തേക്കടി ബോട്ടപകടം: വിജിലന്‍സ് അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച്

Posted on: December 4, 2013 12:12 am | Last updated: December 4, 2013 at 12:12 am

ഇടുക്കി: തേക്കടി ജലയാന ദുരന്തത്തിന് കാരണക്കാരായവരെന്ന് ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിപാര്‍ശ. ബോട്ട് നിര്‍മാണത്തിന് കരാര്‍ നല്‍കിയത് മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് വരെയുള്ള വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് എസ് പി. പി എ വല്‍സന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തിലെ ശിപാര്‍ശ.
2009 സെപ്തംബര്‍ 30ന് തേക്കടി തടാകത്തിലെ മണക്കവലയില്‍ കെ ടി ഡി സിയുടെ ജലകന്യക ബോട്ട് മുങ്ങി 45 വിനോദ സഞ്ചാരികള്‍ മരിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് മൈതീന്‍ കുഞ്ഞ് കമ്മീഷന്‍ 2011 ആഗസ്ത് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളള ബോട്ട ്‌ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ്, വനം വകുപ്പ് വാച്ചര്‍ പ്രകാശ്, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം മാത്യൂസ്, ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പ്‌സിലെ സീനിയര്‍ സര്‍വേയര്‍ കെ കെ സഞ്ജീവ്്, ബോട്ട് നിര്‍മിച്ച വിഘ്‌നേശ്വരാ മറൈന്‍ എന്‍ജിനീയറിംഗ് കമ്പനി ഉടമ എന്‍ എ ഗിരി, കെ ടി ഡി സി ഉദ്യോഗസ്ഥന്‍ മനോജ് മാത്യു, ബോട്ട് ഡിസൈനര്‍ ഡോ.അനന്തസുബ്രഹ്മണ്യം, ബോട്ട് സൂപ്പര്‍വൈസര്‍ തേവന്‍, ടൂറിസം വകുപ്പ് മുന്‍ എം ഡി. കെ ജി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്‍ എന്നിവര്‍ അപകടത്തിന് കാരണക്കാരായതായി ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഡോ.അനന്തസുബ്രഹ്മണ്യം, തേവന്‍, കെ ജി മോഹന്‍ലാല്‍, ശിവശങ്കരന്‍ എന്നിവരെ ഒഴിവാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായാണ് ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പീരുമേട് ഫസ്റ്റ്ക്ലാസ്് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സമര്‍പ്പിച്ച 5515 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു.