Connect with us

Kozhikode

നാട്ടുപൊലിമ കാര്‍ഷിക ആരോഗ്യ മേള 27ന്‌

Published

|

Last Updated

കോഴിക്കോട്: കേരള ജൈവകര്‍ഷക സമിതി ജില്ലാ കമ്മറ്റിയുടെ പരമ്പരാഗത കാര്‍ഷിക പരിസ്ഥിതി-വ്യവസായ-ആരോഗ്യമേള, നാട്ടുപൊലിമ 27 മുതല്‍ 29 വരെ നടക്കും. കാര്‍ഷിക പരിസ്ഥിതി ആരോഗ്യ സെമിനാറുകള്‍, ജൈവ കാര്‍ഷിക ഉത്പന്ന വിപണനമേള, നാട്ടുചികിത്സാ ക്യാമ്പ്, നാട്ടുഭക്ഷണശാല, ഔഷധസസ്യ വില്‍പന, നെല്‍വിത്ത് പ്രദര്‍ശനം, അടുക്കളത്തോട്ടം പവലിയന്‍ എന്നിവ മേളയില്‍ ഉണ്ടാകും.
ഔഷധരഹിത തട്ടുമര്‍മ ചികിത്സ, തലവേദന നിവാരണം, ആദിവാസി പാരമ്പര്യ ചികിത്സ, പഞ്ചഗവ്യ ചികിത്സ, യൂറിന്‍ തെറാപ്പി കൗണ്‍സലിംഗ്, ശിങ്കിടിപാളയം റെയ്ക്കി എന്നിവയാണ് നാട്ടുചികിത്സാ ക്യാമ്പില്‍ ഉണ്ടാകുക. ടൗണ്‍ഹാള്‍, ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലാണ് നാട്ടുപൊലിമ നടക്കുന്നത്.
27ന് രാവിലെ 10ന് എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ജന്തുക്ഷേമ അവാര്‍ഡ് നേടിയ കേരളജൈവ കര്‍ഷക സമിതി ജില്ലാ പ്രസിഡന്റ് കെ പി ഉണ്ണിഗോപാലനെ മാതൃഭൂമി മാനേജിംഗ് ഡയരക്ടര്‍ എം പി വീരേന്ദ്രകുമാര്‍ പൊന്നാടയണിയിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പശ്ചിമഘട്ട പരിസ്ഥിതി സമ്മേളനം വി എസ് വിജയന്‍ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് നാട്ടുകൃഷിയുടെ ശാസ്ത്രീയത എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക സെമിനാര്‍ കെ വി ദയാലും 29ന് 10ന് നാട്ടുവൈദ്യത്തിന്റെ നവോത്ഥാന സെമിനാര്‍ ഡോ. എ കെ പ്രകാശന്‍ ഗുരുക്കളും ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍, പി രമേഷ്ബാബു, ടി ശ്രീനിവാസന്‍ പങ്കെടുത്തു.

Latest