ജയില്‍ ഡി ജി പിയെ മാറ്റി; സെന്‍കുമാറിന് ചുമതല

Posted on: December 6, 2013 5:58 pm | Last updated: December 7, 2013 at 6:59 pm

alaxandar jacob jail dgpതിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളുടെ ജയിലില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായി പരാമര്‍ശം നടത്തിയ ജയില്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിനെ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഇന്‍ലിജന്‍സ് എ ഡി ജി പി  സെന്‍കുമാറിന് ജയില്‍വകുപ്പിന്റെ അധിക ചുമതല നല്‍കി.

ടി പി വധക്കേസ് പ്രതികളുടെ ഫെയ്‌സ് ബുക്ക് ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ തന്റെ പരാമര്‍ശങ്ങളില്‍ തെറ്റുപറ്റിയെന്നും അതില്‍ ഖേധിക്കുന്നതായും വിശദീകരിച്ച് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മാറ്റിക്കാണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്. ഡി ജി പിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് അടിയന്തര നടപടി.  വാര്‍ത്താസമ്മേളനം വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ ആഭ്യന്തര മന്ത്രി ഡി ജി പിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

ഇന്നലെയാണ് ജയില്‍ ഡി ജി പി വിവാദമായ വാര്‍ത്താസമ്മേളനം നടത്തിയത്. പ്രതികളുടെ ഫെയ്‌സ്ബുക്ക് ഉപയോഗം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് കേസിന്റെ വിധിയെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നായിരുന്നും ഡി ജി പിയുടെ പരാമര്‍ശം. കേസില്‍ പ്രതിയായ പി മോഹനന്‍ ഭാര്യ കെ കെ ലതികയുമായി കൂടിക്കാഴ്ച്ച നടത്തിയത് തെറ്റല്ലെന്നും എം എല്‍ എയായ കെ കെ ലതികക്ക് കേരളത്തിലെ മുഴുവന്‍ തടവുകാരെയും കാണാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

ഡി ജി പിയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്സില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നുമുണ്ടായത്. സംഭവം വിവാദമായ സാഹചര്യത്തില്‍ വിശദീകരണം നല്‍കി രക്ഷപ്പെടാനാണ് ഡി ജി പി ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയും ഇ ടി മുഹമ്മദ് ബഷീറുമടക്കമുള്ള നേതാക്കളും ഡി ജി പിക്കെതിരെ രംഗത്ത് വന്നിരുന്നു.