കാലിലെ സെല്ലുകള്‍ നശിച്ചു;മഅദനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

Posted on: December 5, 2013 11:45 pm | Last updated: December 5, 2013 at 11:45 pm

madaniകോഴിക്കോട്: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ പ്രവേശിപ്പിച്ച മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ചൊവ്വാഴ്ചയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനക്ക് മുന്നോടിയായുള്ള പ്രാഥമിക പരിശോധനകളും രോഗങ്ങളുടെ തീവ്രത അറിയാനുള്ള പരിശോധനകളുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. മഅ്ദനി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാതിരുന്നതിന്റെ പ്രയാസമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായതെന്നുമാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. അറുപതിനും അറുപത്തിയഞ്ചിനും ഇടയിലാണ് ഇന്നലെയും പ്രമേഹത്തിന്റെ അളവ്. വൃക്കയുമായി ബന്ധപ്പെട്ട അസുഖത്തിന്റെ തീവ്രത അറിയാനുള്ള ഇരുപത്തിനാല് മണിക്കൂര്‍ മൂത്രം ശേഖരിച്ചു കൊണ്ടുള്ള പരിശോധന ഇന്നലെ പൂര്‍ത്തിയാക്കി. ഇടതു കാലിന്റെ മരവിപ്പും ശേഷിക്കുറവും എന്തിന്റെ ഭാഗമാണെന്ന് അറിയാനുള്ള പരിശോധനയും പൂര്‍ത്തിയായി. കാലിലെ സെല്ലുകള്‍ നശിച്ചതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പ്രമേഹം നിയന്ത്രിച്ചതിന് ശേഷം മാത്രമേ നേത്ര ശസ്ത്രക്രിയ ചെയ്യാനാകൂ എന്നതിനാല്‍ ഇക്കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.
മണിപ്പാല്‍ ആശുപത്രിയിലെ ഡോ. സുദര്‍ശന്‍ ബല്ലാള്‍, ഡോ. മുരളി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ സംഘമാണ് മഅ്ദനിയുടെ ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ആശുപത്രിയില്‍ പ്രവേശിച്ചയുടന്‍ പരിശോധനക്കായി രക്തവും മൂത്രവും ശേഖരിച്ചിരുന്നു. ഇന്ന് ഈ പരിശോധനകളുടെ ഫലം ലഭ്യമാകും. ഏത് തരത്തിലുള്ള തുടര്‍ ചികിത്സയാണ് വേണ്ടതെന്നും എത്ര ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും പരിശോധനാ ഫലം ലഭ്യമായതിന് ശേഷം തീരുമാനിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാനാകാത്തതിലാണ് ഡോക്ടര്‍മാര്‍ ഏറെ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളത്.
ഭാര്യ സൂഫിയയും മകന്‍ ഉമര്‍ മുഖ്താറുമാണ് പരിചരിക്കാനായി കൂടെയുള്ളത്. കൂടാതെ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് ഉള്‍പ്പെടെ നാല് പേര്‍ക്ക് മഅ്ദനിയെ കാണാനും മറ്റു സഹായങ്ങള്‍ ചെയ്തു കൊടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
മഅ്ദനിയെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബംഗളൂരു സിറ്റി ആംഡ് റിസര്‍വിലെയും എച്ച് എ എല്‍ പോലീസ് സ്റ്റേഷനിലേയും ഇരുപത് പോലീസ് ഓഫീസര്‍മാര്‍ നിരീക്ഷണത്തിനായി ആശുപത്രിയിലുണ്ട്.