Connect with us

National

എടിഎം ആക്രമണം: പ്രതിക്കായി വീരപ്പന്‍ വേട്ടക്ക് ശേഷമുള്ള ഏറ്റവും വലിയ തിരച്ചില്‍

Published

|

Last Updated

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി ബേങ്ക് ഉദ്യോഗസ്ഥ എ ടി എമ്മില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കായി കര്‍ണാടക പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മുമ്പ് വീരപ്പനെ പിടികൂടാന്‍ കര്‍ണാടക പോലീസ് നടത്തിയ തിരച്ചിലിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തിരച്ചിലാണ് എ ടി എം ആക്രമണക്കേസിലെ പ്രതിക്കായി നടക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 400 പോലീസുകാരടങ്ങിയ ടീമാണ് തിരച്ചില്‍ നടത്തുന്നത്. 500 പേരടങ്ങിയ സംഘമായിരുന്നു വീരപ്പ് വേണ്ടി വലവിരിച്ചിരുന്നത്.

ആന്ധ്രാപ്രദേശിലെ അനന്താപൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് ഊര്‍ജിത തിരിച്ചില്‍ നടക്കുന്നത്. പ്രതിയുടെ ചിത്രങ്ങളുമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പോലീസുകാര്‍ കയറിയിറങ്ങുകയാണ്. റേഷന്‍ കാര്‍ഡുകളും മറ്റു ഫോട്ടോ പതിച്ച രേഖകളുമെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്നഡയിലും തെലുങ്കിലും നന്നായി സംസാരിക്കാനറിയുന്ന പ്രതി കര്‍ണാടകയിലോ ആന്ധ്രയിലോ തന്നെ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ആന്ധ്രയിലെ കുര്‍ണൂല്‍, കര്‍ണാടകയിലെ ബെല്ലാരി തുടങ്ങിയ ജില്ലകളിലേക്ക് പ്രതി നീങ്ങിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.

സംഭവം കഴിഞ്ഞ രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. പ്രതിയോട് രൂപസാദൃശ്യമുള്ള ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ബാങ്ക് ഉദ്ദ്യോഗസ്ഥയായ ജ്യോതി ആക്രമണത്തിനിരയായത്.
ഉസ്ലൂര്‍ ഗേറ്റ് പോലീസ് സ്‌റ്റേഷനു സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ കയറിയപ്പോഴായിരുന്നു അക്രമം നടന്നത്. ജ്യോതി എടിഎമ്മിനുള്ളില്‍ കയറിയതിനു പിന്നാലെ കയറിയ അക്രമി വടിവാള്‍ കാട്ടിയതിനു ശേഷം ജ്യോതിയോട് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ അക്രമി വെട്ടിപരിക്കേല്‍പ്പികുകയായിരുന്നു.