2020ന് മുമ്പ് അഞ്ച് വന്‍ പദ്ധതികള്‍ പൂര്‍ത്തിയാകും

Posted on: December 5, 2013 12:23 pm | Last updated: December 5, 2013 at 12:23 pm

expo2020ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന് മുമ്പ് ദുബൈയില്‍ അഞ്ച് വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാകും. മുഹമ്മദ് ബിന്‍ റാശിദ് സിറ്റി, ബ്ലൂ വാട്ടേഴ്‌സ് ഐലന്റ്, ദുബൈ വാട്ടര്‍ കനാല്‍, ദുബൈ അഡ്വഞ്ചര്‍ സ്റ്റുഡിയോ, ദേര പ്രൊജക്ട് എന്നിവയാണവ.
കുടുംബ വിനോദസഞ്ചാരം, ചില്ലറ വില്‍പ്പന, കല, ചെറുകിട സംരംഭങ്ങള്‍ എന്നിവ ചേരുന്നതാണ് മുഹമ്മദ് ബിന്‍ റാശിദ് സിറ്റി (എം ബി ആര്‍). ആദ്യ ഘട്ടത്തില്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ഉള്‍പ്പെട്ട ഉദ്യാനമാണ്. ഇവിടെ പ്രതിവര്‍ഷം 3.5 കോടി സന്ദര്‍ശകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീടുള്ള ഘട്ടങ്ങളില്‍ 100 ഓളം ഹോട്ടലുകള്‍ സ്ഥാപിക്കും.
ലോകത്തിലെ ഏറ്റവും വലിയ മാള്‍ ഇവിടെയായിരിക്കും. എമിറേറ്റ്‌സ്, അല്‍ ഖൈല്‍, ശൈഖ് സായിദ് റോഡുകള്‍ക്കിടയിലാണ് എം ബി ആര്‍ സിറ്റി. ഇതിനെ ഡൗണ്‍ ടൗണുമായി ബന്ധിപ്പിക്കും. നിര്‍മാണം 2012ല്‍ തുടങ്ങി 600 കോടി ദിര്‍ഹം ചെലവിലാണ് ബ്ലൂവാട്ടര്‍ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ‘വീല്‍’ ഇവിടെ സ്ഥാപിക്കും. ദുമൈറ ബീച്ച് റസിഡന്‍സിനു സമീപം നിര്‍മാണം തുടങ്ങി.
ബിസിനസ് ബേയെയും അറേബ്യന്‍ കടലിനെയും ബന്ധിപ്പിക്കുന്ന ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി. ശൈഖ് സായിദ് റോഡിനെ മുറച്ചു പോകുന്ന കനാല്‍ പദ്ധതിക്ക് 734 കോടി ദിര്‍ഹം ചെലവു വരും. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ 80 മുല്‍ 120 മീറ്റര്‍ വരെ വീതിയിലാണ് കനാല്‍. ഇതിന്റെ പരിസരങ്ങളില്‍ 450 ഓളം റസ്റ്റോറന്റുകള്‍ പണിയും. ഇവയുടെ നിര്‍മാണം തുടങ്ങി.
ജബല്‍ അലിയില്‍ മിറാസ് ഹോള്‍ഡിംഗ്‌സാണ് ദുബൈ അഡ്വഞ്ചര്‍ സ്റ്റുഡിയോ പണിയുന്നത്. 1,000 കോടി ദിര്‍ഹം ചെലവുള്ള ബഹുമുഖ മനോരഞ്ജക പദ്ധതികളുടെ സമുച്ചയമാണിത്. 2014 ല്‍ പൂര്‍ത്തിയാകും.
പാം ദേര പദ്ധതിയുടെ ഭാഗമാണ് ദേര പ്രോജക്ട്. 1,600 ഹെക്ടറില്‍ കടലിനു സമീപമായി ഹോട്ടലുകളും റിസോര്‍ട്ടുകളും പണിയും. വാണിജ്യ കേന്ദ്രങ്ങളും ഉണ്ടാകും.
അതേസമയം ദുബൈയില്‍ 1.7 കോടി ദിര്‍ഹം ചെലവ് ചെയ്ത് അഞ്ച് ഉദ്യാനങ്ങള്‍ പണിയുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാകുകയാണ് ദുബൈയുടെ ലക്ഷ്യം. കുടുംബങ്ങള്‍ക്ക് ഉല്ലസിക്കാന്‍ വിവിധ സ്ഥലങ്ങളിലായാണ് ഉദ്യാനം പണിയുക. നിലവില്‍ 103 ഉദ്യാനങ്ങളും രണ്ട് ബീച്ചുകളും ഉണ്ടെന്നും ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.