Connect with us

International

ലോകം മണ്ടേലയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: വര്‍ണവിമോചനപ്പോരാട്ടത്തിലെ ഇതിഹാസമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ മരണത്തില്‍ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ പ്രചോദന മൂര്‍ത്തിയായിരുന്നു മണ്ടേലയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി മണ്ടേലയെ അനുസ്മരിച്ചു. നല്ലൊരു രാജ്യതന്ത്രജ്ഞനെയും ലോക നേതാവിനെയുമാണ് നഷ്ടപ്പെട്ടത് എന്നും രാഷ്ട്രപതി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മറ്റു നേതാക്കളുടെ അനുശോചനം:

ഒരു യഥാര്‍ത്ഥ ഗാന്ധിയനായിരുന്നു മണ്ടേലയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അനുസ്മരിച്ചു. ദക്ഷിണാഫ്രിക്കയുടെത് മാത്രമല്ല ഇന്ത്യയുടെയും നഷ്ടമാണ് മണ്ടേലയുടെ വിയോഗം. വരുന്ന തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന അനശ്വരമായ പ്രചോദനമായി അദ്ദേഹം ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ കൂട്ടത്തില്‍ താനും പങ്കാളിയാവുന്നു എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

നെല്‍സണ്‍ മണ്ടേലയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കോടിക്കണക്കിന് ആള്‍ക്കാരില്‍ ഒരാളാണ് താനെന്ന് യു എസ് പ്രസിഡണ്ട് ബറാക് ഒബാമ പറഞ്ഞു. നെല്‍സണ്‍ മണ്ടേലയെ ഓര്‍ക്കാതെ തന്റെ ജീവിതം പൂര്‍ണമാകില്ലെന്നും താന്‍ ജീവിക്കുന്ന കാലത്തോളം മണ്ടേലയുടെ ജീവിതത്തില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുമെന്നും ഒബാമ പറഞ്ഞു. താന്‍ ഏര്‍പ്പെട്ട ആദ്യത്തെ രാഷ്ട്രീയ ഇടപെടല്‍, അത് വര്‍ണ്ണവിവേചനത്തിന് എതിരായിരുന്നു എന്നും അതിന് മണ്ടേലയുടെ വാക്കുകളും എഴുത്തുമാണ് തന്നെ സ്വാധീനിച്ചതെന്നും ഒബാമ അനുസ്മരിച്ചു.

ഒരു വലിയ വെളിച്ചം ഈ ലോകത്തോട് വിടപറഞ്ഞു എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മണ്ടേലയുടെ വിയോഗത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം ഒരു യഥാര്‍ത്ഥ ലോക നായകനായിരുന്നു. ജീവിതത്തിലും ഇപ്പോള്‍ മരണത്തിലും അതികായനായി നിന്ന മഹാനായിരുന്നു മണ്ടേല. അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമായിരുന്നു എന്നും കാമറണ്‍ പറഞ്ഞു.

മണ്ടേല, താങ്കള്‍ ചെയ്തതിനെല്ലാം നന്ദി എന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. എല്ലാ അടിമത്വത്തില്‍ നിന്നും ആഫ്രിക്കയെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ച നേതാവാണ് മണ്ടേല. നല്ലൊരു ലോകത്തെ വാര്‍ത്തെടുക്കാന്‍ മണ്ടേലയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും മൂണ്‍ പറഞ്ഞു.

ലോകത്തിന് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളെയാണ് നഷ്ടപ്പെട്ടത് എന്ന് മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ പറഞ്ഞു. മാനുഷിക മഹത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നേതാവായിരുന്നു മണ്ടേല എന്നും ക്ലിന്റണ്‍ അനുസമരിച്ചു.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍. ഗോര്‍ഡണ്‍ ബ്രൗണ്‍, ഫ്രഞ്ജ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്റെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സു ആബെ തുടങ്ങിയ നേതാക്കളും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചിച്ചു.

Latest