Connect with us

Malappuram

ജോലിയും പെന്‍ഷനും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി

Published

|

Last Updated

മലപ്പുറം: വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് ജോലിയും ഭാവിയില്‍ പെന്‍ഷനും വാഗ്ദാനം നല്‍കി കേന്ദ്രസര്‍ക്കാരിന്റെ സമ്പാദ്യ പദ്ധതിയാണെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ സമാഹരിച്ച് സ്ഥാപനം പൂട്ടി മുങ്ങിയതായി ഏജന്റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടാമ്പി സ്വദേശി എ എം മുസ്തഫ, അരീക്കോട് സ്വദേശി ജയരാജ് എന്നിവരാണ് വി കെ എല്‍ ഡയറീസ് ലിമിറ്റ്ഡ് എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയത്.
കേരളത്തില്‍ അരീക്കോടും കണ്ണൂരുമാണ് ബ്രാഞ്ചുകളുണ്ടായിരുന്നത്. അരീക്കോട്, വാഴക്കാട്, എടവണ്ണ, മാവൂര്‍, മുക്കം തുടങ്ങിയ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിരന്തരം സമ്മര്‍ദം ചെയലുത്തിയതിനെ തുടര്‍ന്ന് മാവൂര്‍, വാഴക്കാട് സ്റ്റേഷനുകളില്‍ പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. 2009ല്‍ ആരംഭിച്ച കമ്പനിയില്‍ അഞ്ഞൂറോളം ഏജന്റുമാരുണ്ട്. 10 മുതല്‍ 125 ആളുകളെ വരെ ചേര്‍ത്തിയവരുണ്ട്.
മൂന്നു കോടിയോളം രൂപയാണ് സമാഹരിച്ചത്. 1000 രൂപ വീതം 60 തവണ അടച്ചാല്‍ 90,000 രൂപ തിരിച്ച് കിട്ടും. ഇങ്ങനെ വിവിധ സ്‌കീമുകളിലായിട്ടാണ് ആളുകളെ ചേര്‍ത്തിയിരുന്നത്. പ്രധാനമന്ത്രിയുടേയും മറ്റും ഫോട്ടോകള്‍ വെച്ചുള്ള പരസ്യങ്ങള്‍ നല്‍കിയാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. 10 വര്‍ഷം ഏജന്റുമാരായി പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ കൃത്യമായി തുക എല്ലാവര്‍ക്കും ലഭിച്ചിരുന്നു.
തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഡയറി ഫാമുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നില്ലെന്നാണ് കിട്ടിയ വിവരമെന്നും പോലീസ് ക്രയാത്മകമായി ഇടപെട്ടാല്‍ നിക്ഷേപ സംഖ്യ തിരിച്ച് കിട്ടുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ എല്ലാ ആഴ്ചയും കോഴിക്കോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ പോയി ഒപ്പിടുന്ന താന്‍ മുങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്ന് പട്ടാമ്പി സ്വദേശി എ എം മുസ്തഫ പ്രതികരിച്ചു. തമിഴ്‌നാട് രാമനാഥപുരത്തുള്ള വി കെ എല്‍ ഡയറീസ് ലിമിറ്റ്ഡ് എന്ന കമ്പനിയുടെ അരീക്കോട് ബ്രാഞ്ച് തുടങ്ങിയത് തന്റെ നേതൃത്വത്തിലാണ്. അവിടെ ഫാം ഇല്ലെന്ന് പറയുന്നത് ശുദ്ധകളവാണ്. 1956 ല്‍ തുടങ്ങിയ കമ്പനി ഇത് വരെ ഇത്തരത്തിലുള്ള ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. താന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ മാത്രമാണ്. കഴിഞ്ഞ ഓഗസ്റ്റ് 13ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്ന് തന്നെ അറസ്റ്റ് ചെയ്ത്‌കൊണ്ടുപോയി. മണിചെയില്‍ ബിസിനസ്സ് ആണെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. 10 ദിവസത്തിന് ശേഷം പുറത്തിറങ്ങിയ താന്‍ പിന്നാട് മാവൂരില്‍ ഏജന്റുമാരെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചതാണ്. അന്ന് പത്രസമ്മേളനം നടത്താന്‍ പറഞ്ഞപ്പോള്‍ അത് വേണ്ടന്നും നിക്ഷേപകരില്‍ അധികവും പാവപ്പെട്ട സ്ത്രീകളാണ്. അതിനാല്‍ അവര്‍ വല്ലതും ചെയ്തുകളയുമെന്നും പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. നിലവില്‍ കൊടുക്കാനുള്ള തുക ഈമാസം അവസാനം നല്‍കാമെന്ന് നേരെത്തെ പറഞ്ഞിട്ടുണ്ട്. കമ്പനിയുടെ കണ്ണൂരിലും അരീക്കോടുമുള്ള നാല് ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കമ്പനി ആരുടേയും പണം എടുക്കില്ല. തിരിച്ച് കിട്ടുന്നതിന് അവരോടൊപ്പം താനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഏജന്റുമാരായ പി സുബൈദ ചെറുവാടി, ടി സാജിദ മാവൂര്‍, കെ അലീമ കീഴ്പറമ്പ്, വൈ പി അഫ്‌സത്ത്, പി കെ ആമിന, സി ടി ജമാല്‍ സംബന്ധിച്ചു.