അമിതാധികാരങ്ങളുടെ മണിപ്പൂര്‍ പാഠങ്ങള്‍

Posted on: December 3, 2013 6:00 am | Last updated: December 3, 2013 at 12:33 am

thumb-1252513273future-crime-gunമണിപ്പൂരില്‍ സായുധ സേനക്കുള്ള പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകവെ, നിയമം ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചരിക്കയാണ് സര്‍ക്കാര്‍. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സായുധ സൈനികര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) കഴിഞ്ഞ ഇരുപത് വര്‍ഷമായി സംസ്ഥാനത്ത് നിലവിലുണ്ട്. വര്‍ഷാവര്‍ഷം ഇത് ദീര്‍ഘിപ്പിക്കുകയാണ് പതിവ്. ഈ നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈന്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നത്. തീവ്രവാദികളെ നേരിടാനെന്ന വ്യാജേന നിരപരാധികളെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. സൈനികരുട ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളും ഇവിടെ നിരവധിയാണ്. മാതാപിതാക്കളുടെയും മക്കളുടെയും സഹോദരന്മാരുടെയും മുന്നിലിട്ട് സ്തീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് അവിടെ ക്രൂരവിനോദമാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തി തോക്കിനിരയാക്കുന്നു.
തീവ്രവാദ, വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലുകളെന്ന വ്യാജേനയാണ് െൈസെന്യം ഇവിടെ നിരപരാധികള്‍ക്കു നേരെ നിറയൊഴിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി) ഈയിടെ നടത്തിയ പഠനത്തില്‍ ഈ ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഇരകളായവരുടെ പരാതിപ്രകാരം 44 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ 20 എണ്ണവും വ്യാജമാണെന്ന് കമ്മീഷന്‍ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അവശേഷിച്ച കേസുകളുടെ അന്വേഷണം നടന്നുവരികയാണ്. ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ തന്നെ ‘അഫ്‌സ്പ’ നല്‍കുന്ന പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ യാതൊരു ശിക്ഷാ നടപടിയും ഉണ്ടാകില്ലെന്ന ധൈര്യമാണ് സൈന്യത്തിനും പോലീസിനെ ഇത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും കമ്മീഷന്‍ നിരീക്ഷിക്കുകയുണ്ടായി.
ഇതിന് മുമ്പ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ അന്വേഷിച്ച സന്തോഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകളും സമാനമായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ നടന്ന 1,500 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് സന്തോഷ് ഹെഗ്‌ഡെ സമിതിയെ സുപ്രീം കോടതി അന്വേഷണത്തിന് നിയോഗിച്ചത്. ആദ്യ ഘട്ടമായി ആറ് ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ ആറ് സംഭവങ്ങളും വ്യാജമാണെന്നാണ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിലുള്ളത്. സമിതിയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനാ ദേശായി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രതികരിച്ചത്. സ്വന്തം ഭാഗം ന്യായീകരിക്കാതെ വ്യാജ ഏറ്റുമുട്ടലുകള്‍ തടയാന്‍ നടപടി സ്വീകരിക്കുകയാണ് ഭരണകൂടം വേണ്ടതെന്നും മുന്നറിയിപ്പ് നല്‍കിയ കോടതി, വ്യാജ ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുകയാണെങ്കില്‍ തങ്ങള്‍ ന്യായാധിപ സ്ഥാനത്ത് തുടരുന്നത് അര്‍ഥശൂന്യമായി തോന്നുന്നുവെന്ന് വരെ പറയുകയുണ്ടായി.
രാജ്യത്തിന്റെ സമാധാനത്തിനും നിലനിപ്പിനും ഭീഷണി സൃഷ്ടിക്കന്ന വിഘടന, തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനായി 1958ലാണ് ഇന്ത്യന്‍ പാര്‍ലിമെന്റ്‌സായുധസേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ)പാസാക്കിയത്. തുടക്കത്തില്‍ അസം, മണിപ്പൂര്‍ തുടങ്ങി വിഘടനവാദത്താല്‍ സംഘര്‍ഷഭരിതമായ വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തുടര്‍ന്ന് കാശ്മീരിലും നടപ്പാക്കിയ ഈ നിയമം 1 942 ല്‍ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ഓര്‍ഡിനന്‍സിന്റെ തനിപ്പകര്‍പ്പാണ്. സംശയത്തിന്റെ നിഴലിലാകുന്ന ആളുകളെ വിചാരണ കൂടാതെ കൊല ചെയ്യാന്‍ പോലും നിയമം സൈന്യത്തിന് അനുവാദം നല്‍കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വൈദേശിക ഭരണകൂടം കൊണ്ടുവന്ന കാടന്‍ നിയമം സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന വിരോധാഭാസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും രൂക്ഷമായ എതിര്‍പ്പിന് വിധേയമായിട്ടുണ്ട്. നിയമം സൈന്യത്തിന് നല്‍കുന്ന അമിതാധികാരം സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയും അരക്ഷിത ബോധവും വര്‍ധിപ്പിക്കുകയും ജനങ്ങള്‍ കൂടുതലായി തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുകയും ചെയ്യുന്നതായാണ് അനുഭവം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. വളരെ ശക്തവും അപകടകരവുമായ അധികാരങ്ങള്‍ സൈന്യത്തിന് നല്‍കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നിരിക്കെ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് പര്യാപ്തമായ സംവിധാനങ്ങളൊന്നും തന്നെ മണിപ്പൂരിലില്ലെന്ന് ഹെഗ്‌ഡെ സമിതി ചൂണ്ടിക്കാണിച്ചിരുന്നു.
അമിതാധികാരത്തില്‍ മത്തുപിടിച്ച് നിരപരാധികളെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന സായുധ സേനക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും മണപ്പൂര്‍ ജനത ആകെത്തന്നെയും പ്രതിഷേധത്തിലാണ്. സൈന്യത്തിന് നല്‍കുന്ന പ്രത്യേകാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈറോം ഷര്‍മിള എന്ന യുവതി തുടങ്ങിയ നിരാഹാര സമരം പന്ത്രണ്ട് വര്‍ഷം പിന്നിട്ടു. 2000 നവംബര്‍ 2ന് മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് സമീപമുള്ള മാലോം ഗാമത്തില്‍ ബസ് കാത്തുനിന്ന ഗ്രാമീണര്‍ക്കുനേരെ അസം റൈഫിള്‍സ് ഭടന്മാര്‍ നടത്തിയ അകാരണമായ വെടിവെപ്പാണ് അവരെ സമരത്തിലേക്ക് നയിച്ചത്. വെടിവെപ്പില്‍ ഒരു ഗര്‍ഭിണിയും വൃദ്ധരും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പുലര്‍ച്ചെ അസം റൈഫിള്‍സിന്റെ പട്രോളിംഗ് വാഹനത്തിന് തീവ്രവാദികള്‍ ബോംബ് വെച്ചതിനുള്ള അരിശം തീര്‍ക്കലായിരുന്നുവത്രേ, തീവ്രവാദമെന്തെന്നറിയാത്ത നിരപരാധികള്‍ക്ക് നേരെയുള്ള സൈന്യത്തിന്റെ ഈ ക്രൂരത.
പ്രത്യേക അധികാര നിയമത്തിന്റെ പേരില്‍ സന്യം മുമ്പും നിരപരാധികളെ വേട്ടയാടിയിട്ടുണ്ടെങ്കിലും ദാരുണമായ ഈ സംഭവം ഗ്രാമത്തിലെ ജനങ്ങളെ വല്ലാതെ ഉലച്ചു. കുറ്റക്കാരായ സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നു. ന്യായമായ ഈ ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയും സൈനികരെ ന്യായീകരിക്കുകയും ചെയ്തപ്പോള്‍ സംസഥാനത്തെ ജനാധിപത്യ അവകാശങ്ങളുടെ പുനഃസ്ഥാപനത്തിന് വേണ്ടി 2000 നവംബര്‍ നാലിനാണ് ഇറോം ഷര്‍മിള സമരം തുടങ്ങിയത്. മൂന്നാം ദിവസം ആത്മഹത്യാശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഇന്നുവരെ പോലീസ് കസ്റ്റഡിയിലാണ്.
എ കെ ആന്റണി പ്രതിരോധ മന്ത്രിയായി അധികാരമേറ്റപ്പോള്‍ ഇറോം ഷര്‍മിളയുടെയും മണിപ്പൂര്‍, കാശ്മീര്‍ ജനതകളുടെയും ദശാബ്ദങ്ങളായുള്ള മുറവിളിക്ക് പരിഹാരമുണ്ടാകുെമന്ന് പ്ര തീക്ഷക്കപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ആന്റണിയിലെ മനുഷ്യസ്‌നേഹിയും ഇപ്പോള്‍ മാളത്തിലാണ്. ഒരു ഭാഗത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ചു വാചാലരാകുമ്പോള്‍ മറുഭാഗത്ത് മനുഷ്യാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കുകുന്ന ഇരട്ടത്താപ്പാണ് മണിപ്പൂരിലും കാശ്മീരിലും മറ്റും സൈന്യത്തിന് പ്രത്യേകാധികാര നിയമം നല്‍കുന്ന അധികൃതരുടെ നിലപാടിലൂടെ അനാവൃതമാകുന്നത്. ഭരണകൂട ഭീകരതയുടെ ഒന്നാം തരം ഉദാരമാണ്.

ALSO READ  റെഡ്യാവലും കൊയപ്പാവലും പിന്നെ പാഴായിപ്പോയ ഒരു കുത്തിത്തിരിപ്പും