ഇടതുപക്ഷമോ വലതുപക്ഷമോ?

Posted on: December 6, 2013 5:59 am | Last updated: December 6, 2013 at 9:55 am

cpmസമൂഹത്തിലെ അടിസ്ഥാന വര്‍ഗവും അധഃസ്ഥിത വിഭാഗങ്ങളും ആശ്രയമായി കാണുന്ന ഇടതുപക്ഷം എന്തിനാണ് വലതുപക്ഷ അജന്‍ഡകളോട് സമരസപ്പെടുന്നതെന്ന ചോദ്യം വര്‍ത്തമാനകാല സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ലാഭമോഹികളായ മുതലാളിമാരുടെയും കുത്തകളുടെയും ഹിഡന്‍ അജന്‍ഡകള്‍ക്ക് കുട പിടിക്കുന്ന വലതുപക്ഷ നിലപാടുകളോട് ഇടതുപക്ഷം എന്നു മുതലാണ് സമരസപ്പെട്ടു തുടങ്ങിയത്? തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച കോടിക്കണക്കിന് വരുന്ന അടിസ്ഥാന വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്കപ്പുറം വലതുപക്ഷ അജന്‍ഡകളെ സ്വയം പുല്‍കുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്?
ബഹുഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ താത്പര്യങ്ങള്‍ക്കപ്പുറം കോര്‍പ്പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന വലതുപക്ഷം ഒരു വശത്തും, അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നുകയറാന്‍ തീവ്ര വര്‍ഗീയത പോംവഴിയാക്കുന്ന വര്‍ഗീയകക്ഷികള്‍ മറുവശത്തും നിലയുറപ്പിച്ചിരിക്കുന്ന ഒരു രാജ്യത്ത്, പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യത്തെ നല്ലൊരുഭാഗം ജനങ്ങളും പ്രതീക്ഷകളര്‍പ്പിക്കുന്നത് ഇടതു മതേതര ചേരിയിലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ഇടതുപക്ഷത്ത് നിന്ന് കണ്ടുകൊണ്ടിരിക്കുന്നുവെന്നത് ഏറെ ദുഃഖകരമാണ്. പരിപ്പുവട, കട്ടന്‍ചായ കോംബിനേഷനില്‍ നിന്ന് റേഞ്ച്‌റോവര്‍ കാറും അമ്യൂസ്‌മെന്റ്പാര്‍ക്ക് കോമ്പിനേഷനിലേക്കുള്ള വളര്‍ച്ചയെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ സ്വാഭാവികമായി കാണുന്നുവെങ്കിലും ഈ മാറ്റത്തോടൊപ്പം നേതാക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമാകുന്ന വ്യത്യാസം സ്വാഭാവികമായ ഒന്നായി കാണാന്‍ കഴില്ലെന്ന യാഥാര്‍ഥ്യം ഇവര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് വേണം കരുതാന്‍. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയ രണ്ട് കോടി മുതല്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വരെ ഇതാണ് തെളിയിക്കുന്നത്.
വലതുപക്ഷ നിലപാടുകളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്രാജ്യത്വ അജന്‍ഡകളുടെ അപകടങ്ങളെ കുറിച്ചും അടിസ്ഥാന ജനവിഭാഗങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് ഇതിനെ ഒരു വികാരമായി നെഞ്ചേറ്റിയ ജനകോടികളുടെ ജീവല്‍പ്രശ്‌നമായിരുന്നു. അതിന് വേണ്ടിയാണവര്‍ ഊരും ഉയിരും പ്രതിഫലേച്ഛ കൂടാതെ പറിച്ചു നല്‍കിയത്. അവര്‍ നല്‍കിയ ചോരയും നീരും വളമാക്കിയാണ് ഇടതുപക്ഷം വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ഈ ജനവിഭാഗത്തിന്റെ നാണയത്തുട്ടുകളേക്കാള്‍ കുത്തകകളുടെ പണച്ചാക്കുകള്‍ക്ക് ഇടതുപക്ഷം മൂല്യം കല്‍പ്പിക്കുന്നോ എന്ന സംശയം ജനിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനപ്പുറം ഈ നാണയത്തുട്ടുകള്‍ക്ക് എന്നു മുതലാണ് മൂല്യം ഇടിഞ്ഞുതുടങ്ങിയത് എന്ന് അവര്‍ സംശയിച്ചുപോകുന്നു.
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും ഇത് യാഥാര്‍ഥ്യം തന്നെയാണെന്നാണ് സാന്റിയാഗോ മാര്‍ട്ടിനും ചാക്ക് രാധാകൃഷ്ണനും തെളിയിക്കുന്നത്. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സദാചാര മൂല്യവും വിനയവും സത്സ്വഭാവവും കൈമോശം വന്നിരിക്കുന്നുവെന്നും ഇത് തിരിച്ചെടുക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ചേര്‍ന്ന സമ്മേളനം കഴിഞ്ഞിറങ്ങുന്നതുവരെയെങ്കിലും ഇവ കാണിക്കാന്‍ നേതാക്കള്‍ക്കള്‍ക്ക് വരെ കഴിയുന്നില്ലെന്ന അവസ്ഥ വളരെ പരിതാപകരമാണ്. ജനതാത്പര്യങ്ങള്‍ക്ക് മീതെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ എന്താണ് ഇതിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത്?
ലോട്ടറിയുടെ മറവില്‍ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സാമ്പത്തിക ചൂഷണം നടത്തിയ ഒരു തട്ടിപ്പുകാരന്റെ കൈയില്‍ നിന്ന് പാര്‍ട്ടി ജിഹ്വക്ക് വേണ്ടി രണ്ട് കോടി രൂപ വാങ്ങുന്നതിന് മുമ്പ് ഒന്ന് ആലോചിക്കാന്‍ പോലും തോന്നാതിരുന്നതിന് പിന്നിലെ വികാരമെന്താണ്? പാര്‍ട്ടി കെട്ടിപ്പടുക്കാനും അതിന്റെ ആസ്ഥാനങ്ങള്‍ പണിതുയര്‍ത്താനും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാനും പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും നാണയത്തുട്ടുകള്‍ക്ക് ത്രാണിയില്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണെന്നോ, അതോ അധികാരത്തിനും പണക്കൊഴുപ്പിനും പരുവപ്പെട്ട ഇടതുപക്ഷക്കാരന്റെ മനസ്സിനെ ചാഞ്ചല്യപ്പെടുത്താന്‍ മാത്രം ശക്തിയുണ്ടെന്നാണാ ജനങ്ങള്‍ വിശ്വസിക്കേണ്ടത്. നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പേരില്‍ ഫാരിസ് അബൂബക്കറിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയതിനെ ന്യായീകരിക്കാനാകും. എന്നാല്‍, പൊതുജനങ്ങള്‍ വെറുത്തു തുടങ്ങിയ ഒരു വ്യവസായിക്ക് തല കാണിക്കാന്‍ പാര്‍ട്ടി ജിഹ്വയുടെ ആദ്യ പേജ് നല്‍കിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേതാക്കളെ അലോസരപ്പെടുത്തിയാലും ഇല്ലെങ്കിലും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല. സംഘടനാപരമായും രാഷ്ട്രീയപരമായും നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചെടുക്കാനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത പ്ലീനത്തിന്റെ പ്രതിഫലനത്തെ പാടെ മറക്കുന്ന തലത്തിലേക്ക് പരസ്യ വിവാദത്തിന് വഴിയൊരുക്കിയതിലെ വീഴ്ചയെ നിസ്സാരമായി തള്ളാനൊക്കുമോ? പ്ലീനത്തിന് ശേഷം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ലഭിക്കാവുന്ന പോസിറ്റീവ് എനര്‍ജിയെ നിഷ്പ്രഭമാക്കുന്ന തരത്തിലേക്ക് ഒരു പരസ്യം നീങ്ങുന്നുവെന്നത് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന നേതാവിന്റെ അഭാവം ഇടതുപക്ഷത്തുണ്ടെന്നാണോ ജനം വിശ്വസിക്കേണ്ടത്. എങ്കില്‍ അത് ഒട്ടും ആശാവഹമല്ല. പ്രതിസന്ധി സമയത്ത് പാര്‍ട്ടിക്ക് കിട്ടാവുന്ന പോസിറ്റീവ് എനര്‍ജി ഏതാനും ലക്ഷങ്ങള്‍ മാത്രം ലഭിക്കുന്ന പരസ്യത്തിന് വേണ്ടി കളഞ്ഞുകുളിച്ചെന്ന് വിശ്വസിക്കാന്‍ ഈ വിഭാഗത്തിന് കഴിയുന്നില്ല. നേരത്തെ തന്നെ വിവാദമുയര്‍ന്ന ഈ വ്യവസായിയുമായുള്ള ബന്ധം വെളിവാക്കുന്ന തരത്തിലുള്ള പരസ്യത്തിന് ചരിത്രപരമായ ഒരു സമ്മേളനത്തിന്റെ അവസാന ദിനം തന്നെ തിരഞ്ഞെടുത്തതിലുള്ള യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ പരസ്യം സൃഷ്ടിച്ചേക്കാവുന്ന വിവാദവും അതുവഴി സമ്മേളനത്തിന്റെ കാതലായ വശവും മുങ്ങിപ്പോകുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയാത്തവരാണ് ഇടതു നേതാക്കള്‍ എന്നുവരാന്‍ തരമില്ല. പിന്നെ ജനം വെറുത്തവര്‍ വ്യവസ്ഥിതിയുടെയും നാട്ടുനടപ്പിന്റെയും പേരില്‍ പരസ്യത്തിലാണെങ്കിലും ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നതും നല്ല നിലപാടായി കാണാന്‍ കഴിയില്ല.
പഴയ ആശ്രിതരും പങ്ക് കച്ചവടക്കാരും ഡ്രൈവര്‍മാരും നേതാക്കള്‍ക്കെതിരെ ആരോപണശരങ്ങളുമായി രംഗത്തുവരുന്നത് വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഒരു പതിവുസംഭവമാണെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം ആരോപണം വരുത്തിവെക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ.
കാലാനുസൃതമായ അപജയങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുമ്പോള്‍ ഇടതുപക്ഷത്തെ ആശ്രയിക്കുന്ന ജനവിഭാഗങ്ങളുടെ പ്രക്ഷകള്‍ക്ക് മീതെയാണ് അത് കരിനിഴല്‍ വീഴ്ത്തുന്നതെന്ന യാഥാര്‍ഥ്യം ഇടതു നേതാക്കള്‍ ഓര്‍ക്കേണ്ടത് മതേതര സാമൂഹികാവസ്ഥിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിമാണെന്നിരിക്കെ അപജയങ്ങളെ അതിജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിയട്ടെ എന്നു തന്നെയാണ് ഏതൊരു ജനാധിപത്യവാദിയുടെയും ആശ.