നിയന്ത്രിക്കാനാകാത്ത ഔഷധ വില

Posted on: December 3, 2013 6:00 am | Last updated: December 3, 2013 at 12:35 am

SIRAJ.......ചികിത്സാ ഭാരം കൊണ്ട് പ്രയാസപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വസമെന്ന നിലയില്‍ നടപ്പാക്കിയ മരുന്നുവില നിയന്തരണം പ്രഹസനമായിരിക്കയാണ്. 80 ശതമാനം മരുന്നുകളും നിയന്ത്രണത്തിന് പുറത്തായതും ഔഷധ നയത്തിലെ അപാകങ്ങളുമാണ് വിലനിയന്ത്രണം ജനങ്ങള്‍ക്ക് ഗുണകരമല്ലാതാക്കിത്തീര്‍ത്തത്.
ഈ വര്‍ഷം മെയിലാണ് അവശ്യ ഔഷധ ലിസ്റ്റിലുള്ള 328 ഇനം മരുന്നുകളുടെ വില കുറക്കാനുള്ള തീരുമാനം ദേശീയ മരുന്നു വിലനിയന്ത്രണ അതോറിട്ടി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ജൂണ്‍ 14ന് 151 മരുന്നുകളുടെ വില കുറക്കാന്‍ മരുന്നു കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഔഷധങ്ങളുടെ ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമെടുത്ത് വില നിശ്ചയിക്കുക എന്ന നേരത്തെയുണ്ടായിരുന്ന നയത്തിന് പകരം കമ്പോളാടിസ്ഥാനത്തിലുള്ള വില നിയന്ത്രണമാണ് പുതിയ ഔഷധ നയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. വില നിയന്ത്രിക്കാന്‍ തീരുമാനിക്കുന്ന മരുന്നുകളില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ചു ആ വിലക്കോ അതില്‍ താഴ്ന്ന വിലക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ അനുവദിക്കാനാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഡോക്ടര്‍മാരെയും വ്യാപാരികളേയും സ്വാധീനിക്കുന്നതിനുള്ള വിപുലമായ മാര്‍ക്കറ്റിംഗ് സംവിധാങ്ങളുള്ള കുത്തക കമ്പനികളുടെ ഔഷധങ്ങളാണ് വിപണിയില്‍ കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടാകുക. മാര്‍ക്കറ്റ് വില എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന ഈ മരുന്നുകളുടെ ശരാശരി വില മാനദണ്ഡമാക്കിയാല്‍ ഔഷധ വിലയില്‍ പ്രകടമായ മാറ്റം അനുഭവപ്പെടില്ല.
ഏകമാത്ര ഔഷധങ്ങളെ മാത്രമാണ് വില നിയന്ത്രണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഔഷധചേരുവകളുടെ രൂപത്തില്‍ നിര്‍മിച്ചു വില കൂട്ടി വിപണനം നടത്താന്‍ കമ്പനികള്‍ക്കിത് അവസരമൊരുക്കുന്നു. ഇതിനകം തന്നെ വിലനിയന്ത്രണപ്പട്ടികയില്‍പ്പെട്ട പല മരുന്നുകളിലെയും ചേരുവകളില്‍ ചെറിയ മാറ്റം വരുത്തി പുതിയ ഉത്പന്നമെന്ന മട്ടില്‍ വില കൂട്ടി കമ്പനികള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പനയും വ്യാപകമാണ്. ഇതിനിടെ കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത ധാരാളം മരുന്നുകള്‍ കണ്ടെത്തുകയുണ്ടായി. അഞ്ച് വര്‍ഷം വരെ പഴക്കമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ കെട്ടിക്കിടക്കുന്നതായും കണ്ടു. നിശ്ചിത ഊഷ്മാവില്‍ സൂക്ഷിക്കേണ്ട മരുന്നുകളില്‍ പലതിന്റെയും ഗൂണനിലവാരം ഇതുമുലം നഷ്ടമാകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ പോലും ഗുണനിലവാരമില്ലാത്തവ ധാരാളമുണ്ട്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെയും ലബോറട്ടറി ജീവനക്കാരുടെയും അപര്യാപ്തത മുലം മരുന്നുകളുടെ സാമ്പിള്‍ ശേഖരണവും ഗുണനിലവാര പരിശോധനയും യഥാസമയം വേണ്ട രീതിയില്‍ നടത്താന്‍ സാധിക്കാത്തതാണ് കാരണമായി പറയുന്നതെങ്കിലും പലപ്പോഴും ബന്ധപ്പെട്ടവര്‍ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലാണെന്നും മരുന്ന് വ്യാപാര സംഘടനയായ ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ടി എന്‍ പ്രതാപന്‍ അധ്യക്ഷനായ നിയമസഭാസമിതി കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്തെ മരുന്ന് വിപണന രംഗം മാഫിയകളുടെ പിടിയിലാണെന്ന് വിലയിരത്തിയ സമിതി ബോധപൂര്‍വം മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം കുറക്കുന്നതിനുമുള്ള ശ്രമം നടക്കുന്നതായും ചൂണ്ടിക്കാട്ടുകയുണ്ടായി.
വിപഌവകരമായ ഒരു പദ്ധതിയെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഔഷധ നയം പ്രഖ്യാപിച്ചത്. എന്നാല്‍ പൊതുജനത്തിന്റെ താത്പര്യത്തേക്കാള്‍ മരുന്ന് കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് ഇതിലെ വ്യവസ്ഥകളില്‍ പലതും. കമ്പോളവില അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കുന്നതിനു പകരം ഉത്പാദന വിലക്ക് ആനുപാതികമായി വില്‍പ്പന വില നിശ്ചയിച്ചെങ്കിലേ വില നിയന്ത്രണം ഫലവത്താകൂ. അമിത വിലക്ക് വില്‍ക്കുന്ന ഔഷധങ്ങളുടെ വില കുറക്കാന്‍ പേറ്റന്റ് എടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ വിലക്ക് ഔഷധം വിപണനം ചെയ്യാന്‍ തയ്യാറുള്ള മറ്റു കമ്പനികള്‍ക്ക് ഉത്പാദനം നടത്താന്‍ അനുമതി നല്‍കാവുന്നതുമാണ്. അവശ്യമരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളുള്ള പൊതുമേഖലാ ഔഷധകമ്പനികളുടെ ഉല്‍പാദനശേഷി പരമാവധി ഉപയോഗപ്പെടുത്തുകയും വേണം. ഇത്തരം നടപടികളിലൂടെ ന്യായ വിലക്ക് ഔഷധങ്ങളും ചികിത്സാസംവിധാനങ്ങളും പൗരന്‍മാര്‍ക്ക് ലഭ്യമാക്കേണ്ട ചുമതല സര്‍ക്കാറിനുണ്ട്.

ALSO READ  അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ താക്കീതാകണം