്കാര്‍, ഏഷ്യന്‍ വംശജര്‍ എന്നിങ്ങനെ തരം തിരിക്കുന്നതായിരുന്നു സായിപ്പ് ഭരണകൂടത്തിന്റെ വര്‍ണവിവേചന നയം. വിദ്യാഭ്യാസം, തൊഴില്‍, പൊതുകാര്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വെള്ളക്കാരുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനുള്ളതായിരുന്നു ഈ നയം. വെള്ളക്കാരല്ലാത്തവര്‍ക്ക് ഭൂമിയുടെ മേല്‍ യാതൊരു അവകാശവുമില്ലെന്നതും വെള്ളക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കറുത്തവന് പ്രവേശനമില്ലെന്നതുമായ വര്‍ണവിവേചന നയം ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ജീവിതം നരക തുല്യമാക്കി. ഈ ഘട്ടത്തില്‍ സായിപ്പിന്റെ വര്‍ണവിവേചന നയത്തിനെതിരെ നെല്‍സണ്‍ മണ്ഡേല പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു. ആഫ്രിക്കയിലെ നാനാ വംശക്കാരുടെയും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ തീജ്വാലക്കായിരുന്നു അന്നവിടെ തീകൊളുത്തിയത്. വര്‍ണവിവേചന നയത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം പണി പതിനെട്ടും നോക്കി.

nelson prison

നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന തടവറ

ഒരു പുരുഷായുസ്സിന്റെ യൗവനവും മധ്യവയസ്സും ജയിലില്‍ കഴിയാനായിരുന്നു നെല്‍സണ്‍ മണ്ഡേലയെന്ന മനുഷ്യസ്‌നേഹിയുടെ ദുര്യോഗം. 1956 മുതല്‍ രണ്ട് ഘട്ടങ്ങളിലായി മണ്ഡേലയെന്ന ജനകീയ നേതാവിനെ തടവറക്കുള്ളിലടച്ച് കറുത്തവന്റെ സ്വാതന്ത്ര്യബോധത്തെ തിരസ്‌കരിക്കരിക്കാനാണ് വെള്ളക്കാരന്റെ ഭരണകൂടം ശ്രമിച്ചത്. 1956-ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച ഭരണകൂടത്തിന്റെ കാട്ടുനീതിക്കെതിരെ ക്ഷമയോടെ പടപൊരുതാനായിരുന്നു മണ്ഡേല തന്റെ കറുത്ത സഹോദരരെ പഠിപ്പിച്ചത്. അതിന്റെ ഫലമായി നിരപരാധിയെന്ന് കണ്ടെത്തി അദ്ദേഹത്തെ 1961-ല്‍ വിട്ടയച്ചു. എന്നാല്‍ 1960-ല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തനം നിരോധിച്ച ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ജയില്‍ മോചിതനായശേഷം മണ്ഡേലയുടെ തീരുമാനം. അഞ്ച് വര്‍ഷത്തെ ദുരിതപൂര്‍ണമായ ജയില്‍ ജീവിതം നെല്‍സണ്‍ മണ്ഡേലയെന്ന പോരാളിയെ പോര്‍മുഖങ്ങളില്‍ നിന്ന് പിന്നോട്ട് നയിക്കുമെന്ന വെള്ളക്കാരന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റുന്ന കാഴ്ചക്കാണ് ദക്ഷിണാഫ്രിക്ക പിന്നീട് വേദിയായത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കറുത്ത വംശജരുടെ ജീവിത പശ്ചാത്തലം ദക്ഷിണാഫ്രിക്കയിലേതിന് സമാനമായി തുടരുന്ന കാലമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ പോലെ കിഴക്ക്- മധ്യ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും വെളുത്തവന്റെ കിരാത നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച കാലവുമായിരുന്നു അത്. മുഴുവന്‍ ആഫ്രിക്കന്‍ ജനതക്കും പൂര്‍ണസ്വാതന്ത്ര്യം ആവശ്യമാണെന്ന് പ്രഖ്യാപിച്ച് 1962-ല്‍ എത്യോപ്യയില്‍ നടന്ന പാന്‍ ആഫ്രിക്കന്‍ ഫ്രീഡം മൂവ്‌മെന്റിന്റെ സമ്മേളനത്തില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധാനം ചെയ്യാനുള്ള നിയോഗം നെല്‍സണ്‍ മണ്ഡേലക്കായിരുന്നു. ഇത് മണ്ഡേലയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി. സമ്മേളനത്തില്‍ പങ്കെടുത്ത തംഗാനൈക, സെനഗല്‍, ഘാന, സൈറ ലോനെ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്താന്‍ നെല്‍സണ്‍ മണ്ഡേല ഈ അവസരം വിനിയോഗിച്ചു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഒളിവര്‍ തമ്പോ അടക്കമുള്ളവരുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നതിനും സമ്മേളനാനന്തരം മണ്ഡേല സമയം കണ്ടെത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ മണ്ഡേലയെ അന്യായമായി രാജ്യത്തിന് പുറത്തുപോയെന്ന കുറ്റത്തിന് ഭരണകൂടം അറസ്റ്റ് ചെയ്തു. എട്ട് മാസമായി തുടര്‍ന്ന വിചാരണക്കൊടുവില്‍ അഞ്ച് വര്‍ഷത്തെ കഠിന തടവിന് മണ്ഡേലയെ ശിക്ഷിച്ചത് ആഫ്രിക്കന്‍ ജനത നിസ്സഹായതയോടെ നോക്കിനിന്നു.
എന്നാല്‍ വിചാരണ കോടതിക്ക് മുമ്പാകെ മണ്ഡേല നടത്തിയ പ്രസംഗം ചരിത്രത്തിലെന്നും ഒളിമങ്ങാതെ നില്‍ക്കുന്നതാണ്: “”വെളുത്തവന്റെ അധീശത്വത്തിനെതിരെയും കറുത്തവന്റെ അധീശത്വത്തിനെതിരെയും ഞാന്‍ പൊരുതും. സ്വതന്ത്രവും ജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ, എല്ലാ വിഭാഗം ജനതയും തുല്യ അവസരങ്ങളില്‍ ഒരുപോലെ പൊരുത്തപ്പെട്ട് ജീവിക്കുന്ന സമൂഹം പരിപോഷിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഇതാണെന്റെ ആശയം, ഇത് നേടിയെടുക്കുകയെന്നതാണ് എന്റെ ജീവിതാഭിലാഷം. അല്ലെങ്കില്‍ ഈ ആശയത്തിന് ജീവിതം ബലി കൊടുക്കാനും ഞാന്‍ തയ്യാറാണ്””- മണ്ഡേലയുടെ ഈ സംഭാഷണം ആഫ്രിക്കന്‍ ഭൂഖണ്ഡം പിടിച്ചുകുലുക്കിയെങ്കിലും അദ്ദേഹത്തിന് മോചനം നല്‍കാന്‍ കോടതി തയ്യാറായില്ല. 1964-ല്‍ ശിക്ഷ ജീവപര്യന്തമാക്കി മാറ്റാനും നീതിപീഠത്തിന് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല.