എല്ലാം ഒരു ‘ചാക്കില്‍’ ഒതുക്കുന്നത് ശരിയോ?

Posted on: December 5, 2013 6:00 am | Last updated: December 5, 2013 at 7:49 am

cpmസി പി എമ്മിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ് പ്ലീനം. കേരളത്തില്‍ ഇതുവരെ പ്ലീനം നടന്നത് നാല് തവണ. പ്ലീനത്തിന്റെ പ്രാധാന്യം ഇതില്‍ തന്നെ വ്യക്തം. പോയ വാരം പാലക്കാട് പ്ലീനം സമാപിച്ചതോടെ എന്തിന് വേണ്ടിയാണോ പ്ലീനം വിളിച്ചത് ആ ലക്ഷ്യം സാക്ഷാത്കരിച്ചോ എന്ന ചര്‍ച്ചയല്ല സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പ്ലീനം സമാപിച്ച ദിവസം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച, ഒരു വിവാദ വ്യവസായിയുടെ പരസ്യത്തില്‍ തട്ടിയാണ് പ്ലീനം ചര്‍ച്ചകളുടെ പ്രതിഫലനം. പരസ്യം കൊടുത്തതിലെ ശരിതെറ്റുകള്‍ വിശകലനവിധേയമാക്കേണ്ടതാണെങ്കിലും ആ ഒരൊറ്റ പരസ്യം കൊണ്ട് പ്ലീനം പൊളിഞ്ഞെന്ന് വരുത്തിത്തീര്‍ക്കുന്നതിലെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്.
എന്തിനു വേണ്ടിയാണ് സി പി എം പ്ലീനം നടത്തിയതെന്നതല്ല ഇന്നത്തെ ചര്‍ച്ച. പ്ലീനത്തിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചോയെന്ന് ആരും അന്വേഷിക്കുന്നുമില്ല. മറിച്ച് വിവാദ വ്യവസായിയുടെ പരസ്യത്തിലൂടെ പാര്‍ട്ടി പത്രത്തിന് ലഭിച്ച തുകയുടെ കണക്കെടുക്കുന്നു. സംസ്ഥാന സെക്രട്ടറി മുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വരെ സംഭവിച്ച തെറ്റുകള്‍ ഏറ്റു പറയാന്‍ ഒരു പാര്‍ട്ടി സന്നദ്ധമാകുന്നതിലെ പോസിറ്റീവ്‌നസ് കാണാതെ പോകുന്നതിന് പിന്നിലെ വസ്തുത തിരിച്ചറിയം. ഒരു രാഷ്ട്രീയ പാര്‍ട്ടി സംഭവിക്കുന്ന വീഴ്ചകള്‍ സമ്മതിച്ച് അതിന് പരിഹാരമാര്‍ഗം നിര്‍ദേശിക്കുന്നുവെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്. വ്യക്തിജീവിതത്തിലായാലും പൊതുപ്രവര്‍ത്തന രംഗത്തായാലും വീഴ്ചകള്‍ പരിശോധിച്ചും ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയുമാണ് മുന്നോട്ടുപോകേണ്ടത്. ഒരു പ്ലീനം കൊണ്ട് ഇതെല്ലാം സാധ്യമാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. സി പി എം അങ്ങനെ അവകാശപ്പെടുന്നുമില്ല. എന്നു കരുതി ഒരു വലിയ ദൗത്യത്തെ വില കുറച്ച് കാണിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ നിരന്തരം തെറ്റ് ചെയ്യുന്നവരും അത് തിരുത്താന്‍ മനസ്സ് കാണിക്കാത്തവരും മാത്രമായിരിക്കും.
നേതാക്കളുടെയും പാര്‍ട്ടി അംഗങ്ങളുടെയും പൊതു- സ്വകാര്യ ജീവിതം പാര്‍ട്ടിയുടെ നിശിത പരിശോധനക്കു വിധേയമാക്കുമെന്നതാണു പ്ലീനം മുന്നോട്ടുവെക്കുന്ന രേഖയുടെ ആകെ തുക. ഓരോ പാര്‍ട്ടി അംഗത്തെയും കുറിച്ചുള്ള പരിശോധനക്കാണ് സി പി എം തയ്യാറെടുക്കുന്നത്. ഇതിനായി പ്രത്യേക ബ്രാഞ്ച് യോഗങ്ങള്‍ തന്നെ ചേരുന്നു. ഓരോ യോഗത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തന്നെ പങ്കെടുക്കും. അംഗത്വം പുതുക്കുമ്പോള്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദേശം. പ്രാദേശിക തലത്തിലുള്ള മണല്‍, ക്വാറി, ഗുണ്ടാ മാഫിയകളുമായി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സ്വയം വിമര്‍ശം നടത്തിയാണ് ഇങ്ങനെയൊരു നിര്‍ദേശം സി പി എം മുന്നോട്ടുവെക്കുന്നത്. ഇതിനെ ഒരിക്കലും ചെറുതായി കാണാനാകില്ല.
പ്രാദേശിക നേതാക്കള്‍ മാഫിയകള്‍ക്ക് കുട പിടിക്കുന്നത് ഗ്രാമങ്ങളില്‍ വലിയ അരാജകത്വമാണ് സൃഷ്ടിക്കുന്നത്. സി പി എമ്മിനെ പോലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനം ഇത് തിരിച്ചറിഞ്ഞ് തങ്ങളുടെ അംഗങ്ങളെ അതില്‍ നിന്ന് വഴി മാറി നടക്കാന്‍ നിര്‍ദേശിക്കുന്നുവെങ്കില്‍ പൊതുസമൂഹം അതിന് നിറഞ്ഞ മനസ്സോടെ പിന്തുണക്കേണ്ടതുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം കുറയുന്നുവെന്ന തിരിച്ചറിവില്‍ ഇതിനുള്ള പരിഹാരനിര്‍ദേശങ്ങളും പ്ലീനം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരം നല്ല നീക്കങ്ങളെ നിറഞ്ഞ മനസ്സോടെ തന്നെ അഭിനന്ദിക്കണം.
ഈ പൂച്ചെണ്ടുകള്‍ നല്‍കുമ്പോള്‍ തന്നെ പ്ലീനത്തിന്റെ സമാപന ദിവസം അങ്ങനെയൊരു പരസ്യം കൊടുക്കേണ്ടിയിരുന്നോയെന്ന് സി പി എം ഗൗരവമായി പരിശോധിക്കണം. അത്തരമൊരു പരസ്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ തുറന്നു പറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. പണം വന്നത് കളങ്കിതരില്‍ നിന്നാണോയെന്ന് പരിശോധിക്കേണ്ടതില്ലെന്നും അത് ഉപയോഗിക്കുന്നത് എന്തിനാണെന്ന് നോക്കിയാല്‍ മതിയെന്നും സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി പറഞ്ഞത് ചാക്ക് രാധാകൃഷ്ണന്റെ പരസ്യത്തിനുള്ള ന്യായീകരണമല്ല. ദേശാഭിമാനിയുടെ മുഖപ്രസംഗവും പത്രത്തിന്റെ തലപ്പത്തുള്ളവരുടെ വാദങ്ങളും പരസ്യത്തെ ന്യായീകരിക്കുന്നതാണെങ്കിലും ഔദ്യോഗിക പക്ഷത്ത് തന്നെ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരായി ഉയര്‍ന്ന വിമര്‍ശം പ്രതീക്ഷ നല്‍കുന്നതാണ്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടര കോടി മുന്‍കൂറായി വാങ്ങിയപ്പോഴും ന്യായീകരണങ്ങളുണ്ടായിരുന്നു. പിന്നീട് തെറ്റ് സമ്മതിച്ച് തലപ്പത്തിരുന്നവരുടെ സ്ഥാനചലനത്തിലാണ് അത് കലാശിച്ചതെന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്.
വിഭാഗീയതയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിരീക്ഷണവും വിമര്‍ശവിധേയമാകേണ്ടതുണ്ട്. പാര്‍ട്ടിയെ തളര്‍ത്തിയ വിഭാഗീയത ഇല്ലാതായെന്നാണ് പ്ലീനം രേഖയിലെ പരാമര്‍ശം. എന്നാല്‍, വിഭാഗീയത ഇല്ലാതാക്കിയത് എങ്ങനെയെന്ന് കൂടി വിലയിരുത്തുന്നത് നന്നായിരിക്കും. അച്ചടക്ക നടപടിയിലൂടെ ഒരു വിഭാഗത്തെ ഇല്ലാതാക്കിയെന്ന വിമര്‍ശം പാര്‍ട്ടിക്ക് കാണാതിരിക്കാനാകില്ല.
സി പി എമ്മിന്റെ സംഘടനാ മാനദണ്ഡങ്ങളും തത്വങ്ങളും അട്ടിമറിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ വിഭാഗീയത മറയായി ഉപയോഗിക്കപ്പെട്ടെന്നാണ് പ്ലീനം റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും ഉന്നത ഫോറമായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനത്തില്‍ അടക്കം വീഴ്ചകള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട് തുറന്നു സമ്മതിക്കുന്നുണ്ട്. വിഭാഗീയതയുടെ ആക്കം കുറഞ്ഞെങ്കിലും സംഘടനാ സംവിധാനത്തിന് ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു. പ്ലീനം രേഖ ഇത് തുറന്നുസമ്മതിക്കുന്നു. നിലപാടുകളുടെ പേരില്‍ രണ്ട് ചേരികളായി രൂപപ്പെട്ട വിഭാഗീയത ചിലയാളുകള്‍ അവസരമാക്കിയെന്നാണ് പുതിയ കണ്ടെത്തല്‍. ഈ നിരീക്ഷണത്തില്‍ കുറെയേറെ ശരിയുണ്ടു താനും. നടപടിയെടുത്താല്‍ വിഭാഗീയതയുടെ പേരിലെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പുള്ള ചിലര്‍ ഈ അവസരം മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. വിഭാഗീയതയുടെ ഭാഗമായി അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങള്‍ ചില ഘടകങ്ങള്‍ നടത്തിയെന്നും ഇതെല്ലാം മൊത്തത്തില്‍ പാര്‍ട്ടി സംഘടനയുടെ നിലവാരത്തെയും പ്രവര്‍ത്തനത്തെയും ബാധിച്ചെന്നുമാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. മാത്രമല്ല, സാമ്പത്തികശക്തികളുമായി പല പ്രാദേശിക നേതൃത്വങ്ങളും സമ്പര്‍ക്കം പുലര്‍ത്തുന്നു. വിഭാഗീയ നിലപാടുകളുടെ പേരില്‍ ഇവര്‍ സംരക്ഷിക്കപ്പെടുകയാണെന്നും പാര്‍ട്ടി തുറന്ന് സമ്മതിക്കുന്നു.
വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളാണ് മറ്റൊന്ന്. പ്ലീനം രേഖ തന്നെ അപ്പടി മാധ്യമങ്ങളില്‍ വന്ന സാഹചര്യം കൂടി ഇതോട് ചേര്‍ത്തു വായിക്കണം. സംസ്ഥാന സെക്രട്ടേറിയറ്റിലെ വാര്‍ത്തകള്‍ പോലും ചോരുന്നുണ്ടെന്ന് പ്ലീനം രേഖ സമ്മതിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അടക്കം വാര്‍ത്തകള്‍ പുറത്തുവരുന്നു എന്നതു വീഴ്ചയാണെന്നും ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടും ഇത് പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നാണ് രേഖയിലെ സ്വയംവിമര്‍ശം. അടുത്ത കാലത്ത് വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അതിന്റെ കുന്തമുന നീണ്ടത് വി എസ് അച്യുതാനന്ദന് നേരെയാണ്. ഇതിന്റെ പേരില്‍ വി എസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പലരെയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. വി എസിന്റെ മൂന്ന് സന്തത സാഹചാരികളെ പാര്‍ട്ടിപ്പണി അവസാനിപ്പിച്ച് പ്രവാസ ജീവിതത്തിന് വിട്ടത് അടുത്ത കാലത്താണ്. ചോര്‍ത്തലില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടിയുടെ തുറന്നുപറച്ചിലില്‍ ആഹ്ലാദം പങ്ക് വെക്കുന്നുണ്ട്. തങ്ങള്‍ പടിക്ക് പുറത്തായിട്ടും വാര്‍ത്തകള്‍ ഇപ്പോഴും ചോര്‍ന്നു പോകുന്നത് എങ്ങനെയെന്നാണ് വിനയാന്വിതരായി ഈ മൂവര്‍ സംഘം ചോദിക്കുന്നത്.
ഏതായാലും ചാക്ക് വിവാദത്തില്‍ പ്ലീനത്തിന്റെ പുറം മോടിയില്‍ ചെളി വീണെങ്കിലും സംഘടനാരംഗത്ത് സി പി എമ്മിന് ഇത് നവോന്മേഷം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരം നീക്കങ്ങള്‍ സി പി എമ്മിന് മാത്രം അവകാശപ്പെട്ടതാണ്. അതില്‍ അവര്‍ അല്‍പ്പം അഹങ്കരിക്കുന്നുവെങ്കില്‍ അതില്‍ തെറ്റ് കാണാനാകില്ല. പാര്‍ട്ടി സംവിധാനം ചലനാത്മകമാക്കുന്നതില്‍ ഇത്തരം എണ്ണയിടല്‍ അനിവാര്യമാണ്. ഈ തലത്തില്‍ പ്ലീനം കൊണ്ട് സി പി എം വിജയിച്ചെന്ന് വേണം വിലയിരുത്താന്‍.