നാറ്റോ ചരക്കുനീക്കം: അമേരിക്ക വിയര്‍ക്കുന്നു

Posted on: December 6, 2013 12:02 am | Last updated: December 6, 2013 at 12:02 am

droneവാഷിംഗ്ടണ്‍/ഇസ്‌ലാമാബാദ്: യു എസ്, നാറ്റോ സേനകള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാന്‍ വഴിയുള്ള ചരക്ക് നീക്കം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമം ദുഷ്‌കരമാകുന്നു. പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇത്. നാറ്റോക്കുള്ള പ്രധാന ഇന്ധന പാത അടച്ചിടുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ചാലേ ചരക്ക് നീക്കം പുനഃസ്ഥാപിക്കാനാകൂ എന്നതാണ് അമേരിക്കയെ കുഴക്കുന്നത്.
ഡ്രൈവര്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചരക്കുനീക്കം നിര്‍ത്തിവെക്കുന്നതെന്ന് യു എസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും നാറ്റോ സേനക്കുള്ള എണ്ണയും മറ്റും പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി കടത്തുന്നത് നിര്‍ത്തിവെച്ചിരുന്നു. പാത ഉപരോധിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ യു എസ് സേനക്ക് അവശ്യ വസ്തുക്കള്‍ ഭൂരിഭാഗവും എത്തിക്കുന്നത് പാക്കിസ്ഥാന്‍ വഴിയാണ്. യു എസ് പാക്കിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ പാക്കിസ്ഥാനില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
നേരത്തെ തീവ്രവാദ മേഖലകളിലായിരുന്നു യു എസ് ഡ്രോണ്‍ ആക്രമണങ്ങളെങ്കില്‍ ഇപ്പോഴത് ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈയിടെ മദ്‌റസയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.
വസീറിസ്ഥാന് പുറത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതില്‍ യു എസ് സേനക്ക് തന്നെ വിയോജിപ്പുണ്ട്. ഇക്കാര്യം പെന്റഗണ്‍ ചര്‍ച്ച ചെയ്യുമെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള നാറ്റോ പാത അടച്ചത് സേനയെ പ്രതികൂലമായി ബാധിക്കുമെന്ന് പെന്റഗണ്‍ വക്താവ് മാര്‍ക്ക് റൈറ്റ് റോയിട്ടറോട് പറഞ്ഞു.
ഭീഷണി ശക്തമായതിനാലാണ് നാറ്റോയുടെ ജീവനാഡിയായി അറിയപ്പെട്ടിരുന്ന പാത അടച്ചതെന്നാണ് പെന്റഗണ്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ വര്‍ഷം പാത അടച്ചപ്പോള്‍ നാറ്റോ കടുത്ത ഇന്ധനക്ഷാമം അനുഭവിക്കുകയും ആക്രമണങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.
ഡ്രോണ്‍ പ്രതിഷേധത്തേക്കാള്‍ യു എസിന് പേടി നാറ്റോ പാതയുടെ അതിര്‍ത്തി പ്രദേശമാണ്. പാക് താലിബാന്റെയും അല്‍ഖാഈദയുടെയും ശക്തിപ്രദേശമായ മലമ്പ്രദേശത്തൂടെ താണ്ടി വേണം അഫ്ഗാനിലെത്താന്‍. കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് നാറ്റോ ട്രക്കുകള്‍ ഈ വഴി പോകുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തുന്നതോടെയേ മേഖലയിലൂടെ ഗതാഗതം പുനസ്ഥാപിക്കാനാകൂ എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തോടെ നാറ്റോ സേന പിന്മാറുകയും യു എസ്- അഫ്ഗാന്‍ സുരക്ഷാ കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുകയും ചെയ്യുന്നതോടെ മാത്രമേ നാറ്റോ പാത തുറക്കാനാകൂ.