പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കാര്‍ഷിക മേഖലയുടെ സംരക്ഷണം ഉറപ്പാക്കണം

Posted on: December 6, 2013 1:47 pm | Last updated: December 6, 2013 at 1:47 pm

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും പശ്ചിമഘട്ട മേഖലയിലെ കാര്‍ഷിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ നടത്തിയ ഏകദിന സെമിനാര്‍ അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ട സംരക്ഷണത്തിനായി തയാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂഴ്ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിക്കാതെ തന്നെ അംഗീകരിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ കുപ്രചരണങ്ങള്‍ മാറ്റാനായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. റിപ്പോര്‍ട്ടില്‍ എവിടെയും കൃഷി ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. പകരം ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ പ്രസാദ് പറഞ്ഞു. അമലാപുരി ചാവറ ഹാളില്‍ കേരള പരിസ്ഥിതി സംരക്ഷണ സമിതിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മനുഷ്യനെ മുന്‍ നിര്‍ത്തിയുള്ള റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ താരതമ്യപഠനം എന്ന വിഷയത്തില്‍ സംസാരിച്ച ഗാഡ്ഗില്‍ കമ്മറ്റിയംഗം ഡോ. വി എസ് വിജയന്‍ പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെവിടെയും കര്‍ഷകര്‍ക്കെതിരായ നിര്‍ദ്ദേശങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.