Connect with us

National

പെരുമാറ്റച്ചട്ടം: തിര. കമ്മീഷന്റെ നോട്ടീസിന് ജയലളിത മറുപടി നല്‍കി

Published

|

Last Updated

ചെന്നൈ: യേര്‍ക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രത്യേക ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് എ ഐ എ ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത. ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലമാണ് യേര്‍ക്കാട്. കഴിഞ്ഞ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ജയലളിത ഇങ്ങനെ പ്രതികരിച്ചത്. പ്രദേശത്തെ ജനങ്ങളുടെ പുരോഗതിക്കാവശ്യമായത് എന്താണെങ്കിലും അത് നല്‍കുമെന്ന പൊതുവായ പ്രസ്താവനയാണ് താന്‍ നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരല്ലെന്നും അവര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ എന്താണ് പരാതിയെന്ന് സൂചിപ്പിക്കുന്നില്ല.
ഇത് ഡി എം കെയും രാഷ്ട്രീയവൈരികളും ചേര്‍ന്നുണ്ടാക്കിയ കേസാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതും മുമ്പ് നടന്നതുമായി നിരവധി വികസന പദ്ധതികള്‍ നവംബര്‍ 28ന് യേര്‍ക്കാടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച നിരവധി പരസ്യങ്ങളും നേരത്തെ നല്‍കിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ നല്‍കിയ ഈ നോട്ടീസ് തികച്ചും സംശയം അടിസ്ഥാനമാക്കിയാണെന്നും ജയലളിത കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest