ലോക സമ്പന്നരുടെ പട്ടികയില്‍ നിന്ന് സോണിയയെ ഒഴിവാക്കി

Posted on: December 4, 2013 12:36 am | Last updated: December 3, 2013 at 11:41 pm

sonia tearsവാഷിംഗ്ടണ്‍: പ്രമുഖ ലോകനേതാക്കളുടെ സ്വത്തുവിവര പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തി ഒരു ദിവസത്തിനുള്ളില്‍ യു എസ് വെബ്‌സൈറ്റായ ഹഫിംഗ്ടണ്‍ പോസ്റ്റ് ഒഴിവാക്കി.
12,000 കോടി രൂപയുടെ സ്വത്തുമായി പന്ത്രണ്ടാം സ്ഥാനത്തായിരുന്നു സോണിയ. എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയായാണ് സോണിയാ ഗാന്ധിയെ വെബ്‌സൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സോണിയാ ഗാന്ധി, ഖത്തര്‍ മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ് അല്‍ത്താനി എന്നിവരുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി വെബ്‌സൈറ്റിന്റെ എഡിറ്റര്‍ അറിയിച്ചു. സോണിയയുടെ സ്വത്ത് സംബന്ധിച്ച് കണക്കുകള്‍ വേണ്ടവിധം പരിശോധിക്കാതെ വന്നതിനാലാണ് പേര് നീക്കം ചെയ്യുന്നത്. ഇതു കാരണം ആര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നതായും വെബ്‌സൈറ്റ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
സോണിയാ ഗാന്ധിയുടെ സ്വത്ത് സംബന്ധിച്ച കണക്ക് സൈറ്റില്‍ വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയില്‍ അതിനെ വിമര്‍ശിച്ചിരുന്നു. തികച്ചും അസംബന്ധം എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
12,000 കോടി രൂപയാണ് സ്വത്തെന്ന് സൈറ്റ് പറയുന്നുണ്ടെങ്കിലും ആ തുകയില്‍ എത്തിച്ചേര്‍ന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചിരുന്നില്ല.
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനേക്കാള്‍ സ്വത്താണ് സോണിയക്കുള്ളതെന്നായിരുന്നു സൈറ്റ് വെളിപ്പെടുത്തിയിരുന്നത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 2009ല്‍ സോണിയാഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1.38 കോടി രൂപയുടെ സ്വത്തുള്ളതായാണ് വെളിപ്പെടുത്തിയിരുന്നത്.
ഇറ്റലിയില്‍ 18.02 ലക്ഷം രൂപയുടെ സ്വത്തുക്കളും ഉണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. 20 ലക്ഷത്തിന്റെ മ്യൂച്ചല്‍ ഫണ്ടും 12 ലക്ഷം രൂപയുടെ റിസര്‍വ് ബേങ്ക് ബോണ്ടുകളും ഉണ്ടെന്നാണ് സത്യവാങ്മൂലം. 2008-2009 വര്‍ഷത്തില്‍ 5.58 ലക്ഷം രൂപയാണ് അവര്‍ നികുതിയടച്ചത്.