കെ സി അബു ജയിലിനുള്ളില്‍ കടന്നതും വിവാദത്തില്‍

Posted on: December 4, 2013 12:10 am | Last updated: December 4, 2013 at 12:10 am

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വിവാദവുമായി ബന്ധപ്പെട്ട് ജയിലില്‍ സന്ദര്‍ശനം നടത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം ഡി സി സി പ്രസിഡന്റ് കെ സി അബു ജയിലിനുള്ളില്‍ കടന്നത് വിവാദമായി.
മന്ത്രിക്കും എം പി. എം കെ രാഘവനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കെ സി അബു ജയിലിനുള്ളില്‍ കടന്നത്. ജയില്‍ ചട്ട ലംഘനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കാനെത്തിയ മന്ത്രിയുടെ സന്ദര്‍ശനവും മറ്റൊരു ചട്ടലംഘനമായി മാറിയെന്നാണ് ആക്ഷേപം.
മന്ത്രിയെ അനുഗമിച്ച മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു നിന്നപ്പോഴാണ് അബു മന്ത്രിക്കൊപ്പം ജയിലിനകത്ത് പ്രവേശിച്ചത്. വിവാദമായ സാഹചര്യത്തില്‍ അബു പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. കാര്യം പിടികിട്ടിയത്‌കൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങിയതെന്ന് മന്ത്രി പിന്നീട് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാവുന്ന ഘട്ടം വരെ മാത്രമേ പോയിട്ടുള്ളൂവെന്നും ഇത് രാഷ്ട്രീയ വിവാദമാക്കരുതെന്നും കെ സി അബു പ്രതികരിച്ചു.